Latest News

നിയമസഭാ കയ്യാങ്കളിയെ ന്യായീകരിക്കുന്നത് വിലപ്പോകില്ല; കേസ് പിന്‍വലിക്കാനുള്ള നീക്കം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതെന്നും വിഎം സുധീരന്‍

ഭരണഘടനയും നിയമസഭാ ചട്ടങ്ങളും നിയമസഭാ സാമാജികര്‍ക്ക് നല്‍കിയ അവകാശങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തുന്നതിനുള്ള സംരക്ഷണമല്ലെന്നും വിഎം സുധീരന്‍

നിയമസഭാ കയ്യാങ്കളിയെ ന്യായീകരിക്കുന്നത് വിലപ്പോകില്ല; കേസ് പിന്‍വലിക്കാനുള്ള നീക്കം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതെന്നും വിഎം സുധീരന്‍
X

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സാമാന്യ ബുദ്ധിക്ക് നിരക്കാത്തെതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. അക്രമത്തില്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാന്‍ പോലും തയ്യാറാകാതെ സാങ്കേതിക വാദങ്ങളുന്നയിച്ച് നിയമസഭാ കയ്യാങ്കളിയെ ന്യായീകരിക്കുന്നത് വിലപ്പോകില്ലെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പ്;

'നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞതാണ്.

ഇപ്രകാരമൊരാവശ്യം സുപ്രീം കോടതിയില്‍ ഉന്നയിക്കുന്നതിന് ആധാരമായി സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദഗതികള്‍ സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. നിരര്‍ത്ഥകവുമാണ്.

എന്ത് സാങ്കേതികത്തം പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചാലും ദൃശ്യ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടതും കേരളത്തിന് എന്നന്നേക്കും നാണക്കേട് വരുത്തിയതുമായ ആ കാഴ്ചകള്‍ ജനമനസ്സില്‍ നിന്നും ആര്‍ക്കും മായ്ച്ചുകളയാനാകില്ല. ഭരണഘടനയും നിയമസഭാ ചട്ടങ്ങളും നിയമസഭാ സാമാജികര്‍ക്ക് നല്‍കിയ അവകാശങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തുന്നതിനുള്ള സംരക്ഷണമല്ല.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് തങ്ങളില്‍ അര്‍പ്പിതമായ ചുമതലകള്‍ നിയമാധിഷ്ഠിതമായി നടത്തുന്നതിനുള്ള പരിരക്ഷയാണ് അത് നല്‍കുന്നത്.

ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും അനൗചിത്യപരവും പൊറുക്കാനാകാത്തതുമായ മഹാപരാധമാണ് അന്ന് അരങ്ങേറിയത്. ഇക്കാര്യത്തില്‍ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാന്‍ പോലും തയ്യാറാകാതെ സാങ്കേതിക വാദങ്ങളുന്നയിച്ച് നിയമസഭാ കയ്യാങ്കളിയെ ന്യായീകരിക്കുന്നത് വിലപ്പോകില്ല'.

Next Story

RELATED STORIES

Share it