Latest News

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍
X
കേപ്ടൗണ്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. ആവേശകരമായ സെമിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് 244 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി. മറുപടി ബാറ്റിംഗില്‍ 48.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു. 76 റണ്‍സെടുത്ത ഓപ്പണര്‍ ല്വാന്‍-ഡ്രേ പ്രിടോറ്യൂസ്, 64 റണ്‍സെടുത്ത റിച്ചാര്‍ഡ് സെലറ്റ്സ്വാനെ എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. ഒലിവര്‍ വൈറ്റ്‌ഹെഡ് 22, ക്യാപ്റ്റന്‍ യുവാന്‍ ജെയിംസ് 24 എന്നിങ്ങനെയും സ്‌കോര്‍ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി പേസര്‍ രാജ് ലിംബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യ അപ്രതീക്ഷിത ബാറ്റിംഗ് തകര്‍ച്ചയാണ് നേരിട്ടത്. 34 റണ്‍സിനിടെ നാല് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഡഗ്ഔട്ടില്‍ മടങ്ങിയെത്തി. അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഉദയ് സഹാരാണിനൊപ്പം സച്ചിന്‍ ദാസ് ഒന്നിച്ചതോടെയാണ് ഇന്ത്യ കരകയറിയത്. 96 റണ്‍സുമായി സച്ചിന്‍ പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 203ല്‍ എത്തിയിരുന്നു.

അഞ്ചാം വിക്കറ്റില്‍ സച്ചിന്‍-ഉദയ് സഖ്യം 169 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് വന്നവരാരും വിജയലക്ഷ്യത്തിലേക്ക് സ്‌കോര്‍ ചെയ്തില്ല. പക്ഷേ വിജയം സ്വന്തമാക്കുകയെന്ന ഉത്തരവാദിത്തം നായകന്‍ ഉദയ് സഹാരണ്‍ മറന്നില്ല. 81 റണ്‍സുമായി സഹാരണ്‍ പുറത്താകുമ്പോള്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ ഒരു റണ്‍സ് മാത്രം മതിയായിരുന്നു. ക്യാപ്റ്റന്‍ പുറത്തായതിന് തൊട്ടടുത്ത പിന്തില്‍ ഫോര്‍ അടിച്ച് രാജ് ലിംബാനി ഇന്ത്യയെ വിജയിപ്പിച്ചു.


Next Story

RELATED STORIES

Share it