Kerala

മന്നം ജയന്തി അവധി: രണ്ടുതവണ നിവേദനം നല്‍കിയിട്ടും പരിഗണിച്ചില്ല; മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എന്‍എസ്എസ്

മുന്നാക്കസമുദായങ്ങള്‍ക്കുവേണ്ടിയുള്ള 10 ശതമാനം സാമ്പത്തികസംവരണം നടപ്പാക്കുന്നതിലേക്കുള്ള മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത് പെരുമാറ്റച്ചട്ടം മൂലമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വസ്തുതാ വിരുദ്ധമാണ്.

മന്നം ജയന്തി അവധി: രണ്ടുതവണ നിവേദനം നല്‍കിയിട്ടും പരിഗണിച്ചില്ല; മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എന്‍എസ്എസ്
X

കോട്ടയം: മന്നം ജയന്തി പൊതു അവധിയാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിലെ പൊള്ളത്തരം ആര്‍ക്കും മനസ്സിലാക്കാവുന്നതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി പൊതുഅവധി ദിവസമാണെങ്കിലും, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പൊതു അവധിയായിക്കൂടി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 21.12.2017ലും 6.2.2018ലും രണ്ട് നിവേദനങ്ങളാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നത്.

പുതുതായി അവധികളൊന്നും അനുവദിക്കേണ്ടതില്ല എന്നതാണ് സര്‍ക്കാരിന്റെ പൊതുവായ നയമെന്നും താങ്കളുടെ ആവശ്യം പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്നുമായിരുന്നു ആദ്യത്തെ നിവേദനത്തിനുള്ള മറുപടി. രണ്ടാമത്തെ നിവേദനത്തിനും സമാനമായ മറുപടിയാണ് നല്‍കിയത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം 15 ദിവസത്തിലധികം പൊതുഅവധി അനുവദിക്കരുതെന്ന് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്.

എന്നിരുന്നാലും സംസ്ഥാനത്തെ പൊതുഅവധികള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിലും കൂടുതലായി അനുവദിക്കേണ്ടിവരുന്നുണ്ടെന്നും 2018 വര്‍ഷത്തില്‍ ഇത്തരത്തിലുള്ള 18 അവധികള്‍ അനുവദിച്ചിട്ടുള്ള സാഹചര്യത്തിലും പുതുതായി അവധികളൊന്നും അനുവദിക്കേണ്ടതില്ലെന്ന പൊതുനയത്തിന്റെ അടിസ്ഥാനത്തിലും അപേക്ഷയിലെ ആവശ്യം അംഗീകരിക്കാന്‍ നിര്‍വാഹമില്ലെന്നും വിശദീകരണം നല്‍കി.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മറുപടി. മുന്നാക്കസമുദായങ്ങള്‍ക്കുവേണ്ടിയുള്ള 10 ശതമാനം സാമ്പത്തികസംവരണം നടപ്പാക്കുന്നതിലേക്കുള്ള മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത് പെരുമാറ്റച്ചട്ടം മൂലമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വസ്തുതാ വിരുദ്ധമാണ്.

10 മാസങ്ങള്‍ക്കു മുമ്പുതന്നെ മുന്നാക്ക സമുദായപട്ടിക ഉള്‍പ്പെടുന്ന മുന്നാക്ക സമുദായ കമ്മീഷന്‍ റിപോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്ന സാഹചര്യത്തിലാണ് പെരുമാറ്റച്ചട്ടമാണ് പട്ടിക പ്രസിദ്ധീകരണത്തിന് തടസ്സമായതെന്നും ഇപ്പോള്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ മറുപടി. മുന്നാക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം ചോദ്യം ചെയ്ത് എന്‍എസ്എസ് നല്‍കിയ ഉപഹരജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്‍എസ്എസ്സിന് ആരോടും ശത്രുതയില്ല. ഉള്ള കാര്യം തുറന്നു പറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it