Kerala

കള്ളവോട്ട്: കര്‍ശന നിയമനടപടി വേണമെന്ന് എസ്ഡിപിഐ

കാസര്‍കോട് ജില്ലയില്‍ കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കണ്ടെത്തിയിട്ടും ഓപണ്‍ വോട്ടാണ് നടന്നതെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന മന്ത്രി ഇ പി ജയരാജന്റെയും സിപിഎം നേതാക്കളുടെയും നിലപാട് അപലപനീയമാണ്. കള്ളവോട്ട് ചെയ്യുന്നതില്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഒരേ തൂവല്‍പക്ഷികളാണ്.

കള്ളവോട്ട്: കര്‍ശന നിയമനടപടി വേണമെന്ന് എസ്ഡിപിഐ
X

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്ത് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി വേണമെന്ന് കോഴിക്കോട് ചേര്‍ന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കണ്ടെത്തിയിട്ടും ഓപണ്‍ വോട്ടാണ് നടന്നതെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന മന്ത്രി ഇ പി ജയരാജന്റെയും സിപിഎം നേതാക്കളുടെയും നിലപാട് അപലപനീയമാണ്. കള്ളവോട്ട് ചെയ്യുന്നതില്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഒരേ തൂവല്‍പക്ഷികളാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ വരെ കള്ളവോട്ട് നടന്നതായാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. പോസ്റ്റല്‍ വോട്ടുകളിലും ഓപണ്‍ വോട്ടുകളിലും വരെ ക്രമക്കേട് നടന്നതായി ഉയരുന്ന ആരോപണം ജനാധിപത്യബോധമുള്ളവരില്‍ ഞെട്ടലുളവാക്കുന്നതാണ്. പോലിസ് അസോസിയേഷന്‍ വരെ നീതിപൂര്‍വമായ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതായാണ് ആക്ഷേപമുയരുന്നത്. അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് ഗൗരവതരമാണ്. സുതാര്യവും നീതിപൂര്‍വവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തവരെയും അതിന് ഒത്താശചെയ്തവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കിയാല്‍ മാത്രമേ ഗുരുതരമായ ഇത്തരം ക്രമക്കേടുകള്‍ക്ക് അറുതിവരുത്താനാവൂ എന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സെക്രട്ടേറിയറ്റംഗങ്ങളായ ഇ എസ് ഖാജാ ഹുസൈന്‍, പി കെ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it