Kerala

വിരമിച്ച കോളജ് അധ്യാപകർക്ക് യുജിസി നിരക്കിലുള്ള പെൻഷൻ പരിഷ്‌കരണം മന്ത്രിസഭ ചർച്ച ചെയ്യും

യുജിസിയുടെ ഏഴാം ശമ്പള പരിഷ്‌കരണത്തിന് ആനുകൂല്യം ലഭിക്കാതെ വിരമിച്ച കോളജ് അധ്യാപകരുടെ പെൻഷൻ പരിഷ്‌കരിക്കാനാണ് നീക്കം.

വിരമിച്ച കോളജ് അധ്യാപകർക്ക് യുജിസി നിരക്കിലുള്ള പെൻഷൻ പരിഷ്‌കരണം മന്ത്രിസഭ ചർച്ച ചെയ്യും
X

തിരുവനന്തപുരം: വിരമിച്ച കോളജ് അധ്യാപകർക്ക് യുജിസി നിരക്കിൽ പെൻഷൻ പരിഷ്‌കരണം നടത്തുന്നത് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭ യോഗം ചർച്ച ചെയ്യും. യുജിസിയുടെ ഏഴാം ശമ്പള പരിഷ്‌കരണത്തിന് ആനുകൂല്യം ലഭിക്കാതെ വിരമിച്ച കോളജ് അധ്യാപകരുടെ പെൻഷൻ പരിഷ്‌കരിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച നിർദേശം ധനവകുപ്പിന്‍റെ പരിഗണനയിലാണ്. ധനവകുപ്പിന്‍റെ തീരുമാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് ശുപാർശയായി മന്ത്രിസഭ യോഗത്തിൽ അവതരിപ്പിക്കും. ഇക്കാര്യത്തിൽ മന്ത്രിസഭ യോഗം അനുകൂല തീരുമാനം എടുത്താൽ 9,000 പെൻഷൻകാർക്കാണ് പ്രയോജനം ലഭിക്കുക. പ്രതിമാസം 8,000 രൂപയുടെ വർധന വരെ പലർക്കും പെൻഷനിൽ ഉണ്ടാകും.

മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നൽകുന്നത് സംബന്ധിച്ചും യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. പി.എസ്.സിയിലടക്കം 10 ശതമാനം സംവരണം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. ഇക്കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ വിശദമായ ചർച്ച നടക്കും. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മാറ്റിവെക്കുന്നത് സംബന്ധിച്ച തീരുമാനവും ഇന്നത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകും. സർവീസ് സംഘടനകളുടെ എതിർപ്പ് മാനിച്ച് ശമ്പളം മാറ്റിവയ്ക്കുന്നത് ഒഴിവാക്കാം എന്നാണ് സർക്കാർ തീരുമാനം. ഇതുകൂടാതെ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംബന്ധിച്ചും മന്ത്രിസഭ യോഗം പ്രത്യേകം ചർച്ച ചെയ്യും. രൂക്ഷമായ കൊവിഡ് വ്യാപനത്തിൽ അൽപം കുറവ് വന്നിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ. പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും മന്ത്രിസഭ യോഗം പരിഗണിക്കും.

Next Story

RELATED STORIES

Share it