Kerala

വിവാദങ്ങളില്‍ സര്‍ക്കാര്‍ നിസംഗത പാലിച്ചു : കെ സുധാകരന്‍

മതേതരത്വത്തിന് മുറിവേല്‍ക്കുന്നത് നോക്കി നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും പ്രശ്‌നം തണുപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയായിരുന്നെന്നും കെ സുധാകരന്‍ വ്യക്തമാക്കി. പ്രവൃത്തിയില്ലാതെ വാചകമടിയിലൂടെ കാര്യം നടത്താന്‍ ശ്രമിക്കുന്ന സി പി എമ്മിന്റെ സ്ഥായീ ഭാവമാണ് ഇവിടെയും കണ്ടത്. മന്ത്രി വാസവന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചത് വൈകിപ്പോയി

വിവാദങ്ങളില്‍ സര്‍ക്കാര്‍ നിസംഗത പാലിച്ചു : കെ സുധാകരന്‍
X

കൊച്ചി: സാമുദായിക വികാരം കുത്തിയിളക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹവും സര്‍ക്കാരും നിസംഗത പാലിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം പുകയുന്ന അഗ്നിപര്‍വതമായി മാറിയിട്ടും അത് കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദത്തിലെ ചര്‍ച്ച അവസാനിപ്പിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു.

മതേതരത്വത്തിന് മുറിവേല്‍ക്കുന്നത് നോക്കി നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും പ്രശ്‌നം തണുപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയായിരുന്നെന്നും കെ സുധാകരന്‍ വ്യക്തമാക്കി. പ്രവൃത്തിയില്ലാതെ വാചകമടിയിലൂടെ കാര്യം നടത്താന്‍ ശ്രമിക്കുന്ന സി പി എമ്മിന്റെ സ്ഥായീ ഭാവമാണ് ഇവിടെയും കണ്ടത്. മന്ത്രി വാസവന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചത് വൈകിപ്പോയി.ബിഷപ്പിന്റെ പ്രസ്താവനയുടെ തെറ്റും ശരിയും വിലയിരുത്തേണ്ടത് എല്ലാവരും ഒന്നിച്ചിരിക്കുന്ന വേദിയിലാണ്. കാലങ്ങളായി കേരളത്തില്‍ നടക്കുന്ന ചില വിവാദങ്ങളുടെ യാഥാര്‍ഥ്യം അന്വേഷിക്കേണ്ട സര്‍ക്കാര്‍ അത് ചെയ്തില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന് സി പി എമ്മിനെക്കാള്‍ വലിയ ശത്രു ബി ജെ പിയും വര്‍ഗീയ ഫാസിസവുമാണ്. ഒരു സംസ്ഥാനത്ത് മാത്രമുള്ള സി പി എമ്മിനെ തങ്ങള്‍ എന്തിനു പേടിക്കണമെന്നും സുധാകരന്‍ ചോദിച്ചു. തുടര്‍ ഭരണം കിട്ടിയെന്ന അഹങ്കാരം സി പി എമ്മിന് വേണ്ടെന്നും സുധാകരന്‍ പറഞ്ഞു. അനുയായികളില്ലാത്ത നേതാക്കള്‍ മാത്രമാണ് കോണ്‍ഗ്രസില്‍ നിന്ന് പോകുന്നത്. ഇത്തരം നേതാക്കള്‍ പാര്‍ട്ടിക്ക് ഭൂഷണമല്ല.

പാര്‍ട്ടി പുനഃസംഘടന അത്ര എളുപ്പമല്ലെന്നും എങ്കിലും വൈകാതെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.കേഡര്‍ സംവിധാനം എന്തെന്ന് അറിയാത്തവര്‍ അതിന്റെ പരിശീലനം നടക്കുമ്പോള്‍ അവിടെ വന്നാല്‍ മനസിലാക്കാമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.പിണറായി വിജയന്റെ കണ്‍കണ്ട ദൈവമാണ് മോഡി. ലാവ്‌ലിന്‍, കള്ളക്കടത്ത്, സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് തുടങ്ങിയ കേസുകളൊക്കെ എവിടെ പോയെന്നും സുധാകരന്‍ ചോദിച്ചു.

Next Story

RELATED STORIES

Share it