Latest News

കര്‍ണാടകയിലെ ഹിജാബ് നിരോധനം; അലിഗഢ് സര്‍വകലാശാലയിലെ പ്രതിഷേധം ഇന്ന്

കര്‍ണാടകയിലെ ഹിജാബ് നിരോധനം; അലിഗഢ് സര്‍വകലാശാലയിലെ പ്രതിഷേധം ഇന്ന്
X

അലിഗഢ്; കര്‍ണാടകയിലെ വിവിധ സ്‌കൂളുകളില്‍ ഹിജാബിന് അനുമതി നിഷേധിച്ചതിനെതിരേയുടെ അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഇന്ന് നടക്കും. ബുധനാഴ്ചയാണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും സര്‍വകലാശാല അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. യുപിയില്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. തുടര്‍ന്നാണ് ഇന്ന് പ്രതിഷേധിച്ചാന്‍ തീരുമാനിച്ചത്.

കര്‍ണാടകയില്‍ ഹിജാബ് (ശിരോവസ്ത്രം) ധരിച്ചതിന്റെ പേരില്‍ കോളേജ് പരിസരത്ത് പ്രവേശനം നിഷേധിച്ച പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ച് നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ രേഖാമൂലം അനുമതി തേടിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍, മാര്‍ച്ചിന് അനുമതി നിഷേധിച്ചു. വ്യാഴാഴ്ചയാണ് അലിഗഢില്‍ വോട്ടെടുപ്പ് നടക്കുന്നത്- സര്‍വകലാശാലയിലെ പ്രോക്റ്ററായ മുഹമ്മദ് വാസിം അലി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് ഇത്തരമൊരു പ്രതിഷേധ മാര്‍ച്ച് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നു. പ്രതിഷേധ മാര്‍ച്ച നടക്കുന്നതായുള്ള സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനാല്‍, ബുധനാഴ്ച എഎംയു കാമ്പസിലെ ഡക്ക് പോയിന്റില്‍ ചില വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. പക്ഷേ, പിന്നീട് അവരും പിരിഞ്ഞുപോയി- അദ്ദേഹം പറഞ്ഞു.

'കര്‍ണ്ണാടക ഹിജാബ് വിവാദത്തിനെതിരെ എഎംയുവില്‍ തീരുമാനിച്ച പ്രതിഷേധ മാര്‍ച്ചിന് സര്‍വകലാശാല അനുമതി നിഷേധിച്ചിട്ടില്ല, വ്യാഴാഴ്ച അലിഗഢില്‍ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ അത് നീട്ടിവയ്ക്കുക മാത്രമാണ് ചെയ്തതെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it