Latest News

അപകട കെണിയൊരുക്കി മാള ടൗണിലെ നടപ്പാത

അപകട കെണിയൊരുക്കി മാള ടൗണിലെ നടപ്പാത
X

മാള: ടൗണിലെ അപകട കെണിയൊരുക്കിയുള്ള നടപ്പാതക്കെതിരെ പ്രതിഷേധം. മാള ടൗണില്‍ ഗ്രാമപഞ്ചായത്ത് ബസ്സ് സ്റ്റാന്റിനും മാളച്ചാലിനുമിടയിലുള്ള റോഡിന്റെ അരികിലാണ് നടപ്പാത. ഗ്രാമപഞ്ചായത്ത് ഓഫിസിനരികില്‍ നിന്നാരംഭിച്ച് നൂറ് മീറ്ററോളമെത്തി നില്‍ക്കുകയാണ് നടപ്പാത.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ നടപ്പാത പണിത് ടൈല്‍സ് പാകുകയും കൈവരികള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. 2018ലെ മഹാപ്രളയത്തില്‍ ഇതില്‍ ഭൂരിഭാഗവും തകര്‍ന്നു. ഏതാനും മാസം മുന്‍പുവരെ തകര്‍ന്ന കൈവരികള്‍ കാണാമായിരുന്നു. തുടര്‍ന്നാണ് അല്‍പ്പം കൂടി ചാലിലേക്ക് നീട്ടി നടപ്പാത പണിതത്. ഗ്രാമപഞ്ചായത്ത് ഓഫിസ് ഭാഗത്തുനിന്നും ഈ ഭാഗത്ത് എത്തുമ്പോള്‍ അപകടം സംഭവിക്കാന്‍ വളരെ സാദ്ധ്യതയുണ്ട്. പ്രത്യേകിച്ച് മൊബൈല്‍ ഫോണുപയോഗിച്ച് വരുമ്പോള്‍ അപകടം ഉറപ്പാണെന്നാണ് ടൗണിലെ വ്യാപാരികളും മറ്റും പറയുന്നത്.

രാത്രി കാലങ്ങളിലാണെങ്കില്‍ അപകടത്തിന്റെ വ്യാപ്തിയും കൂടും. രണ്ടടിയോളം വീതിയിലും അഞ്ചടിയോളം ആഴത്തിലുമുള്ള കുഴിയിലേക്കാണ് അപകടത്തില്‍ പെടുന്നവര്‍ വീഴുക. ഇവിടെ നടപ്പാതയുടെ നടുക്കായി വൈദ്യുതി കാലുമുണ്ട്. നടപ്പാത പണിത സമയത്ത് ഈ വൈദ്യുതിക്കാല്‍ മാറ്റി സ്ഥാപിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല.

അതേസമയം ഇവിടെ നേരെ സ്ലാബിടാനുമാകില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. കാരണം എതിരെ വരുന്ന ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലമാണ്. പൊതുമുതലുപയോഗിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയില്‍ നിര്‍മിതി നടത്തിയവര്‍ക്കെതിരേ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.

Next Story

RELATED STORIES

Share it