Latest News

തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം

ശുചീകരണ തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12-ഓളം വാഹനങ്ങള്‍ നഗരസഭ പിടിച്ചെടുത്തിരുന്നു. ഇത് വിട്ടുകിട്ടണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം

തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം
X

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍. സിപിഎമ്മിന്റെ കൊടികളുമേന്തി പെട്രോള്‍ കുപ്പികളുമായി മരത്തിന് മുകളില്‍ കയറി നിന്നാണ് തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി. ശുചീകരണ തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12-ഓളം വാഹനങ്ങള്‍ നഗരസഭ പിടിച്ചെടുത്തിരുന്നു. ഇത് വിട്ടുകിട്ടണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. കവാടത്തിന് മുകളില്‍ കയറിയ പ്രതിഷേധിച്ച നാല് ശുചീകരണ തൊഴിലാളികളെ അഗ്‌നിശമന സേനയും പോലീസും അനുനയിപ്പിച്ച് താഴെയിറക്കി സ്റ്റേഷനിലേയ്ക്ക് മാറ്റി. നഗരസഭയ്ക്ക് മുന്നില്‍ കുടില്‍കെട്ടി പ്രതിഷേധിച്ചിരുന്ന തൊഴിലാളികള്‍ മുദ്രാവാക്യം വിളികളുമായി അകത്തുകയറിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.

വിളപ്പില്‍ശാല പ്ലാന്റ് പൂട്ടിയപ്പോള്‍ മാലിന്യ സംസ്‌കരണത്തിനായി സന്നദ്ധ സേവകരുടെ അടക്കം സഹായം കോര്‍പ്പറേഷന്‍ തേടിയിരുന്നു. അത്തരത്തില്‍ 320 ഓളം ആളുകള്‍ സ്വയം സന്നദ്ധ പ്രവര്‍ത്തകരായി ജൈവ മാലിന്യശേഖരണം നടത്തിവരികയായിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പും കൂടാതെ ഇവരെ പിരിച്ചുവിട്ടു എന്നാണ് തൊഴിലാളികളുടെ ആരോപണം. തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 16 ദിവസമായി കോര്‍പറേഷന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തിവരികയായിരുന്നു. എന്നാല്‍ കോര്‍പറേഷനില്‍ നിന്ന് അനുകൂല നടപടികള്‍ ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി. ഇവരെ മാറ്റി നിര്‍ത്തി ഹരിത കര്‍മ്മ സേനയേയും മറ്റ് ഏജന്‍സികളേയും ജൈവ മാലിന്യ ശുചീകരണ പ്രവര്‍ത്തി ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ഇത് തങ്ങളുടെ ഉപജീവനമാര്‍ഗം തകിടം മറിക്കുമെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്.

കഴിഞ്ഞ മാസവും ആത്മഹത്യ ഭീഷണിമുഴക്കിക്കൊണ്ട് തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. അന്ന് മരത്തിന് മുകളില്‍ കയറിയാണ് ഇവര്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. നിയമപരമായി ചെയ്യാവുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഉറപ്പു നല്‍കിയതോടെയാണ് അന്ന് ഇവര്‍ സമരം അവസാനിപ്പിച്ചത്.

Next Story

RELATED STORIES

Share it