Latest News

തൃശൂർ ഹെൽത്ത് ലൈൻ പദ്ധതി കേരളത്തിന്റെ പാരമ്പര്യത്തോളം ഉയർന്ന ആശയമെന്ന് മന്ത്രി കെ രാജൻ

തൃശൂർ ഹെൽത്ത് ലൈൻ പദ്ധതി കേരളത്തിന്റെ പാരമ്പര്യത്തോളം ഉയർന്ന ആശയമെന്ന് മന്ത്രി കെ രാജൻ
X


തൃശൂർ: ജീവിത ശൈലി രോഗ നിയന്ത്രണത്തിന് ജില്ലയ്ക്ക് ഇനി "തൃശൂർ ഹെൽത്ത് ലൈൻ". ജില്ലാ പഞ്ചായത്തിന്റെയും ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) നടപ്പിലാക്കുന്ന സംയുക്ത പദ്ധതിയാണ് തൃശൂർ ഹെൽത്ത് ലൈൻ.

നിലവിൽ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് ജീവിതശൈലി രോഗങ്ങൾ കണ്ടെത്താനുള്ള സ്ക്രീനിംഗ് സംവിധാനം ഉള്ളത്. ഇത് ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലയിലും വിദഗ്ദ്ധരെ ഉൾപ്പെടുത്തിയിട്ടുള്ള മെഡിക്കൽ കമ്പുകൾ, വീടുകളിൽതന്നെ ചെയ്യാവുന്ന പെരിട്ടോണിയൽ ഡയാലിസിസ്, കൂടാതെ വാർഡ് / ഡിവിഷൻ തലത്തിൽ ഒരു സ്ഥിരമായ സ്ക്രീനിംഗ് സംവിധാനം തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുത്തിയാണ് തൃശൂർ ഹെൽത്ത് ലൈന് രൂപം നൽകിയിട്ടുള്ളത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.

കേരളത്തിന്റെ പാരമ്പര്യത്തോളം ഉയർന്ന ആശയമാണ് തൃശൂർ ഹെൽത്ത് ലൈൻ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ, ഭൂപരിഷ്കരണ രംഗങ്ങളിൽ കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് സമാനതകളില്ലാത്ത മാതൃകകളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആ പ്രവർത്തനങ്ങൾക്ക് തിലകക്കുറി ചാർത്തുകയാണ് ആരോഗ്യ വകുപ്പ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളം അവതരിപ്പിച്ച ജനകീയ ആരോഗ്യ നയത്തിലൂടെയാണ് കോവിഡ് എന്ന മഹാമാരിയ്ക്കെതിരെ നമുക്ക് പ്രതിരോധം തീർക്കാനായത്. ആ പോരാട്ടത്തിന് നേതൃത്വം നൽകിയ ആരോഗ്യ വകുപ്പ് ജീവനക്കാരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ജീവിത ശൈലി രോഗങ്ങൾ വിടാതെ പിന്തുടരുന്ന അപകടകരമായ ഒരു കാലത്തേയ്ക്കാണ് കേരളത്തിന്റെ യാത്ര. രോഗത്തെ ചികിത്സിക്കുന്നതിനേക്കാൾ പ്രധാനം അത് നിർണയിക്കുന്നതാണ്. ആ പ്രവർത്തനത്തെ വികേന്ദ്രീകൃതമായ മാതൃകയിൽ ഏറ്റവും താഴെ തലത്തിലേയ്ക്ക് പോകാൻ കഴിയുന്ന പദ്ധതി കൂടിയാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തൃശൂർ ഹെൽത്ത് ലൈൻ പദ്ധതി ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി ജില്ലാ കലക്ട്രേറ്റിലെ ജീവനക്കാർക്കായി ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പും ഇ-ഹെൽത്ത് UHID കാർഡ് വിതരണവും സംഘടിപ്പിച്ചു. ജില്ലയിലുടനീളം ഇത്തരത്തിലുള്ള നിർണ്ണയ ക്യാമ്പുകൾ വാർഡ് / ഡിവിഷൻ തലത്തിൽ സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എവി വല്ലഭൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി ടി വി സുരേന്ദ്രൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ. ടി പി ശ്രീദേവി, തൃശൂർ ഹെൽത്ത് ലൈൻ പദ്ധതി നോഡൽ ഓഫീസർ ഡോ.സതീഷ് കെ എൻ എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it