India

കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി: രാഷ്ട്രീയ, സാമൂഹിക, സന്നദ്ധസംഘടനകള്‍ക്ക് എസ്ഡിപിഐ കത്തയയ്ക്കും

വംശീയവിദ്വേഷം മൂലം മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന്റെ പേരില്‍ അന്താരാഷ്ട്ര സമൂഹത്തില്‍നിന്നും രൂക്ഷമായ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നതിന്റെ പകവീട്ടുകയാണ് ബിജെപി സര്‍ക്കാര്‍.

കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി: രാഷ്ട്രീയ, സാമൂഹിക, സന്നദ്ധസംഘടനകള്‍ക്ക് എസ്ഡിപിഐ കത്തയയ്ക്കും
X

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ നിരപരാധികളുടെ മേല്‍ നടത്തുന്ന പ്രതികാരനടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍, പൗരാവകാശപ്രസ്ഥാനങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവയ്ക്ക് കത്തയയ്ക്കുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. വംശീയവിദ്വേഷം മൂലം മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന്റെ പേരില്‍ അന്താരാഷ്ട്ര സമൂഹത്തില്‍നിന്നും രൂക്ഷമായ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നതിന്റെ പകവീട്ടുകയാണ് ബിജെപി സര്‍ക്കാര്‍. കൊറോണ ഭീതിയില്‍ ലോകജനത ഭയചകിതരായിരിക്കുമ്പോള്‍ പോലും വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുകയാണ് സംഘപരിവാരം.

അവരെ കയറൂരി വിടുന്ന ഭരണകൂടം തന്നെയാണ് പൗരത്വസംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും പൗരാവകാശപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ഭീകരനിയമങ്ങള്‍ ചുമത്തി തടവിലാക്കുന്നത്. പ്രതിഷേധിക്കാനും സംഘടിക്കാനും കഴിയാതെ അടച്ചുപൂട്ടപ്പെട്ട സാഹചര്യം മുതലെടുത്താണ് പൗരന്‍മാരെ മോദി സര്‍ക്കാര്‍ കല്‍ത്തുറുങ്കിലടയ്ക്കുന്നത്. അതേസമയം, വിദ്വേഷ വൈറസുകള്‍ രാജ്യത്ത് വ്യാപിപ്പിച്ച് കലാപം സൃഷ്ടിക്കുന്ന സംഘപരിവാരത്തെ നിര്‍ബാധം തുറന്നുവിട്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍.

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരില്‍ അറസ്റ്റുകള്‍ തുടരുമ്പോഴും ഡല്‍ഹിയിലുള്‍പ്പെടെ നിരവധി ആളുകളുടെ മരണത്തിനു കാരണമായ വംശീയ ഉന്‍മൂലനകലാപത്തിന് ആഹ്വാനംചെയ്ത സംഘപരിവാര നേതാക്കള്‍ വിദ്വേഷപ്രചാരണങ്ങളുമായി തെരുവിലും സാമൂഹികമാധ്യമങ്ങളിലും അഴിഞ്ഞാടുകയാണ്. ഇത് കൊറോണയേക്കാള്‍ ഭീകരമായ സാമൂഹികാന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കാന്‍ കാരണമാവും. അതിനാല്‍, കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കാനും വിദ്വേഷപ്രചാരകരായ ഹിന്ദുത്വനേതാക്കളെ നിലയ്ക്കുനിര്‍ത്താനും രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക, പൗരാവകാശ പ്രസ്ഥാനങ്ങള്‍ ആര്‍ജവത്തോടെ മുന്നോട്ടുവരണമെന്നും എം കെ ഫൈസി അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it