Kerala

അലന്‍ വാക്കര്‍ ഡിജെ ഷോക്കിടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച; പിന്നില്‍ വന്‍ ആസൂത്രണം; പ്രതികള്‍ക്കായി രാജ്യവ്യാപക തിരച്ചില്‍

അലന്‍ വാക്കര്‍ ഡിജെ ഷോക്കിടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച; പിന്നില്‍ വന്‍ ആസൂത്രണം; പ്രതികള്‍ക്കായി രാജ്യവ്യാപക തിരച്ചില്‍
X

കൊച്ചി:കൊച്ചിയിലെ അലന്‍ വാക്കര്‍ ഡിജെ ഷോയ്‌ക്കെിടെ നടന്ന മെഗാ മൊബൈല്‍ഫോണ്‍ കവര്‍ച്ചക്ക് പിന്നില്‍ വന്‍ ആസൂത്രണമെന്ന് പോലിസ്. ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകളാണ് മോഷണം പോയത്. ഗോവയിലും, ചെന്നൈയിലും നടന്ന ഡിജെ ഷോയ്ക്കിടെയും സമാന കവര്‍ച്ച നടത്തിയ സംഘത്തിനായി രാജ്യവ്യാപക അന്വേഷണത്തിനു തുടക്കമിട്ടിരിക്കുകയാണ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.

പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോ, സ്റ്റേജില്‍ അലന്‍ വാക്കര്‍ സംഗീതത്തിന്റെ ലഹരി പടര്‍ത്തുമ്പോഴാണ് സംഗീതാസ്വാദകര്‍ക്കിടയില്‍ സിനിമാ സ്‌റ്റൈലിലുള്ള വന്‍ കവര്‍ച്ച നടന്നത്. കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം കാണികള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി. ചടുല താളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കിനിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്. അതില്‍ 60000 രൂപയില്‍ കുറഞ്ഞ ഫോണുകള്‍ ഒന്നുമില്ല, ഒന്നരക്ഷംവരെയാണ് മോഷണം പോയ ചില മൊബൈല്‍ ഫോണുകളുടെ വില. ഫോണ്‍ നഷ്ടമായവര്‍ പോലിസിനെ സമീപിച്ചതോടെയാണ് ഉത്തരേന്ത്യന്‍ കവര്‍ച്ച സംഘത്തിലേക്ക് സംശയം നീളുന്നത്. പലരുടെയും ഫോണുകള്‍ സംസ്ഥാനം വിട്ടു. നഷ്ടപ്പെട്ട ഫോണുകളില്‍ ഒരെണ്ണം മഹാരാഷ്ട്രയിലെ പന്‍വേല്‍ കടന്നെന്ന് ട്രാക്കിംഗ് വഴി വ്യക്തമായി. മറ്റൊരു ഫോണ്‍ കര്‍ണാകടയിലെ ഷിമോഗയിലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ചെന്നൈയിലും, ഗോവയിലും നടന്ന അലന്‍ വാക്കര്‍ ഷോയ്ക്കിടെയും സമാനമായ കുറ്റകൃത്യം നടന്നിരുന്നു. അന്നും വിഐപി ടിക്കറ്റെടുത്തവര്‍ക്കിടയില്‍ നിന്നായിരുന്നു കവര്‍ച്ച. ഡിജെ ഷോയുടെ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും നഷ്ടപെട്ട ഫോണുകളുടെ വിവരങ്ങളെല്ലാം പോലിസ് ശേഖരിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലിസ് ഇപ്പോള്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.




Next Story

RELATED STORIES

Share it