Kerala

കൊവിഡ് 19: കൂട്ടം കൂടിയാൽ കർശന നടപടിയെന്ന് മന്ത്രി കടകംപള്ളി

കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹിക വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുന്നു.

കൊവിഡ് 19: കൂട്ടം കൂടിയാൽ കർശന നടപടിയെന്ന് മന്ത്രി കടകംപള്ളി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത് വീണ്ടും ഓർമിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാല്‍ കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ ഒരു ടിവി ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം. ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ആളുകള്‍ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ സംസ്ഥാനത്തുടനീളം ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ ആരോഗ്യ വകുപ്പ് സ്വീകരിക്കുമ്പോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്. ഇത് ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും.

ഇന്ന് ഈ സംഘം ആറ്റിങ്ങലിലും ഒരു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ കാണാനിടയായിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് 19-ന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആൾക്കൂട്ടം അനുവദിക്കാൻ പാടില്ലെന്ന് ബന്ധപ്പെട്ട പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്‌‌. അതിന് മുതിരുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

നാം ഇന്ന് ഒരു അദൃശ്യനായ മഹാമാരിയെ നേരിടുകയാണ്. നമ്മൾ ഒരോത്തരുടെയും ജാഗ്രത കുറവ്‌ കാരണം നമ്മുടെ സമൂഹം തന്നെ അതിന്റെ ഭവിഷത്ത്‌ അനുഭവിക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യം നമുക്ക്‌ തന്നെ ഉണ്ടാകണം. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹിക വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുന്നു. ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it