Latest News

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പാത ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പാത ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
X

കല്‍പ്പറ്റ: എല്ലാ തരത്തിലും ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതിയാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തുരങ്കപ്പാത ആരംഭിക്കുന്ന മറിപ്പുഴ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ത്തീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ വയനാട് ചുരത്തിന്റെ സംരക്ഷണം ഉറപ്പു വരുത്താന്‍ കഴിയുന്നതിനോടൊപ്പം മലബാറില്‍ വലിയ വികസന കുതിപ്പിന് കാരണമാകുന്ന പദ്ധതിയായി ഇത് മാറും. പദ്ധതിയുടെ വിദഗ്ധ പഠനം കഴിഞ്ഞു. അഭിപ്രായസ്വരൂപണത്തിലൂടെ എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് നടന്ന യോഗത്തില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ. വിനയരാജ് പദ്ധതി വിശദീകരിച്ചു. വിശദ സാങ്കേതിക പഠന പ്രകാരം കഴിഞ്ഞ മെയ് ആറിന് അലൈന്‍മെന്റിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അന്തിമ രൂപരേഖ പ്രകാരം അതിര്‍ത്തി നിര്‍ണയത്തിന്റെ ഭാഗമായി വനമേഖല തിട്ടപ്പെടുത്തി ഭൂപടം തയ്യാറാക്കിയിട്ടുണ്ട്. വനഭൂമിക്കടിയിലൂടെയും വനഭൂമിയിലൂടെയുമുള്ള നിര്‍മ്മാണത്തിന്റെ അനുമതിക്കായി ജൂലായ് രണ്ടാം വാരത്തില്‍ അപേക്ഷ നല്‍കും. ആഗസറ്റ് മാസത്തില്‍ പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയാകുന്ന മുറക്ക് പാരിസ്ഥിതിക അനുമതിക്കായി കേന്ദ്ര വന മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും അറിയിച്ചു. പൂര്‍ണ്ണമായും ഭാവിയിലെ ആവശ്യങ്ങള്‍ക്കും വികസനത്തിനും അനുയോജ്യമാം വിധമായിരിക്കും നിര്‍മ്മിതി.

നിര്‍മ്മാണം പുരോഗമിക്കുന്ന കൈതപ്പൊയില്‍-അഗസ്ത്യന്‍മുഴി റോഡും അടിവാരത്ത് ദേശീയപാതയില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങളും മന്ത്രി സന്ദര്‍ശിച്ചു.

ലിന്റോ ജോസഫ് എംഎല്‍എ, മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അലക്‌സ് തോമസ് ചെമ്പകശേരി, മേഴ്‌സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍.സിന്ധു, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it