India

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തിരിമറി സാധ്യം; കണ്ണന്‍ ഗോപിനാഥന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കുന്നു

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലും വിവിപാറ്റിലും തിരിമറി നടത്തി ഫലത്തെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന മുന്‍ ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തിരിമറി സാധ്യം; കണ്ണന്‍ ഗോപിനാഥന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കുന്നു
X

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലും വിവിപാറ്റിലും തിരിമറി നടത്തി ഫലത്തെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന മുന്‍ ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ ഇവിഎം-വിവിപാറ്റ് കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന സാങ്കേതിക പഴുതുകള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് ഒക്ടോബര്‍ 9ന് ഒമ്പതു പേജ് വരുന്ന കത്തെഴുതിയിരുന്നു. ഇക്കാര്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നാലംഗ സാങ്കേതിക സമിതി പരിശോധിക്കുന്നത്.

പ്രഫ. ഡി ടി ഷഹാനി, പ്രഫ, രജത് മൂന, പ്രഫ, ദിനേശ് ശര്‍മ, പ്രഫ. എ കെ അഗര്‍വാല എന്നിവരുള്‍പ്പെട്ട സാങ്കേതിക സമിതിയാണ് വിഷയം പരിശോധിക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് ശെയ്ഫാലി സരണ്‍ പറഞ്ഞു.

സാങ്കേതിക സമിതി വിഷയം അന്വേഷിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കണ്ണന്‍ ഗോപിനാഥന്‍ ദി ക്വിന്റിനോട് പ്രതികരിച്ചു. എന്നാല്‍, വിവിപാറ്റിനെക്കുറിച്ച് മറ്റു നിരവധി ആശങ്കകള്‍ ഉള്ളതുകൊണ്ട് കേവലം സാങ്കേതിക സമിതിയില്‍ അന്വേഷണം ഒതുക്കുന്നതിനു പകരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കാളികളാക്കി സുതാര്യമായ അന്വേഷണം നടത്തുന്നതായിരിക്കും ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമായും നാല് ആശങ്കകളാണ് കണ്ണന്‍ ഗോപിനാഥന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പങ്കുവച്ചത്.

1. ഏത് ബട്ടന്‍ ഏത് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നു എന്ന് ഇവിഎം-വിവിപാറ്റിന് അറിയാം

വിവിപാറ്റ് വരുന്നതിനു മുമ്പ് ഇവിഎമ്മിന് ബാലറ്റ് യൂനിറ്റ്, കണ്‍ട്രോള്‍ യൂനിറ്റ് എന്നീ ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ സ്ഥാനാര്‍ഥി ക്രമത്തില്‍ ഏത് പാര്‍ട്ടി ഏത് സ്ഥാനത്താണെന്ന് യന്ത്രത്തിന്(ഇലക്ട്രോണ്‍ രൂപത്തില്‍) അറിയാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍, വിവിപാറ്റ് വന്നതോട് കൂടി ഏത് സ്ഥാനാര്‍ഥി, ഏത് പാര്‍ട്ടി ഏത് സീരിയല്‍ നമ്പറിലാണ് വരുന്നതെന്ന് യന്ത്രത്തിന് മൊത്തത്തില്‍ അറിയാന്‍ കഴിയും. ഇതിലൂടെ വിവിപാറ്റിന്റെ നിര്‍മാണ വേളയില്‍ തന്നെ ഹാക്കിങിന് സാധ്യത തുറന്നുകിട്ടുന്നു. ഇതൂമൂലം വിവിപാറ്റില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഒരു പ്രോഗ്രാമിലൂടെ കണ്‍ട്രോള്‍ യൂനിറ്റിലെ വോട്ടുകളില്‍ തിരിമറി നടത്താന്‍ സാധിക്കും.

2. വിവിപാറ്റിന്റെ ലക്ഷ്യം പരാജയപ്പെട്ടു

ഇവിഎമ്മില്‍ തന്റെ വോട്ട് കൃത്യമായി രേഖപ്പെടുത്തപ്പെട്ടു എന്ന് വോട്ടറെ ബോധ്യപ്പെടുത്താനാണ് വിവിപാറ്റ് കൊണ്ടുവന്നത്. എന്നാല്‍, വിവിപാറ്റ് കണക്്ട് ചെയ്ത രീതി ഈ ലക്ഷ്യത്തെ പരാജയപ്പെടുത്തി. ഡിസൈനില്‍ വോട്ട് അന്തിമമായി രേഖപ്പെടുത്തപ്പെടുന്ന കണ്‍ട്രോള്‍ യൂനിറ്റിനും വോട്ട് ചെയ്യുന്ന ബാലറ്റ് യൂനിറ്റിനും ഇടയിലായാണ് വിവിപാറ്റ് വരുന്നത്. അതായത് വോട്ട് ആദ്യം വിവിപാറ്റില്‍ രേഖപ്പെടുത്തിയ ശേഷമാണ് കണ്‍ട്രോള്‍ യൂനിറ്റിലേക്കു പോകുന്നത്. ഇതിലൂടെ ബാലറ്റ് യൂനിറ്റില്‍ ഏത് ബട്ടനാണ് താന്‍ അമര്‍ത്തിയതെന്ന് വോട്ടര്‍ക്ക് ഉറപ്പിക്കാനാവും. എന്നാല്‍, കണ്‍ട്രോള്‍ യൂനിറ്റില്‍ അതേ വോട്ട് തന്നെയാണോ രേഖപ്പെടുത്തിയത് എന്നറിയാന്‍ ഒരു വഴിയുമില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ ചൂണ്ടിക്കാട്ടി.

