India

കാര്‍ഷിക ബില്ലുകള്‍ക്കെതിരേ രാജ്യത്ത് പ്രക്ഷോഭം ആളിക്കത്തുന്നു; ഉത്തരേന്ത്യ സ്തംഭിച്ചു

ഹരിയാനയിലും പഞ്ചാബിലുമാണ് ശക്തമായ പ്രതിഷേധം അലയടിച്ചത്. പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം മൂന്നാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. അമ്പാലയിലെ ഹരിയാന- പഞ്ചാബ് അതിര്‍ത്തി അടച്ചു. വിവിധ ദേശീയപാതകള്‍ സമരക്കാര്‍ ഉപരോധിച്ചു.

കാര്‍ഷിക ബില്ലുകള്‍ക്കെതിരേ രാജ്യത്ത് പ്രക്ഷോഭം ആളിക്കത്തുന്നു; ഉത്തരേന്ത്യ സ്തംഭിച്ചു
X

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രക്ഷോഭം രാജ്യത്ത് ആളിക്കത്തുന്നു. 265 കര്‍ഷക സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സ്തംഭിപ്പിച്ചു. പ്രക്ഷോഭകര്‍ റോഡും റെയില്‍ ട്രാക്കുകളും ഉപരോധിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഹരിയാനയിലും പഞ്ചാബിലുമാണ് ശക്തമായ പ്രതിഷേധം അലയടിച്ചത്. പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം മൂന്നാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. അമ്പാലയിലെ ഹരിയാന- പഞ്ചാബ് അതിര്‍ത്തി അടച്ചു. വിവിധ ദേശീയപാതകള്‍ സമരക്കാര്‍ ഉപരോധിച്ചു.

കര്‍ഷകമാര്‍ച്ചുകള്‍ തടയുന്നതിന് ഡല്‍ഹി അതിര്‍ത്തികള്‍ കനത്ത പോലിസ് കാവലിലാണ്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓഡിനേഷന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ (എഐകെഎസ് സിസി) നേതൃത്വത്തില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കര്‍ഷകരും തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധത്തില്‍ അണിനിരന്നു. കോ-ഓഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിക്കാത്ത നിരവധി സംഘടനകളും സമരത്തില്‍ പങ്കാളികളായി.

രാജസ്ഥാന്‍, മധ്യപ്രദേശ് ജാര്‍ഖണ്ഡ് ഛത്തീസ്ഗഢ് ഹിമാചല്‍പ്രദേശ്, ബിഹാര്‍, കര്‍ണാടക, ഗുജറാത്ത് ഒഡിഷ, പശ്ചിമബംഗാള്‍, ത്രിപുര, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, അസം എന്നിവിടങ്ങളില്‍ ഗ്രാമീണമേഖല നിശ്ചലമായി. മറ്റ് സംസ്ഥാനങ്ങളില്‍ വ്യാപകമായി പ്രതിഷേധപരിപാടികള്‍ നടന്നു. റോഡ് ഉപരോധം, ട്രെയിന്‍ തടയല്‍, ഗ്രാമീണ ബന്ദ് റാലികള്‍, ബില്ലുകളുടെ കോപ്പി കത്തിക്കല്‍ തുടങ്ങിവിവിധ പ്രതിഷേധ രൂപങ്ങള്‍ രാജ്യമെമ്പാടും അലയടിച്ചു. ഡല്‍ഹി ജന്തര്‍ മന്ദിറില്‍ കര്‍ഷകപ്രസ്ഥാനങ്ങളുടെയും ട്രേഡ് യൂനിയനുകളുടെയും വിദ്യാര്‍ഥി-മഹിളാ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

രാജ്യവ്യാപകമായി 20,000 ത്തോളം സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നതായി എഐകെഎസ്സിസി ജനറല്‍ സെക്രട്ടറി അവിക് സാഹ പറഞ്ഞു. ഭാരതീയ കിസാന്‍ യൂനിയന്റെ ബാനറില്‍ അണിനിരന്ന 31 കര്‍ഷകസംഘടനകളുടെ പ്രതിഷേധത്തില്‍ പഞ്ചാബ് പൂര്‍ണമായും സ്തംഭിച്ചു. സമരക്കാര്‍ക്കെതിരേ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ ബതിന്ദയിലെ നിയോജകമണ്ഡലത്തില്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ പട്‌നയില്‍ ട്രക്ക് റാലി നടന്നു. രാഷ്ട്രീയനേതാക്കളും നടന്‍മാരും ഗായകരും തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ സമരത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടെ 18 പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it