Kerala

ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യം ; നാലു പേരുടെ ജാമ്യം കൂടി റദ്ദാക്കി

വെങ്ങോല സ്വദേശി നിഖില്‍ രാജു (തമ്പി 31), അയ്യമ്പുഴ സ്വദേശി അജീഷ് (35), എടത്തല ചൂണ്ടി സ്വദേശി മണികണ്ഠന്‍ (24), കടുങ്ങല്ലൂര്‍ മുപ്പത്തടം സ്വദേശി അര്‍ജ്ജുന്‍ കെ ദാസ് (27) എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. എറണാകുളം റൂറല്‍ ജില്ലയില്‍ നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് നടപടി

ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യം ; നാലു പേരുടെ ജാമ്യം കൂടി റദ്ദാക്കി
X

കൊച്ചി: ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട നാല് പേരുടെ ജാമ്യം കൂടി റദ്ദാക്കി. വെങ്ങോല സ്വദേശി നിഖില്‍ രാജു (തമ്പി 31), അയ്യമ്പുഴ സ്വദേശി അജീഷ് (35), എടത്തല ചൂണ്ടി സ്വദേശി മണികണ്ഠന്‍ (24), കടുങ്ങല്ലൂര്‍ മുപ്പത്തടം സ്വദേശി അര്‍ജ്ജുന്‍ കെ ദാസ് (27) എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. എറണാകുളം റൂറല്‍ ജില്ലയില്‍ നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് നടപടി.

നാല് പേരും വിവിധ പോലീസ് സ്‌റ്റേഷനുകളിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലിസ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമം., വീട് കയറി ആക്രമണം, കൊലപാതക ശ്രമം എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് നിഖില്‍ രാജു. കൊലപാതക ശ്രമം, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം എന്നിവയടക്കമുള്ള കേസുകളിലെ പ്രതിയാണ് അജീഷ്. മണികണ്ഠന്‍ കൊലപാതകം, കൊലപാതക ശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കേസുകളിലും, അര്‍ജ്ജുന്‍ കെ ദാസ് തട്ടിക്കൊണ്ട്‌പോകല്‍, മയക്കുമരുന്ന് കടത്ത്, കൊലപാതകശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കേസുകളിലും പ്രതികളാണെന്നും പോലിസ് വ്യക്തമാക്കി.

എറണാകുളം റൂറല്‍ ജില്ല പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതികളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുകയും, പൊതുജനസമാധാന ലംഘനം നടത്തുകയും, നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരുടെ മുന്‍കാല കേസുകളുടെ ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പരിശോധിച്ചു വരികയാണെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു. നിലവില്‍ പതിമൂന്ന് പേരുടെ ജാമ്യം റദ്ദാക്കുകയും അറുപത്തിനാല് പേരുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള റിപ്പോര്‍ട്ട് കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും എസ് പി പറഞ്ഞു.

Next Story

RELATED STORIES

Share it