Latest News

സംസ്ഥാന പോലിസിന്റെ പ്രകടനം അതിദയനീയമെന്ന ആഭ്യന്തര വകുപ്പ് റിപോര്‍ട്ട് അതീവ ഗൗരവതരം: എസ്ഡിപിഐ

സംസ്ഥാന പോലിസിന്റെ പ്രകടനം അതിദയനീയമെന്ന ആഭ്യന്തര വകുപ്പ് റിപോര്‍ട്ട് അതീവ ഗൗരവതരം: എസ്ഡിപിഐ
X

തിരുവനന്തപുരം: സംസ്ഥാന പോലിസിന്റെ പ്രകടനം അതിദയനീയമാണെന്ന ആഭ്യന്തരവകുപ്പ് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ട് അതീവ ഗൗരവമുള്ളതാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍. റിപോര്‍ട്ട് ശരിവെക്കുന്ന വാര്‍ത്തകളാണ് അനുദിനം സംസ്ഥാനത്ത് പുറത്തുവരുന്നത്.

കോട്ടയത്ത് നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം പോലിസ് സ്‌റ്റേഷനുമുമ്പില്‍ കൊണ്ടുവെച്ച സംഭവം കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. മകനെ കാണാനില്ലെന്നു കാണിച്ച് യുവാവിന്റെ മാതാവ് പോലിസ് സ്‌റ്റേഷനില്‍ രാത്രി നല്‍കിയ പരാതി ഗൗരവത്തിലെടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ, ഈ അരുംകൊല തടയാമായിരുന്നു. ബൈക്കിലെത്തിയ യുവാക്കള്‍ ഇന്ന് തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര ആര്യന്‍കോട് പോലിസ് സ്‌റ്റേഷനിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും അതിക്രമങ്ങളും ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. സംസ്ഥാന പോലിസിന് നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും രഹസ്യാന്വേഷണ പോലിസിന്റെ മുന്നറിയിപ്പുകള്‍ പോലും അവഗണിക്കുകയാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ റിപോര്‍ട്ട് പറയുന്നത്.

പ്രവര്‍ത്തനം മോശമാക്കി ബെടക്കാക്കി തനിക്കാക്കാം എന്ന അജണ്ട വളരെ ആസൂത്രിതമായി നടപ്പാക്കുന്ന അദൃശ്യ കേന്ദ്രത്തിന്റെ പിടിയിലാണ് കേരളാ പോലിസ് എന്ന സംശയം നാള്‍ക്കുനാള്‍ ബലപ്പെടുകയാണ്. ഭരണകക്ഷിയായ സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളിലുള്‍പ്പെടെ ആഭ്യന്തര വകുപ്പിനെതിരേയും പോലിസിനെതിരേയും കടുത്ത വിമര്‍ശനങ്ങളുണ്ടായിട്ടും തിരുത്താന്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ കഴിയുന്നില്ല. പൗരസമൂഹത്തിന് സുരക്ഷയൊരുക്കേണ്ട പോലിസ് ഇന്ന് സുരക്ഷാ ഭീഷണിയായി മാറിയിരിക്കുകയാണെന്നും സലാഹുദ്ദീന്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it