Flash News

ദലിത് മഹിളാ ഫെഡറേഷന്‍ നേതാവിന് സുരക്ഷ ഒരുക്കാനാവില്ലെന്ന് പോലിസ്

പമ്പ: ശബരിമല ദര്‍ശനത്തിനായി പമ്പയില്‍ എത്തിയ ദലിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവിന് പ്രായോഗിക ബുദ്ധിമുട്ടുകളുള്ളതിനാല്‍ ഇന്ന് സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് പോലിസ്. പമ്പയിലും സന്നിധാനത്തും ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷയൊരുക്കി മലകയറ്റാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു. അവര്‍ക്കും പോകാന്‍ ബുദ്ധിമുട്ടുണ്ട്. യാത്ര മാറ്റിവയ്ക്കുകയാണെങ്കില്‍ നാളെ രാവിലെ സുരക്ഷയൊരുക്കുന്ന കാര്യം പരിഗണിക്കുമെന്ന് പോലിസ് അറിയിച്ചു. അതേസമയം, മഞ്ജുവിന്റെ പശ്ചാതലം സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്. ഇതുകൂടി പരിഗണിച്ചായിരിക്കും നാളെ സുരക്ഷയൊരുക്കുകയെന്നും ഐജി അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് ചാത്തനൂര്‍ സ്വദേശി മഞ്ജു ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് പമ്പയിലെത്തി ഇവര്‍ പോലിസ് സഹായം ആവശ്യപ്പെട്ടു. പ്രശ്‌നങ്ങളുണ്ടായേക്കാം എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാനാണ് പോലിസ് ആദ്യം ശ്രമിച്ചത്. എന്നാല്‍ താന്‍ വിശ്വാസിയാണെന്നും ദര്‍ശനം നടത്തണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനിന്നതോടെ പോലിസ് പ്രതിസന്ധിയിലായി. ഇതിനിടെ കാനന പാതയില്‍ നിരവധി പേര്‍ പ്രതിഷേധത്തിന് തയ്യാറായി നിലയുറപ്പിച്ചു. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് മഞ്ജുവിന് സുരക്ഷയൊരുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.
Next Story

RELATED STORIES

Share it