Latest News

ലഹരിക്കെതിരെ 181 വനിതാ ഹെൽപ്പ് ലൈനിൽ ടെലി കൗൺസിലിംഗും

ലഹരിക്കെതിരെ 181 വനിതാ ഹെൽപ്പ് ലൈനിൽ ടെലി കൗൺസിലിംഗും
X

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ലഹരി വിമുക്ത കേരളം പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന മിത്ര 181 വനിതാ ഹെൽപ്പ് ലൈനിൽ പ്രത്യേക ടെലി കൗൺസിലിംഗ് സൗകര്യം ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലഹരി ഉപയോഗത്തിൽ നിന്ന് മോചനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വനിതകൾക്കും, കുട്ടികൾക്കും പരിശീലനം സിദ്ധിച്ച മിത്രയിലെ കൗൺസിലർമാരിലൂടെ സേവനം നൽകുന്നതാണ്. ഇവർക്ക് സമാശ്വാസം നൽകുന്നതിനും മതിയായ ചികിത്സ ഉറപ്പ് വരുത്തുന്നതിനുള്ള റഫറൽ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുന്നതിനുമാണ് ഉദ്ദേശിച്ചിട്ടുള്ളത്. കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗം കാരണം പ്രയാസം നേരിടുന്ന വനിതകൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന മിത്രയിൽ നിന്നും സഹായം ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിയുടെ പിടിയിൽ നിന്നും രക്ഷപ്പെടുന്നതിനാവശ്യമായ ചികിത്സയെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം ലഹരി വസ്തുകളുടെ വിനിമയം നിയന്ത്രിക്കുന്നതിനുള്ള സർക്കാർ മാർഗങ്ങളെ കുറിച്ചുള്ള അറിവും മിത്രയിലൂടെ ലഭിക്കും. വിനിമയ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവരുടെ പേര് വെളിപ്പെടുത്താതെ തന്നെ എക്സൈസ്, പോലീസ് തുടങ്ങിയ വകുപ്പുകളെ അറിയിക്കുന്നതിനും നിയമപരമായ നടപടികൾ എടുക്കുന്നതിനും അതിന്റെ ഫോളോ അപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതിനും മിത്രയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികളിലെ ലഹരി ഉപയോഗം തിരിച്ചറിയുന്നതിനുള്ള മാർഗങ്ങളും വിവരങ്ങളും, മിത്ര വഴി വനിതാ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്നതാണ്.

സംസ്ഥാനത്തെ എക്സൈസ് വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് ഏർപ്പെടുത്തിയിട്ടുള്ള 14 വിമുക്തി കേന്ദ്രങ്ങളിലും മറ്റ് പൊതു, സ്വകാര്യ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഡി അഡിക്ഷൻ സെന്ററുകളിലേയ്ക്കുമുള്ള റഫറൽ സൗകര്യവും മിത്രയിൽ നിന്നും ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it