Latest News

പാരിസ് ഒളിംപിക്‌സ് 2024; ഹോക്കിയില്‍ ഇന്ത്യ ഇന്നിറങ്ങും; എതിരാളികള്‍ ന്യൂസിലന്റ്

മത്സരം വൈകിട്ട് 5.30ന് (ഇന്ത്യന്‍ സമയം രാത്രി 9).

പാരിസ് ഒളിംപിക്‌സ് 2024; ഹോക്കിയില്‍ ഇന്ത്യ ഇന്നിറങ്ങും; എതിരാളികള്‍ ന്യൂസിലന്റ്
X

പാരിസ്: 41 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒളിംപിക് മെഡല്‍ നേടി ടോക്കിയോയില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പാരിസ് ഒളിംപിക്‌സില്‍ ആദ്യ പോരാട്ടത്തിന് ഇന്നിറങ്ങുന്നു. പൂള്‍ ബിയില്‍ ന്യൂസിലന്റാണ് ആദ്യ എതിരാളികള്‍. മത്സരം വൈകിട്ട് 5.30ന് (ഇന്ത്യന്‍ സമയം രാത്രി 9).

മെഡല്‍ പ്രതീക്ഷകളുടെ സമ്മര്‍ദത്തെ മറികടന്ന് ഉജ്വല പ്രകടനം നടത്താനുറച്ചാകും ടീം ഇന്ത്യ ഇന്നു കളത്തിലെത്തുക. 1924ല്‍ പാരിസ് അവസാനമായി ഒളിംപിക്‌സിനു വേദിയൊരുക്കിയപ്പോള്‍ പ്രധാന സ്റ്റേഡിയമായി ഉപയോഗിച്ച ഈവ് ദു മനുവായിലാണ് ഇത്തവണ ഹോക്കി മത്സരങ്ങള്‍ നടക്കുന്നത്.

കരുത്തരായ ബല്‍ജിയം, ഓസ്‌ട്രേലിയ ടീമുകളും അര്‍ജന്റീന, ന്യൂസീലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവരുമാണ് ഇന്ത്യ ഉള്‍പ്പെടുന്ന പൂള്‍ ബിയിലുള്ളത്. ഗ്രൂപ്പിലെ ആദ്യ 4 സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്കു മുന്നേറും. നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ബ്രിട്ടന്‍, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ് ടീമുകളാണു പൂള്‍ എയില്‍. ആദ്യ മത്സരങ്ങളില്‍ മികച്ച വിജയം നേടി പോയിന്റ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യ ഇറങ്ങുക.

ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ടീമില്‍ 11 പേര്‍ ടോക്കിയോയില്‍ വെങ്കലം നേടിയ ടീമില്‍ ഉണ്ടായിരുന്നവരാണ്. ജര്‍മന്‍പ്രീത് സിങ്, സുഖ്ജീത് സിങ്, അഭിഷേക്, രാജ്കുമാര്‍ പാല്‍, സഞ്ജയ് എന്നിവര്‍ക്കിത് ആദ്യ ഒളിംപിക്‌സാണ്. ഒളിംപിക്‌സിനു ശേഷം രാജ്യാന്തര കരിയറിനോടു വിടപറയുന്ന മലയാളി താരം പി.ആര്‍.ശ്രീജേഷിനു മികച്ചൊരു വിടവാങ്ങല്‍ കൊടുക്കുകയെന്ന ദൗത്യവും ടീമിനുണ്ടാകും.

ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ മത്സരത്തിലും ഇന്ത്യയുടെ എതിരാളികള്‍ ന്യൂസിലന്റായിരുന്നു. ടോക്കിയോയില്‍ 3-2നു വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോടു വന്‍ തോല്‍വി (17). എന്നാല്‍, പിന്നീടു സ്‌പെയിനെയും (3-0) അര്‍ജന്റീനയെയും (3-1) തോല്‍പിച്ചു ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ 3-1നു മറികടന്നു. സെമിയില്‍ ബല്‍ജിയത്തോടു തോല്‍വി (2-5). വെങ്കല മത്സരത്തില്‍ ശ്രീജേഷിന്റെ മാസ്മരിക പ്രകടനത്തിലൂടെ ജര്‍മനിയെ 54നു കീഴടക്കി മന്‍പ്രീത് സീങ്ങിന്റെ നേതൃത്വത്തില്‍ ചരിത്രനേട്ടം.


Next Story

RELATED STORIES

Share it