Latest News

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പാര്‍ശ്വവല്‍കൃതര്‍ക്ക് അന്യം; നിയമവ്യവസ്ഥയുടെ വിവേചനം വെളിപ്പെടുത്തി ജസ്റ്റിസ് മുരളീധര്‍

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പാര്‍ശ്വവല്‍കൃതര്‍ക്ക് അന്യം; നിയമവ്യവസ്ഥയുടെ വിവേചനം വെളിപ്പെടുത്തി ജസ്റ്റിസ് മുരളീധര്‍
X

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പാവങ്ങളോടും പാര്‍ശ്വവല്‍കൃതരോടും നീതി പുലര്‍ത്തുന്നില്ലെന്നും പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ്. മുരളീധര്‍. ചരിത്രപരമായി അനീതിയ്ക്കിരയായ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പാര്‍ശ്വവല്‍കൃതര്‍ക്ക് ഇപ്പോഴും നീതിന്യായവ്യവസ്ഥ അപ്രാപ്യമാണെന്നും അദ്ദേഹം നീരക്ഷിച്ചു. അംബേദ്കര്‍ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ ഇന്ത്യന്‍ കോടതികളില്‍ പാര്‍ശ്വവല്‍കൃതരെ പ്രതിനിധീകരിക്കുന്നതിലുള്ള പ്രതിസന്ധിയെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു അഭിഭാഷകനെന്ന നിലയിലും ജഡ്ജിയെന്ന നിലയിലും തന്റെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു. പാര്‍ശ്വവല്‍കൃതരെ ഉള്‍ക്കൊള്ളുന്നതില്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ കൂടുതല്‍ വികസിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഒരുപാട് ചെയ്യാനുണ്ട്. അത് ഇപ്പോള്‍ ചെയ്യണം. നമുക്ക് അതിനാവശ്യമായ വിഭവങ്ങളുണ്ട്. ഇച്ഛാശക്തി സ്വരൂപിക്കണം''- ജസ്റ്റിസ് മുരളീധര്‍ പറഞ്ഞു.

കൃത്യമായി പരിശോധിച്ചാല്‍ എല്ലാ മനുഷ്യരും നീതിന്യായ വ്യവസ്ഥയാല്‍ ഒഴിവാക്കപ്പെടുന്നുണ്ട്. അവര്‍ക്കൊക്കെ നിയമത്തിന്റെ സഹായം ആവശ്യമാണ്. കാലാകാലങ്ങളായി നീതിന്യായവ്യവസ്ഥയാല്‍ പുറംതള്ളപ്പെട്ട ദലിത്, ആദിവാസി, പിന്നാക്ക, ഭിന്നലിംഗ, ഭിന്നശേഷി വിഭാഗങ്ങളെ നമ്മുടെ ഭരണഘടന തിരിച്ചറിഞ്ഞിട്ടുണ്ട്. ലൈംഗികതൊഴിലാളികളുടെയും മാനസികാരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുടെയും ഓരോ പ്രവര്‍ത്തിയും കുറ്റകൃത്യമായി മനസ്സിലാക്കുന്നു. ഇന്ത്യയിലെ ഇരുപത് സംസ്ഥാനങ്ങളിലും ഇപ്പോഴും ഭിക്ഷാടനത്തിനെതിരേ നിയമമുണ്ട്. ഡല്‍ഹിയിലും ജമ്മു കശ്മീരിലും മാത്രമേ അത് എടുത്തുകളഞ്ഞിട്ടുള്ളൂ. ദരിദ്രര്‍, വിവിധ തരത്തിലുള്ള അപകടങ്ങളിലൂടെ ജീവിച്ചുപോകുന്നവര്‍ ഇവരൊക്കെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. ദാരിദ്ര്യം സാമ്പത്തികമായ അര്‍ത്ഥത്തില്‍ മാത്രമല്ല, മനസ്സിലാക്കേണ്ടത്. അത് നാം കരുതുന്നപോലെ ലളിതവുമല്ല. ചില തരം കുറ്റവാളികള്‍ക്കുവേണ്ടി ഹാജരാകരുതെന്നമട്ടിലുള്ള ചില പ്രശ്‌നങ്ങളുണ്ട്. ഭീകരവാദം ആരോപിക്കുന്ന പോലുള്ള കേസുകളില്‍. ഇത്തരം നീക്കങ്ങളെ സുപ്രിംകോടതി തന്നെ ചോദ്യം ചെയ്തിട്ടുണ്ട്.

