Latest News

കൃത്രിമ പാരുകള്‍ നിക്ഷേപ പദ്ധതിക്ക് തുടക്കം; ലക്ഷ്യം ഇരട്ടി വരുമാനം, തിരുവനന്തപുരത്ത് 6,300 ഇടങ്ങളില്‍

മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യവും ഉപജീവനമാര്‍ഗവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി.

കൃത്രിമ പാരുകള്‍ നിക്ഷേപ പദ്ധതിക്ക് തുടക്കം; ലക്ഷ്യം ഇരട്ടി വരുമാനം, തിരുവനന്തപുരത്ത് 6,300 ഇടങ്ങളില്‍
X

തിരുവനന്തപുരം: മത്സ്യസമ്പത്ത് വര്‍ധനവിലൂടെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലില്‍ കൃത്രിമ പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാല വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിഴിഞ്ഞം ഹാര്‍ബറിലെ നോര്‍ത്ത് വാര്‍ഫില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ കൃത്രിമ പാരുകള്‍ നിക്ഷേപിക്കുന്ന പ്രവര്‍ത്തികള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യവും ഉപജീവനമാര്‍ഗവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും കഴിഞ്ഞ ഏഴര വര്‍ഷക്കാലത്തില്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കിയത് മത്സ്യബന്ധന മേഖലയ്ക്കാണെന്നും മന്ത്രി പറഞ്ഞു. തീര സംരക്ഷണ സേനയുടെ പട്രോള്‍ ബോട്ടില്‍ കടലില്‍ കൃത്രിമ പാരുകള്‍ നിക്ഷേപിക്കുന്ന സ്ഥലവും മന്ത്രി സന്ദര്‍ശിച്ചു.

പദ്ധതിയുടെ ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സാങ്കേതിക സഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതി നിര്‍വഹണത്തിന്റെ ചുമതല. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ മുതല്‍ വര്‍ക്കല വരെയുള്ള 42 മത്സ്യഗ്രാമങ്ങളിലായി 6,300 കൃത്രിമ പാരുകളാണ് നിക്ഷേപിക്കുന്നത്.

മോഡ്യൂളുകള്‍ നശിച്ച് പോകാതിരിക്കാന്‍ ജിപിഎസ് സഹായത്തോടെ കടലില്‍ സ്ഥാനനിര്‍ണയം നടത്തി മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തില്‍ 12 മുതല്‍ 15 വരെ ആഴത്തില്‍ കടലിന്റെ അടിത്തട്ടിലാണ് ഇവ നിക്ഷേപിക്കുന്നത്. പാരുകള്‍ കടലിന്റെ അടിത്തട്ടില്‍ കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിച്ച് മത്സ്യപ്രജനനത്തിനും അവയുടെ സുസ്ഥിരമായ നിലനില്‍പ്പിനും അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ശീലാവ്, അയല, കൊഴിയാള, പാര, കലവ, കൊഞ്ച്, ഈല്‍, വിവിധിയിനം അലങ്കാര മത്സ്യങ്ങള്‍ എന്നിവയുടെ ആവാസവ്യവസ്ഥ രൂപപ്പെടുന്നതിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ചാകര പ്രദേശമായി ഇവിടം മാറുമെന്നും പഠനങ്ങള്‍ പറയുന്നു.

Next Story

RELATED STORIES

Share it