Kerala

തിരുവനന്തപുരത്ത് സിപിഎം വോട്ടുചോര്‍ന്നതായി സിപിഐ

ന്യൂനപക്ഷ ഏകീകരണവും ശബരിമല വിഷയവും വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെങ്കിലും സിപിഎം സ്വാധീന കേന്ദ്രങ്ങളിലെ വോട്ടു ചോര്‍ച്ചയാണ് സി ദിവാകരന്റെ ദയനീയമായ പരാജയത്തിനു കാരണമെന്നാണ് സിപിഐ ജില്ലാ കമ്മിറ്റിയിലെ പൊതുവികാരം.

തിരുവനന്തപുരത്ത് സിപിഎം വോട്ടുചോര്‍ന്നതായി സിപിഐ
X

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സിപിഎമ്മിന്റെ വോട്ടു ചോര്‍ന്നെന്ന ആരോപണവുമായി സിപിഐ. നഗരമേഖലയിലെ മണ്ഡലങ്ങളിലെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ.ശശി തരൂരിന് കിട്ടിയെന്നാണ് സിപിഐ ജില്ലാ കമ്മിറ്റിയോഗത്തില്‍ പ്രതിനിധികള്‍ ഉന്നയിച്ചത്.

ഇതിനെ സാധൂകരിക്കാന്‍ നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലെ വോട്ടു ശതമാനമാണ് അവര്‍ ചൂണ്ടികാട്ടിയത്. ബൂത്തുതലത്തിലെ കണക്കുകള്‍ നിരത്തിയാണ് നേതാക്കള്‍ യോഗത്തില്‍ വിമര്‍ശനം നടത്തിയത്.

വോട്ടുചോര്‍ച്ച തെളിയിക്കുന്ന വിധത്തിലുള്ള തിരഞ്ഞെടുപ്പു ഫലമാണ് പുറത്തുവന്നത്. ന്യൂനപക്ഷ ഏകീകരണവും ശബരിമല വിഷയവും വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെങ്കിലും സിപിഎം സ്വാധീന കേന്ദ്രങ്ങളിലെ വോട്ടു ചോര്‍ച്ചയാണ് സി ദിവാകരന്റെ ദയനീയമായ പരാജയത്തിനു കാരണമെന്നാണ് സിപിഐ ജില്ലാ കമ്മിറ്റിയിലെ പൊതുവികാരം.

അതേസമയം, മോദിക്കു പകരം രാഹുല്‍ എന്ന മുദ്രാവാക്യം തീരമേഖലയിലുള്‍പ്പെടെ ആഞ്ഞുവീശിയ തരംഗമായെന്നും സിപിഐ കരുതുന്നു. ഇതു യുഡിഎഫ് വിജയം എളുപ്പമാക്കി. ശബരിമല വിഷയത്തിലെടുത്ത നിലപാട് വിശ്വാസി സമൂഹത്തെ അകറ്റിയെന്നും ഇടതുപക്ഷത്തിനൊപ്പം നിന്ന വോട്ടര്‍മാര്‍ കോണ്‍ഗ്രസിനു വോട്ടുചെയ്യുന്ന സാഹചര്യമുണ്ടാക്കിയെന്നും സിപിഐ കരുതുന്നു. മുഖ്യമന്ത്രിയുടെ ശൈലിയും പരാജയത്തിനു കാരണമായി എന്ന വിലയിരുത്തലിലാണ് സിപിഐ.

Next Story

RELATED STORIES

Share it