Kerala

മലബാര്‍ സമരം: മുന്‍വിധികളല്ല, വസ്തുതകളാണ് ആധാരമാക്കേണ്ടത്- ചരിത്രസെമിനാര്‍

'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: ജീവിതവും പോരാട്ടവും' എന്ന ശീര്‍ഷകത്തിലായിരുന്നു സെമിനാര്‍.

മലബാര്‍ സമരം: മുന്‍വിധികളല്ല, വസ്തുതകളാണ് ആധാരമാക്കേണ്ടത്- ചരിത്രസെമിനാര്‍
X

വേങ്ങര: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തുല്യതയില്ലാത്ത പോരാട്ടങ്ങളാണ് മലബാര്‍ സമരമെന്നും മുന്‍വിധികളല്ല, വസ്തുതകളാണ് ഇതിന്റെ പുനര്‍വായനയ്ക്ക് ആധാരമാക്കേണ്ടതെന്നും ഗ്രീന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചരിത്രസെമിനാര്‍ അഭിപ്രായപ്പെട്ടു. 'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: ജീവിതവും പോരാട്ടവും' എന്ന ശീര്‍ഷകത്തിലായിരുന്നു സെമിനാര്‍. ഇന്ത്യയിലെ ആദ്യത്തെ കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ മലബാറില്‍നിന്നാണ് തുടക്കംകുറിച്ചത്. അതാത് കാലത്തെ വൈദേശികശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകള്‍ക്ക് നായകത്വമേകിയ കുഞ്ഞാലി മരയ്ക്കാര്‍ മുതല്‍ വാരിയംകുന്നന്‍വരെയുള്ള സമരപോരാളികളോട് രാജ്യം കടപ്പെട്ടിരിക്കുന്നു.

വെറും ഗറില്ലാ പോരാട്ടത്തിലൂടെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ആറുമാസത്തേക്ക് മലബാറില്‍നിന്ന് കെട്ടുകെട്ടിക്കാന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കായി. അക്കാലത്തെ ഏറ്റവും പ്രചാരമുള്ള ലണ്ടന്‍ ടൈംസ് അടക്കമുള്ള പത്രങ്ങള്‍ ഈ സംഭവം ഏറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഈ പരാജയം ഗൗരവമായ ചര്‍ച്ചകള്‍ക്ക് കാരണമായി. അക്കാലത്ത് അവര്‍ക്കേറ്റ കനത്ത ആഘാതമായിരുന്നു മലബാറിലേത്. എന്നാല്‍, ഈ വീറുറ്റസമരത്തെയും അതിന്റെ നായകരെയും തെറ്റിദ്ധരിപ്പിക്കാനും തമസ്‌കരിക്കാനുമുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങളാണ് നിര്‍ഭാഗ്യവശാല്‍ പിന്നീടുണ്ടായത്. ആ ജ്വലിക്കുന്ന സമരസ്മരണകള്‍ക്ക് നൂറാണ്ട് തികയുമ്പോഴും ഇത് അഭംഗുരം തുടരുകയാണ്.

ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും മലബാര്‍ സമരങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ പൊതുശ്രദ്ധയിലെത്തിക്കാന്‍ കൂടുതല്‍ ഗൗരവമായ ശ്രമങ്ങളുണ്ടാവണമെന്നും സെമിനാര്‍ നിരീക്ഷിച്ചു. ചരിത്രഗവേഷകനും കൊണ്ടോട്ടി മോയീന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി ചെയര്‍മാനുമായ ഡോ: ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് അരീക്കന്‍ ലതീഫ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി ടി നാസര്‍, ഐപിഎച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ കെ ടി ഹുസൈന്‍, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ പി ഒ റഹ്മത്തുല്ല, മാപ്പിള ചരിത്രഗവേഷകന്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, ജനറല്‍ സെക്രട്ടറി വി എന്‍ ഫൈസല്‍ മാലിക്, ട്രഷറര്‍ പി കെ അലി ഹസന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it