Kerala

ശമ്പളം ചോദിച്ചതിന് പെട്രോൾ പമ്പിൽ നിന്ന് പുറത്താക്കി; യുവതി ഒരാഴ്ചയായി നിരാഹാര സമരത്തിൽ

ഭിന്നശേഷിയുള്ള കുട്ടി ഉൾപ്പെടെ മൂന്നു മക്കളും രോഗിയായ ഭർത്താവുമടങ്ങുന്ന കുടുംബം പ്രീതയുടെ ജോലിയും വരുമാനവും നഷ്ടമായതോടെ കടുത്ത ദുരിതത്തിലാണ്.

ശമ്പളം ചോദിച്ചതിന് പെട്രോൾ പമ്പിൽ നിന്ന് പുറത്താക്കി; യുവതി ഒരാഴ്ചയായി നിരാഹാര സമരത്തിൽ
X

തിരുവനന്തപുരം: കൊവിഡ് കാലത്ത് ശമ്പളം ചോദിച്ചതിന് പെട്രോൾ പമ്പിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരി ഒരാഴ്ചയായി നിരാഹാര സമരത്തിൽ. വള്ളക്കടവ് സ്വദേശിനി പ്രീത ബാബുവാണ് ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പമ്പിനു മുന്നിൽ സമരം ചെയ്യുന്നത്. ട്രേഡ് യൂണിയന്‍റ പിന്തുണയോടെ ഏഴ് ജീവനക്കാർ ജൂണിൽ തുടങ്ങിയ സമരത്തിൽ നിന്ന് ഓരോരുത്തരായി പിന്മാറിയതോടെ പ്രീത ഒറ്റയ്ക്ക് സമരം തുടരുകയാണ്. ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പൊരിവെയിലത്തും പെരുമഴയത്തും പട്ടിണിസമരത്തിന് ഇപ്പോൾ പ്രീത മാത്രം. മാസങ്ങൾക്ക് മുമ്പ് സമരം തുടങ്ങിയപ്പോൾ പ്രീത ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമരത്തിനുണ്ടായിരുന്നവരെ തന്ത്രപരമായി മാനേജ്മെന്‍റ് ഒപ്പംകൂട്ടിയതോടെയാണ് പ്രീത ഒറ്റയ്ക്കായത്.

സമരം പ്രഖ്യാപിച്ചത് ട്രേഡ് യൂണിയൻ നേതാവിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു. മാനേജ്മെന്‍റിന് അനുകൂലമായി ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടാക്കാൻ ശ്രമിച്ച ട്രേഡ് യൂണിയൻ നേതാവിനെ എതിർത്തതോടെ പ്രീതയ്ക്ക് സംഘടനയുടെ പിന്തുണയും നഷ്ടപ്പെട്ടു. ഭിന്നശേഷിയുള്ള കുട്ടി ഉൾപ്പെടെ മൂന്നു മക്കളും രോഗിയായ ഭർത്താവുമടങ്ങുന്ന കുടുംബം പ്രീതയുടെ ജോലിയും വരുമാനവും നഷ്ടമായതോടെ കടുത്ത ദുരിതത്തിലാണ്. നാട്ടുകാരും തിരുവനന്തപുരം മേയറും ഇടപെട്ടു നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് മാനേജ്മെന്‍റ് വഴങ്ങിയിട്ടില്ല. ജോലിയില്ലെങ്കിൽ മരണം വരെ സമരം എന്ന കടുത്ത നിലപാടിലാണ് പ്രീതയും.

Next Story

RELATED STORIES

Share it