India

ഇന്ത്യയിലെ 10.6 ശതമാനം കൗമാരക്കാര്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് പഠനം

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എന്‍എച്ച്ആര്‍സി) ദേശീയതല അവലോകനയോഗത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും നിയമപരവും ആരോഗ്യപരവുമായ സംരക്ഷണം നല്‍കേണ്ടത് അനിവാര്യമാണ്. ഇതുവരെ രാജ്യത്തെ 19 സംസ്ഥാനങ്ങള്‍ മാത്രമാണ് മാനസികാരോഗ്യസംരക്ഷണ നിയമം നടപ്പാക്കിയിട്ടുള്ളത്.

ഇന്ത്യയിലെ 10.6 ശതമാനം കൗമാരക്കാര്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് പഠനം
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ 10.6 ശതമാനം കൗമാരപ്രായക്കാര്‍ മാനസികാരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നതായി പഠനം. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എന്‍എച്ച്ആര്‍സി) ദേശീയതല അവലോകനയോഗത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും നിയമപരവും ആരോഗ്യപരവുമായ സംരക്ഷണം നല്‍കേണ്ടത് അനിവാര്യമാണ്. ഇതുവരെ രാജ്യത്തെ 19 സംസ്ഥാനങ്ങള്‍ മാത്രമാണ് മാനസികാരോഗ്യസംരക്ഷണ നിയമം നടപ്പാക്കിയിട്ടുള്ളത്. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനും സ്ഥിതി മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍നിന്നുള്ളവരുടെ യോഗം വിളിച്ച കമ്മീഷന്റെ നടപടിയെ സഞ്ജീവ്കുമാര്‍ പ്രശംസിച്ചു.

രാജ്യത്ത് മാനസികാരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള കഠനപ്രയത്‌നമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിവരുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ചെയര്‍പേഴ്‌സന്‍ ജസ്റ്റിസ് എച്ച് എല്‍ ദത്തു പ്രതികരിച്ചു. എന്നാല്‍, ആവശ്യകതയും അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതയും തമ്മില്‍ വലിയ അന്തരമാണ് നിലനില്‍ക്കുന്നത്. മാനസികരോഗികളെ ചികില്‍സിക്കുന്നതിനുള്ള ഡോക്ടര്‍മാരുടെ കുറവാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആകെ 13,500 മാനസികരോഗ ചികില്‍സകര്‍ ആവശ്യമുള്ളിടത്ത് 3,827 പേരുടെ സേവനമാണ് ലഭ്യമായിട്ടുള്ളത്.

മനശ്ശാസ്ത്രജ്ഞരുടെ എണ്ണത്തിന്റെ കാര്യവും വ്യത്യസ്തമല്ല. രാജ്യത്ത് 20,250 മനശ്ശാസ്ത്രജ്ഞര്‍ വേണ്ടിടത്ത് സേവനം ചെയ്യുന്നതാവട്ടെ 898 പേരും. പാരാമെഡിക്കല്‍ ജീവനക്കാരുടെയും വലിയ കുറവ് ഈ മേഖല നേരിടുന്നുണ്ടെന്ന് ചെയര്‍പേഴ്‌സന്‍ ചൂണ്ടിക്കാട്ടി. മാനസികാരോഗ്യപ്രശ്‌നങ്ങളുള്ള തടവുകാരുടെ പ്രശ്‌നങ്ങളും ചെയര്‍പേഴ്‌സന്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി. മാനസികപ്രശ്‌നമുള്ള തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് 2017ലെ മാനസികാരോഗ്യസംരക്ഷണ നിയമത്തിലെ സെക്ഷന്‍ 103 പ്രകാരം സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.

സുപ്രിംകോടതിയുടെ സമീപകാലങ്ങളിലെ വിധിന്യായങ്ങളില്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സന്‍ യോഗത്തെ അറിയിച്ചു. രാജ്യത്തെ മാനസികാരോഗ്യസംരക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ സെക്രട്ടറി പ്രീതി സുദന്‍ അഭിപ്രായപ്പെട്ടു. ഫണ്ടുകളുടെ ലഭ്യത ഒരുതടസ്സമല്ല. സംസ്ഥാനങ്ങള്‍ അവരുടെ നിര്‍ദേശങ്ങളും അതിന്റെ ചെലവുകളും സംബന്ധിച്ച് സമയബന്ധിതമായി റിപോര്‍ട്ടുകള്‍ സമര്‍പ്പിച്ചാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it