Latest News

'നിറകേരളം ശില്പ കേരളം': ലളിതകലാ അക്കാദമി ഗ്യാലറിയില്‍ ജില്ലയിലെ 27 കലാകാരന്‍മാരുടെ സൃഷ്ടികള്‍

നിറകേരളം ശില്പ കേരളം: ലളിതകലാ അക്കാദമി ഗ്യാലറിയില്‍ ജില്ലയിലെ 27 കലാകാരന്‍മാരുടെ സൃഷ്ടികള്‍
X

തൃശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ 'നിറകേരളം ശില്പ കേരളം' കലാപ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. ചിത്രകാരന്‍ ടി ജി ജ്യോതിലാല്‍ കലാപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

കൊവിഡ് പ്രതിരോധ കാലത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച കലാക്യാമ്പുകളില്‍ രചിച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ തൃശൂര്‍ ജില്ലയിലെ 27 കലാകാരന്‍മാരുടെ സൃഷ്ടികളുണ്ട്.

കേരളത്തില്‍ 13 കേന്ദ്രങ്ങളിലായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. കോവിഡ് കാലത്ത് ശില്പകലാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെയാണ് ലളിതകലാ അക്കാദമി പ്രദര്‍ശനം സംഘടിപ്പിച്ചത്. അക്കാദമിയുടെ ചിത്രകലാ സംരംഭത്തിന് പിന്തുണയുമായി തൃശൂര്‍ ജില്ലയിലെ കലാകാരന്മാരും അണിനിരന്നു.

കോവിഡ് പ്രതിരോധം, മതേതരത്വം എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് കലാസൃഷ്ടികളില്‍ ഏറെയും. കലാപ്രവര്‍ത്തനത്തിന് വേണ്ട ചെലവുകള്‍ വഹിക്കുന്നത് അക്കാദമിയാണ്. പ്രദര്‍ശനത്തില്‍ വിറ്റുപോകുന്ന കലാസൃഷ്ടിയുടെ പ്രതിഫലം കലാകാരന് സ്വന്തം.

തൃശൂരിന് പുറമെ കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തലശ്ശേരി, മാനന്തവാടി, കോഴിക്കോട്, മലപ്പുറം, മലമ്പുഴ, എറണാകുളം, ആലപ്പുഴ, കോട്ടയം, കായംകുളം, തിരുവനന്തപുരം എന്നീ അക്കാദമി ഗ്യാലറികളിലാണ് പ്രദര്‍ശനം നടക്കുന്നത്. എല്ലാ ഗ്യാലറികളിലും ഒക്ടോബര്‍ 4 മുതല്‍ 13 വരെയും തിരുവനന്തപുരം ഗ്യാലറിയില്‍ രണ്ടാം ഘട്ടം 15 മുതല്‍ 23 വരെയുമാണ് പ്രദര്‍ശനങ്ങള്‍.

കലാകാരന്‍മാരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍തലത്തില്‍ ഒരുക്കിയ ഏറ്റവും വിപുലമായ പദ്ധതിയാണ് ശില്പ കേരളം കലാപ്രദര്‍ശനം എന്ന് ലളിതകലാ അക്കാദമി സെക്രട്ടറി പി വി ബാലന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it