Latest News

മഴക്കെടുതി; നാശനഷ്ടക്കണക്ക് മൂന്നുദിവസത്തിനകം നല്‍കണം

മഴക്കെടുതി; നാശനഷ്ടക്കണക്ക് മൂന്നുദിവസത്തിനകം നല്‍കണം
X

കോട്ടയം: മഴക്കെടുതിയില്‍ വീടുകളുടെ നാശനഷ്ടമടക്കം തിട്ടപ്പെടുത്തി വിശദമായ റിപോര്‍ട്ട് ഒക്‌ടോബര്‍ 26നകം നല്‍കാന്‍ താലൂക്കിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും മറ്റു പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റില്‍ ചേര്‍ന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരോ വില്ലേജിലും സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് പൂര്‍ണവും വ്യക്തവുമായ വിവരങ്ങള്‍ ശേഖരിക്കണം. കൃത്യതയാര്‍ന്ന കണക്ക് നല്‍കണം. താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച് തഹസില്‍ദാര്‍മാര്‍ വിശദവിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കണം. ഓരോ സ്ഥലങ്ങളിലും കണക്കെടുപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ വിവരം സൂക്ഷിക്കണം. ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട രേഖകള്‍ നിയമാനുസൃതമായി വേഗത്തില്‍ ലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്നും ആളുകള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂട്ടിക്കലടക്കം വ്യാപക നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലെ നഷ്ടം തിട്ടപ്പെടുത്താന്‍ മഴക്കെടുതി ബാധിക്കാത്ത മേഖലകളിലെ ജീവനക്കാരെ നിയോഗിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ക്യാമ്പുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ പൂര്‍ണചുമതല തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കാണെന്നും ചുമതലപ്പെട്ട ക്യാമ്പ് ഓഫീസര്‍മാര്‍ മുഖേനയേ ക്യാമ്പുകളില്‍ മറ്റു സാധനങ്ങള്‍ വിതരണം ചെയ്യാവൂവെന്നും സഹകരണരജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. വിവിധ താലൂക്കുകളില്‍ സംഭവിച്ചിട്ടുള്ള നാശനഷ്ടത്തിന്റെ പ്രാഥമിക കണക്ക് തഹസില്‍ദാര്‍മാര്‍ വിശദീകരിച്ചു.

സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം.എല്‍.എ., ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം. ജിനു പുന്നൂസ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it