Kerala

ഇന്ത്യന്‍ എ ടീമിനെതിരേ മുട്ടുമടക്കി ഇംഗ്ലണ്ട് ലയണ്‍സ്

57 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് കളിയിലെ താരം. ഇംഗ്ലണ്ട് ലയണ്‍സിന് വേണ്ടി സാം ബില്ലിങ്‌സ് സെഞ്ചുറി (108) നേടി.

ഇന്ത്യന്‍ എ ടീമിനെതിരേ മുട്ടുമടക്കി  ഇംഗ്ലണ്ട് ലയണ്‍സ്
X
ഇന്ത്യന്‍ എ ടീമിനെ വിജയത്തിലെത്തിച്ച ശേഷം ഇഷാന്‍ കിഷന്റെ ആഹ്ലാദം

തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിന് വിജയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 57 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് കളിയിലെ താരം. ഇംഗ്ലണ്ട് ലയണ്‍സ് ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം 49.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ എ മറികടന്നത്.

ഇംഗ്ലണ്ട് ടീമിന്റെ വിക്കറ്റ് കീപ്പറായ സാം ബില്ലിങ്‌സിന്റെ സെഞ്ചുറി കരുത്തില്‍(108) ആദ്യം ബാറ്റ് ചെയ്ത ലയണ്‍സ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. 104 പന്ത് നേരിട്ട സാം അഞ്ച് ഫോറും നാലു സിക്‌സും പറത്തി. 64 പന്തില്‍ 54 റണ്‍സെടുത്ത ഓപണര്‍ അലക്‌സ് ഡേവിസും ലയണ്‍സ് നിരയില്‍ തിളങ്ങി. ഇന്ത്യ എ ടീമിനായി സിദ്ധാര്‍ഥ് കൗണ്‍ മൂന്നു വിക്കറ്റ് നേടി. മായങ്ക് മാര്‍ക്കണ്ഡേയും അക്‌സര്‍ പട്ടേലും രണ്ടു വീക്കറ്റും വീതം വീഴ്ത്തി.

ഇംഗ്ലണ്ട് ലയണ്‍സിനായി സെഞ്ചുറി നേടിയ സാം ബില്ലിങ്‌സ്

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ എ ടീം കരുതലോടെയാണ് ബാറ്റ് വീശിയത്. ആദ്യവിക്കറ്റില്‍ രഹാനെയും അന്‍മല്‍പ്രീത് സിങും മികച്ച തുടക്കമാണ് നല്‍കിയത്. 33 റണ്‍സെടുത്ത അന്‍മല്‍പ്രീത് മടങ്ങിയതോടെ ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ രഹാനയ്ക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും നന്നായി ബാറ്റ് വീശിയതോടെ സ്‌കോറിങിനും വേഗത കൂടി. 45 റണ്‍സുമായി മുന്നേറിയ ശ്രേയസ് അയ്യരെ സാക്ക് ചാപ്പല്‍ പുറത്താക്കി. പിന്നാലെ നായകന്‍ അജിങ്ക്യ രഹാനെയും 59 റണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് വീഴ്ചയ്ക്കിടയിലും 57 റണ്‍സുമായി പുറത്താവാതെ നിന്ന ഇഷാന്‍ കിഷനാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ട് ലയണ്‍സിനായി സാക്ക് ചാപ്പല്‍ മൂന്നും ഗ്രിഗറിയും ഡാനിയും രണ്ട് വിക്കറ്റ് വീഴ്ത്തി.


Next Story

RELATED STORIES

Share it