India

കൊവിഡ് ബാധിച്ചിട്ടും തളര്‍ന്നില്ല; ടെലിമെഡിസിന്‍ വഴി ചികില്‍സ തുടരുന്നു, ഡോ.മുഹമ്മദ് ഷമീം

അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് (ജെഎന്‍എംസി) ആശുപത്രിയിലെ ടിബി ആന്റ് ചെസ്റ്റ് ഡിസീസ് വകുപ്പിലെ ഡോക്ടറാണ് പ്രഫ. മുഹമ്മദ് ഷമീം. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിയുകയാണ് ഡോ. മുഹമ്മദ് ഷമീം.

കൊവിഡ് ബാധിച്ചിട്ടും തളര്‍ന്നില്ല; ടെലിമെഡിസിന്‍ വഴി ചികില്‍സ തുടരുന്നു, ഡോ.മുഹമ്മദ് ഷമീം
X

അലിഗഡ്: ലോകമെങ്ങും പടര്‍ന്നുപിടിച്ച കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് കരുത്തുപകരുന്നൊരു വാര്‍ത്തയാണ് അലിഗഡില്‍നിന്ന് പുറത്തുവന്നിരിക്കുന്നത്. കൊവിഡ് ബാധയേറ്റ് രോഗാതുരമായ അവസ്ഥയിലും ടെലി മെഡിസിന്‍വഴി രോഗികളെ ചികില്‍സിക്കുന്നതില്‍ മുടക്കംവരുത്താത്ത ഒരു ഡോക്ടറാണ് വൈദ്യശാസ്ത്രരംഗത്തിന് പുത്തന്‍ മാതൃകയായി മാറിയിരിക്കുന്നത്. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് (ജെഎന്‍എംസി) ആശുപത്രിയിലെ ടിബി ആന്റ് ചെസ്റ്റ് ഡിസീസ് വകുപ്പിലെ ഡോക്ടറാണ് പ്രഫ. മുഹമ്മദ് ഷമീം. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിയുകയാണ് ഡോ. മുഹമ്മദ് ഷമീം.

ജെഎന്‍എംസി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന കൊവിഡ് രോഗികള്‍ക്കാവശ്യമായ ചികില്‍സാ ക്രമീകരണങ്ങള്‍ ടെലിമെഡിസിന്‍ വഴി തുടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും ഡോക്ടര്‍. ആശുപത്രിയിലെ ആരോഗ്യവിഭാഗം ജീവനക്കാരുമായി ടെലഫോണ്‍വഴി ബന്ധപ്പെട്ടാണ് ചികില്‍സയ്ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലാത്ത ശ്വാസകോശസംബന്ധമായ രോഗങ്ങളുമായി ആശുപത്രിയില്‍ തുടരുന്നവര്‍ക്കും ചികില്‍സ നിര്‍ദേശിക്കുന്നുണ്ട്. ഇത് ഗുരുതരമായൊരു രോഗമാണ്. പക്ഷേ, ഡോക്ടര്‍മാര്‍ക്ക് ജീവന്‍ രക്ഷിക്കേണ്ടതുണ്ട്. എന്തുതന്നെ വന്നാലും ഞങ്ങള്‍ അത് തുടരും- ദുരന്തത്തെ അതിജീവിക്കുകയെന്നത് പ്രധാനമാണ്.

കൊവിഡ് പോസിറ്റീവായി ഹോം ക്വാറന്റൈനില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ക്ക് സ്മാര്‍ട്ട്‌ഫോണും ലാപ്‌ടോപ്പും കംപ്യൂട്ടറും ടെലഫോണും ഉപയോഗിച്ച് രോഗികളുടെ ചികില്‍സ തുടരാന്‍ കഴിയുമെന്നാണ് തന്റെ ഉറച്ച വിശ്വാസം. ആശുപത്രിയിലെ ചികില്‍സാ വേളയില്‍ രോഗം ബാധിക്കുമോയെന്ന ഭയം എല്ലായ്‌പ്പോഴുമുണ്ടാവാറുണ്ട്. എന്നാല്‍, മെഡിക്കല്‍ രംഗത്ത് ജോലിചെയ്യുന്ന ഡോക്ടറെന്ന നിലയില്‍ നെഗറ്റീവ് ചിന്തകളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ മാനവികതയെ സേവിക്കുകയും ചെയ്യേണ്ടതുണ്ട്. ജെഎന്‍എംസിയില്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളെ വിജയകരമായി ചികില്‍സിച്ച് ഭേദമാക്കിയ അനുഭവമുണ്ട്. അതുകൊണ്ടുതന്നെ താനും രോഗത്തില്‍നിന്ന് കരകയറുമെന്ന് ആത്മവിശ്വാസമുണ്ട്- പ്രഫ. ഷമീം പറഞ്ഞു.

കൊവിഡ് ചികില്‍സാരംഗത്ത് ജോലിചെയ്യുന്നതില്‍ യാതൊരു മാനസികസമ്മര്‍ദത്തിന്റെയും കാര്യമില്ല. ഗുരുതരമായി രോഗം ബാധിച്ചവര്‍ അവസാന മണിക്കൂറുകളില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മാത്രമാണ് കാണുന്നത്. കൊവിഡ് ബാധിച്ചെങ്കില്‍പോലും ഡോക്ടര്‍മാര്‍ ഈ രോഗികളെ ഉപേക്ഷിക്കുന്നത് നല്ലതല്ലെന്നും പ്രഫ.ഷമീം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെതിരായ പോരാട്ടത്തില്‍ തങ്ങളുടെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും പങ്ക് പ്രശംസനീയമാണെന്നും വൈറസിനെ അമര്‍ച്ചചെയ്യുന്നതിന് ശ്രദ്ധേയമായ ശ്രമങ്ങള്‍ തുടരാന്‍ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി പ്രതിജ്ഞാബദ്ധമാണെന്നും വൈസ് ചാന്‍സലര്‍ പ്രഫ. താരിഖ് മന്‍സൂര്‍ പറഞ്ഞു.

ഇതുവരെ 27 കൊവിഡ് -19 രോഗികളെ പൂര്‍ണമായും സുഖപ്പെടുത്തി ജെഎന്‍എംസിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി പ്രിന്‍സിപ്പലും മെഡിക്കല്‍ സൂപ്രണ്ടുമായ പ്രഫ. ഷാഹിദ് അലി സിദ്ദീഖി അഭിപ്രായപ്പെട്ടു. ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികള്‍ക്ക് ചികില്‍സാസംവിധാമൊരുക്കുന്ന കൊവിഡ് ആശുപത്രിയായി ജെഎന്‍എംസിയെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ മണിക്കൂറുകളോളമാണ് ആശുപത്രി ഡ്യൂട്ടിയില്‍ മുഴുകിക്കൊണ്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it