പാര്‍ശ്വവര്‍കൃതര്‍ നീതിന്യായ വ്യവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുകയാണ് ചെയ്യുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് അവരുടെ വരവ് സ്വന്തം താല്‍പ്പര്യപ്രകാരമല്ല. നിയമവും അതിനെക്കുറിച്ചുള്ള സങ്കല്‍പങ്ങളും വളരെയേറെ മായികമായി അവതരിപ്പിക്കപ്പെടുന്നതിനാല്‍ നിയമവ്യവസ്ഥയെ അഭിമുഖീകരിക്കുന്നതുതന്നെ ഇത്തരക്കാര്‍ക്ക് ദുസ്വപ്‌നത്തിന് സമാനമാണ്.

നീതിന്യായവ്യവസ്ഥ ദരിദ്രവിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയിലാണ് അനുഭവപ്പെടുന്നത്. പ്രാദേശിക സമ്മര്‍ദ്ദങ്ങള്‍ എത്ര കുറയുന്നോ അത്രമാത്രം നീതിക്കുള്ള സാധ്യത വര്‍ധിക്കും.

നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

നിയമവ്യവസ്ഥയ്ക്കു പുറത്താണ് സാധാരണക്കാര്‍ അവരുടെ പരാതികള്‍ ആദ്യം അവതരിപ്പിക്കുന്നത്. അവിടെയും പാര്‍ശ്വവല്‍കൃതര്‍ പുറംതള്ളപ്പെടുന്നു. ജാതിമാറിയുള്ള വിവാഹം, ജാതിപീഡനം ഇതൊക്കെ ഇത്തരത്തില്‍ പുറംതള്ളല്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങളാണ്.

പാര്‍ശ്വവല്‍കൃത സമൂഹത്തില്‍നിന്നുവരുന്ന അഭിഭാഷകരും വലിയ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷകരുടെ ഓഫിസുകളില്‍ വലിയ സാമര്‍ത്ഥ്യം ആവശ്യമില്ലാത്ത ജോലികളാണ് അവരെ ഏല്‍പ്പിക്കുന്നത്. മനുഷ്യാവകാശ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍നിന്നുള്ള അഭിഭാഷകര്‍ മാവോവാദികളെന്നോ നക്‌സലൈറ്റുകളെന്നോ ആക്ഷേപിക്കപ്പെടുന്നു.

പാവപ്പെട്ടവരുടെ പല അതിജീവന പ്രവര്‍ത്തനങ്ങളും കുറ്റകരമായാണ് കരുതപ്പെടുന്നത്. പാതയോരങ്ങളില്‍ ജീവിക്കുന്നത്, കയ്യേറുന്നത്, ലൈംഗികതൊഴില്‍, ഭിക്ഷാടനം ഇവയൊക്ക കുറ്റകൃത്യങ്ങളാണ്. ഇതിന് അറുതി വരണം. ഇവയെ കുറ്റവിമുക്തമാക്കി നമുക്കാരംഭിക്കാന്‍ കഴിയണം.

പാര്‍ശ്വവല്‍കൃതരെ കൂടുതലായി നീതിന്യായവ്യവസ്ഥയുടെ ഭാഗമാക്കണം. അത് ലോകോളജ് തൊട്ട് ആരംഭിക്കണം. സമര്‍ത്ഥരായ അഭിഭാഷകര്‍ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍നിന്നുള്ള അഭിഭാഷകരെ വളര്‍ത്തിക്കൊണ്ടുവരാന്‍ സഹായിക്കണം- അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it