Kerala

അച്ചടക്കലംഘനങ്ങൾ വച്ചുപൊറുപ്പിക്കില്ല; പുതിയ ഭാരവാഹികളുടെ ആദ്യയോഗത്തില്‍ മുന്നറിയിപ്പുമായി മുല്ലപ്പള്ളി

ഒരു തരത്തിലുള്ള അച്ചടക്കലംഘനങ്ങളും സംസ്ഥാന കോണ്‍ഗ്രസില്‍ വച്ചു പൊറുപ്പിക്കില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എന്തും വിളിച്ചു പറയാമെന്ന് ആരും കരുതേണ്ടെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി.

അച്ചടക്കലംഘനങ്ങൾ  വച്ചുപൊറുപ്പിക്കില്ല; പുതിയ ഭാരവാഹികളുടെ ആദ്യയോഗത്തില്‍ മുന്നറിയിപ്പുമായി മുല്ലപ്പള്ളി
X

തിരുവനന്തപുരം: പുതിയ കെപിസിസി ഭാരവാഹികളുടെ ആദ്യയോഗത്തില്‍ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു തരത്തിലുള്ള അച്ചടക്കലംഘനങ്ങളും സംസ്ഥാന കോണ്‍ഗ്രസില്‍ വച്ചു പൊറുപ്പിക്കില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എന്തും വിളിച്ചു പറയാമെന്ന് ആരും കരുതേണ്ടെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി. കെപിസിസി യുടെ പുതിയ ഭാരവാഹി പട്ടികയെച്ചൊല്ലി കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന പരസ്യ വിമര്‍ശനത്തിനുള്ള മറുപടിയെന്ന രീതിയിലാണ് മറുപടി.

മോഹന്‍ ശങ്കറും സോനയും അടക്കമുള്ളവര്‍ എങ്ങനെ ലിസ്റ്റില്‍ ഇടം നേടിയെന്ന് പരസ്യമായി സംശയമുന്നയിച്ച കെ മുരളീധരനുള്ള മറുപടി മുല്ലപ്പള്ളി കെപിസിസി ഭാരവാഹിയോഗത്തിന്റെ ആമുഖ പ്രസംഗത്തില്‍ തന്നെ നല്‍കി. അര്‍ഹരായവര്‍ മാത്രമാണ് ഭാരവാഹി പട്ടികയില്‍ ഉള്ളതെന്ന് പറഞ്ഞ മുല്ലപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം അവരവരുടേതായ മേഖലകളില്‍ ഉത്തരവാദിത്തവും മികവും കാഴ്ച വച്ചവരാണെന്നും കൂട്ടിച്ചേര്‍ത്തു. ഏറെ കഠിനാധ്വാനം ചെയ്താണ് പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പരസ്യമായ അച്ചടക്കലംഘനം നടത്തുന്നതില്‍ നിന്ന് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ പിന്‍മാറണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ആവശ്യപ്പെട്ടു. ജനപ്രതിനിധികളടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടിക്കെതിരെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് ഗൗരവതരമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തുവരുന്നതിനാല്‍ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുതിര്‍ന്ന നേതാവുമായ എ കെ ആന്റണിയും ആവശ്യപ്പെട്ടു.

പുതുതായി പ്രഖ്യാപിച്ച ഭാരവാഹികളുടെ ആദ്യ യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്തത്. ഭാരവാഹികള്‍ക്ക് ചുമുതല കൈമാറുന്നതിനൊപ്പം പൗരത്വ പ്രതിഷേധത്തിലടക്കം തുടര്‍ സമരങ്ങളെ കുറിച്ചുള്ള ആലോചനകളും ചര്‍ച്ചയായി. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍ അടക്കമുള്ളവരെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല. ജനപ്രതിനിധികളും പങ്കെടുക്കുന്നില്ല.

Next Story

RELATED STORIES

Share it