3. വിവിപാറ്റ് യന്ത്രം എളുപ്പത്തില്‍ ഹാക്ക് ചെയ്യാം

പോളിങ് ദിനത്തിന് രണ്ടാഴ്ച്ച മുമ്പ് ലാപ്‌ടോപ്പ് പോലെ പുറത്തുനിന്നുള്ള ഡിവൈസ് ഉപയോഗിച്ചാണ് എന്‍ജിനീയര്‍മാര്‍ വിവിപാറ്റിലേക്ക് ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്നത്. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള മാല്‍വെയറുകള്‍ വിവിപാറ്റിലേക്ക് ലോഡ് ചെയ്താല്‍ ജില്ലാ തിരഞ്ഞെടുപ്പ് സംവിധാനത്തിന് ഇത് അറിയാന്‍ ഒരു വഴിയുമില്ല. ലാപ്‌ടോപ്പില്‍ നേരിട്ട് കയറിയോ ലാപ്‌ടോപ്പ് നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിക്കപ്പെട്ട സമയത്ത് പുറത്തുനിന്നോ ഹാക്കിങ് നടത്താന്‍ സാധിക്കും.

ഏത് ഇവിഎം-വിവിപാറ്റ് യന്ത്രങ്ങള്‍ ഏത് മണ്ഡലത്തിലാണ് ഉപയോഗിക്കുക എന്ന് ആര്‍ക്കും മുന്‍കൂട്ടി അറിയാന്‍ സാധിക്കില്ലെന്നാണ് തിരിമിറിയെ പ്രതിരോധിക്കാനുള്ള ന്യായമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയാറുള്ളത്. എന്നാല്‍, മണ്ഡലം തീരുമാനിക്കപ്പെട്ട ശേഷമാണ് വിവിപാറ്റില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്നതെന്നതിനാല്‍ ഇതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കി.

4. മോക്ക്‌പോള്‍ കൊണ്ട് പ്രയോജനമില്ല

തിരഞ്ഞെടുപ്പ് ദിവസം പോളിങ് സ്‌റ്റേഷനുകളില്‍ ഉദ്യോഗസ്ഥരുടെയും പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ 50 വോട്ടുകളുടെ പരീക്ഷണ പോളിങ്(മോക്ക് പോള്‍) നടക്കാറുണ്ട്. ഇവിഎം-വിവിപാറ്റ് കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് പാര്‍ട്ടി ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണിത്.

എന്നാല്‍, ആദ്യ 50 വോട്ടുകള്‍ മോക്ക് പോള്‍ ചെയ്യുമെന്ന് ഹാക്കര്‍ക്ക് അറിയാവുന്നതിനാല്‍ ആദ്യത്തെ 50ഓ നൂറോ വോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന വിധത്തില്‍ ഹാക്കര്‍ക്ക് പ്രോഗ്രാം ചെയ്യാന്‍ പറ്റും. അതുകൊണ്ട് തന്നെ മോക്ക്‌പോള്‍ കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് കണ്ണന്‍ ഗോപിനാഥന്റെ കത്തില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതും മുമ്പ് ഇവിഎം-വിവിപാറ്റ് പ്രശ്‌നത്തെക്കുറിച്ച് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, ഐഎഎസ് ഓഫിസറായിരുന്ന കാലത്ത് ഇങ്ങനെ ഒരു പരാതി അദ്ദേഹം ഉന്നയിച്ചിരുന്നില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. എന്നാല്‍, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന വേളയില്‍ തന്നെ താന്‍ ഇക്കാര്യം ഉയര്‍ത്തിയിരുന്നെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തില്‍ തന്റെ മണ്ഡലത്തിലെ ഒരു ഇവിഎം പോലും തിരിമറിക്ക് വിധേയമായിട്ടില്ലെന്ന് 100 ശതമാനം ഉറപ്പിച്ച് പറയാന്‍ ഒരു റിട്ടേണിങ് ഓഫിസര്‍ക്കു പോലും സാധിക്കില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ അഭിപ്രായപ്പെട്ടു. പുറത്തുനിന്നുള്ള ശക്തികള്‍ക്കോ ശത്രുരാജ്യത്തിനോ വോട്ടിങ് യന്ത്രത്തിലെ പഴുതുകള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനാവുമെന്ന സാഹചര്യം ദേശീയ സുരക്ഷാ ഭീഷണിയല്ലേ എന്നും കണ്ണന്‍ ഗോപിനാഥന്‍ ചോദിച്ചു.

Next Story

RELATED STORIES

Share it