Kerala

കൊവിഡ് 19: മതപരമായ ചടങ്ങുകളില്‍ പത്തില്‍ കൂടുതല്‍ പേരുണ്ടാവരുതെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍

ഏപ്രില്‍ ഒന്നുവരെയുള്ള ദിവസങ്ങളില്‍ ആരാധനാ സമയംകുറച്ച്, പരമാവധി 10 പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങുകള്‍ മാത്രമായി ഒതുക്കണം. ഓണ്‍ലൈന്‍വഴി പ്രാര്‍ഥനകള്‍ നടത്താനുള്ള സാധ്യതയെക്കുറിച്ച് പരിശോധിക്കണം.

കൊവിഡ് 19: മതപരമായ ചടങ്ങുകളില്‍ പത്തില്‍ കൂടുതല്‍ പേരുണ്ടാവരുതെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍
X

പത്തനംതിട്ട: കൊവിഡ് 19 നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി മതപരമായ ചടങ്ങുകളില്‍ പത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തരുതെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് അഭ്യര്‍ഥിച്ചു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്‍മാരുടെ അടിയന്തരയോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ഏപ്രില്‍ ഒന്നുവരെയുള്ള ദിവസങ്ങളില്‍ ആരാധനാ സമയംകുറച്ച്, പരമാവധി 10 പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങുകള്‍ മാത്രമായി ഒതുക്കണം. ഓണ്‍ലൈന്‍വഴി പ്രാര്‍ഥനകള്‍ നടത്താനുള്ള സാധ്യതയെക്കുറിച്ച് പരിശോധിക്കണം. ശുചിത്വം പാലിക്കണം. ആളുകള്‍ തമ്മില്‍ കണ്ടുമുട്ടുന്ന പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത് വൈറസ് രൂക്ഷമായ 10 രാഷ്ട്രങ്ങളില്‍നിന്നു വന്നവര്‍ക്കു മാത്രമല്ല. അതിനാല്‍, വിദേശത്തുനിന്നു വന്നവര്‍ എല്ലാവരുംതന്നെ കുറഞ്ഞത് 14 ദിവസമെങ്കിലും വീടുകളില്‍ കഴിയണം. ചൈന, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ കൊവിഡ് 19 പടര്‍ന്നുപിടിച്ചതുപോലെ ഇന്ത്യയിലും സംഭവിക്കാന്‍ സാഹചര്യമുള്ളതിനാല്‍ ആളുകള്‍ കൂടുന്ന പരിപാടികള്‍ പരമാവധി ഒഴിവാക്കണം.

ഓരോ മതത്തിന്റെയും ചടങ്ങുകളെയും ആരാധനകളെയും മാനിച്ചുകൊണ്ട് സമൂഹത്തിന്റെ നന്‍മയെക്കരുതി മതമേലധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കണം. ഇതിനായി വരും ആഴ്ചകളില്‍ നൂറുശതമാനം സഹായസഹകരണം മതമേലധ്യക്ഷന്മാരില്‍നിന്നുമുണ്ടാവണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. ഇതരസംസ്ഥാന തൊഴിലാളികളോട് മോശമായി പെരുമാറുകയോ ആട്ടിപ്പായിക്കുകയോ ചെയ്യരുതെന്നും അവര്‍ക്കും ആവശ്യമായ കരുതല്‍ നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു.

എംഎല്‍എമാരായ മാത്യു ടി തോമസ്, രാജു എബ്രഹാം, വീണാ ജോര്‍ജ്, കെ യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, എഡിഎം അലക്‌സ് പി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ എല്‍ ഷീജ, ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഗ്രിഗറി കെ ഫിലിപ്പ്, ഡിപിഎം ഡോ. എബി സുഷന്‍, വിവിധ മതമേലധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it