Kerala

ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിനുള്ളില്‍വച്ച് തുന്നിക്കെട്ടി; 3 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഈടാക്കേണ്ട തുക ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് തീരുമാനിക്കാമെന്നും കമ്മിഷന്‍ അംഗം വികെ ബീനാകുമാരി ഉത്തരവില്‍ പറയുന്നു.

ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിനുള്ളില്‍വച്ച് തുന്നിക്കെട്ടി; 3 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
X

തൃശൂര്‍: മെഡിക്കല്‍ കോളജില്‍ നടത്തിയ പാന്‍ക്രിയാസ് ശസ്ത്രക്രിയയ്ക്കിടെ ഉപകരണമായ ഫോര്‍സെപ്‌സ് രോഗിയുടെ വയറിനുള്ളില്‍ മറന്നു വച്ചു തുന്നിക്കെട്ടിയ സംഭവത്തില്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരില്‍ നിന്നു നഷ്ടപരിഹാര തുക ഈടാക്കി പരാതിക്കാരന് നല്‍കണം.

ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഈടാക്കേണ്ട തുക ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് തീരുമാനിക്കാമെന്നും കമ്മിഷന്‍ അംഗം വികെ ബീനാകുമാരി ഉത്തരവില്‍ പറയുന്നു. ഉത്തരവു ലഭിച്ച് ഒരു മാസത്തിനകം തുക നല്‍കണം. അല്ലാത്തപക്ഷം പത്തുശതമാനം പലിശ നല്‍കേണ്ടി വരും. ആരോഗ്യവകുപ്പ് സെക്രട്ടറി തുക കൈമാറിയശേഷം കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

തൃശൂര്‍ കണിമംഗലം സ്വദേശി ഓട്ടോറിക്ഷാ തൊഴിലാളിയായ ജോസഫ് പോള്‍ നല്‍കിയ പരാതിയിലാണ് നടപടി. 2020 മേയ് അഞ്ചിനാണ് ജോസഫ് പോളിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറില്‍ കുടുങ്ങിയ കാര്യം മനസ്സിലാക്കിയത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ ഉപകരണം പുറത്തെടുത്തു.

ജില്ലാ പോലിസ് മേധാവിയില്‍ നിന്നും കമ്മിഷന്‍ അന്വേഷണ റിപോര്‍ട്ട് തേടിയിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ തൃശൂര്‍ മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തു. പിന്നീട് ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കേസ് അന്വേഷണം തുടങ്ങി. ഡോക്ടർമാരുടെ അനാസ്ഥയും അശ്രദ്ധയും കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പോലിസ് റിപോര്‍ട്ടില്‍ പറയുന്നു. ഇതിനു ശേഷം ഡോ. എംഎ ആന്‍ഡ്രൂസ് ചെയര്‍മാനായി മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കി. മെഡിക്കല്‍ ബോര്‍ഡും ഡോക്ടര്‍മാരുടെ ഭാഗത്ത് കുറ്റം കണ്ടെത്തി. ആശുപത്രി സൂപ്രണ്ടിന്റെ വാദം തള്ളിയ കമ്മിഷന്‍ ചികിൽസാ പിഴവുണ്ടായതായി കണ്ടെത്തി. ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഡോ. പോളി ജോസഫ്, ഡോ. അര്‍ഷാദ്, ഡോ. പി ആര്‍ ബിജു, നഴ്‌സുമാരായ മുഹ്‌സിന, ജിസ്മി വര്‍ഗീസ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കമ്മിഷന്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it