Kerala

എല്ലാ തദ്ദേശഭരണസ്ഥാപനതലത്തിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍

അടഞ്ഞുകിടക്കുന്ന/ വിട്ടുനല്‍കിയിട്ടുള്ള ആശുപത്രികള്‍, പരിശീലനകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, മത, സാമുദായിക സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയെല്ലാമാണ് സെന്റര്‍ ആരംഭിക്കുന്നതിനായി തിരഞ്ഞെടുക്കുക.

എല്ലാ തദ്ദേശഭരണസ്ഥാപനതലത്തിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ തദ്ദേശഭരണപ്രദേശങ്ങളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കും. പൊതുജനാരോഗ്യസംവിധാനത്തിന്റെ മേലുള്ള ഭാരം കുറയ്ക്കുന്നതിനു ഇതിലൂടെ കഴിയും. കൊവിഡ് രോഗബാധ ഗുരുതരമല്ലാത്തയാളുകള്‍ക്ക് മതിയായ ചികില്‍സ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഇത്തരം സെന്ററുകള്‍ ആരംഭിക്കുന്നത്. ആരോഗ്യവകുപ്പിന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്തരം സെന്ററുകള്‍ ആരംഭിക്കുക.

അടഞ്ഞുകിടക്കുന്ന/ വിട്ടുനല്‍കിയിട്ടുള്ള ആശുപത്രികള്‍, പരിശീലനകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, മത, സാമുദായിക സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയെല്ലാമാണ് സെന്റര്‍ ആരംഭിക്കുന്നതിനായി തിരഞ്ഞെടുക്കുക. ഇപ്രകാരം ആരംഭിക്കുന്ന സെന്ററുകളുടെ ചുമതല അതാത് തദ്ദേശഭരണസ്ഥാപനത്തിന്റെ പരിധിയിലുള്ള ആരോഗ്യകേന്ദ്രത്തിലെ/ആശുപത്രികളിലെ മെഡിക്കല്‍ ഓഫിസര്‍ക്കായിരിക്കും. ആരോഗ്യവകുപ്പായിരിക്കും ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നത്. ഇവിടേക്കാവശ്യമായ മെഡിക്കല്‍ സ്റ്റാഫിന്റെ സേവനം ആരോഗ്യവകുപ്പ് ഉറപ്പാക്കും.

ചികില്‍സ, ചികില്‍സയുമായി ബന്ധപ്പെട്ട ഉപാധികള്‍, ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ഒഴികെയുള്ള ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെയും ദൈനംദിന നടത്തിപ്പിന്റെയും ഭക്ഷണം ശുചിത്വം എന്നിവയുടെയും ചുമതല തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കായിരിക്കും. സര്‍ക്കാര്‍ നിര്‍ദേശാനുസരണം അടിയന്തരഘട്ടങ്ങളില്‍ മരുന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വാങ്ങി നല്‍കാവുന്നതാണ്. സിഎഫ്എല്‍ടിസിയുടെ നടത്തിപ്പിനായി തദ്ദേശഭരണസ്ഥാപനത്തിന്റെ അധ്യക്ഷ/അധ്യക്ഷന്‍ ചെയര്‍പേഴ്‌സനായ കമ്മിറ്റിയുമുണ്ടാവും. ഈ കമ്മിറ്റിയായിരിക്കും സെന്ററിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നടത്തുക.

മനേജിങ് കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഒരു നോഡല്‍ ഓഫിസറുമുണ്ടാവും. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും ഇത്തരം സെന്ററുകളില്‍ ഉറപ്പാക്കും. എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ ഏറ്റെടുക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it