Latest News

കേരള സര്‍ക്കാര്‍ പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

കേരള സര്‍ക്കാര്‍ പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി
X

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ മുഴുവന്‍ പവിത്രതയും തകര്‍ത്ത് മാത്രമേ തങ്ങള്‍ ഇറങ്ങിപോകൂ എന്ന് ദൃഢപ്രതിജ്ഞ ചെയ്തത് പോലെയാണ് അധികാരികളുടെ സമീപകാല ചെയ്തികളില്‍ നിന്ന് മനസ്സിലാകുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി.

ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടന സ്ഥാപനങ്ങളെ വിമര്‍ശിക്കാനുള്ള സ്വതന്ത്ര്യമുണ്ട്. എന്നാല്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള ഒഴിവുകള്‍ പിഎസ്‌സി പൂഴ്ത്തിവെക്കുന്നുവെന്നു പ്രസ്താവനയിറക്കിയ ഉദ്യോഗാര്‍ത്ഥികളെ മേലില്‍ പിഎസ്‌സിയുടെ പരീക്ഷകളില്‍ നിന്ന് വിലക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നുപോലും പിഎസ്‌സി അധികൃതര്‍ പ്രസ്താവന ഇറക്കിയിരിക്കുകയാണ്. പരാതിക്കാരോട് വിശദീകരണം ചോദിക്കുകയോ അതല്ലെങ്കില്‍ പ്രചാരണം നടത്തിയവര്‍ക്ക് നേരെ കേസ് കൊടുക്കുകയോ ചെയ്യുന്നത് പോലെയോ അല്ല ഇത്തരം ഭീഷണി. തങ്ങള്‍ക്കുള്ള അധികാരം എന്താണെന്നും അതെങ്ങനെ പ്രയോഗിക്കണമെന്നും സാമാന്യ വിവരം ഇല്ലാത്തവര്‍ ഇത്തരം സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്നത് രാജ്യത്തിന് തന്നെ യഥാര്‍ത്ഥത്തില്‍ ലജ്ജാകരമാണ്.

ജനാധിപത്യ സംവിധാനത്തില്‍ പൗരനുള്ള സ്വാതന്ത്ര്യത്തെ വിലമതിക്കാത്ത ഭരണഘടനാ സ്ഥാപനങ്ങള്‍ അത് തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് മാത്രം സൗകര്യം ചെയ്ത് കൊടുക്കുന്ന സ്ഥാപനമാക്കി മാറ്റാനുള്ള കുബുദ്ധിയെ ശക്തമായി ചെറുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ തന്നെ ഉദ്യോഗത്തിന് അര്‍ഹതയുണ്ടായിട്ടും ജോലിക്ക് വേണ്ടി വേഴാമ്പലുകളെ പോലെ കാത്തുനില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ അവസരങ്ങള്‍ നിഷേധിച്ച് പുറംവാതില്‍ നിയമനം നടത്തുന്നത് നിത്യസംഭവവും ഇഷ്ടവിനോദവുമായി കാണുന്ന കേരളത്തില്‍ പിഎസ്‌സിയുടെ പ്രസക്തി പോലും ഇല്ലാതാക്കുന്ന ഗൂഢമായ ശ്രമങ്ങള്‍ നടക്കുന്നുവെന്നത് ഓരോ പൗരനേയും ദു:ഖത്തിലാഴ്ത്തുന്ന നടപടിയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ പിഎസ്‌സി മുന്നോട്ട് വന്നിട്ടില്ലെങ്കില്‍ ഈ സ്ഥാപനത്തിന് ജനങ്ങളുടെ ഇടയിലുള്ള വിശ്വാസവും മതിപ്പും പൂര്‍ണാമായും ഇല്ലാതാകുമെന്ന കാര്യം മനസ്സിലാക്കാനുള്ള സാമാന്യ യുക്തി അധികൃതര്‍ക്ക് ഉണ്ടാകണമെന്നും ഇ. ടി പറഞ്ഞു.

Next Story

RELATED STORIES

Share it