Kerala

മഴക്കെടുതി; സംസ്ഥാനത്ത് ആറ് മരണം; 17കാരന്‍ ഷോക്കേറ്റ് മരിച്ചു

ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ആദിത്യ ബിജു (18) ആണ് മരിച്ചത്.

മഴക്കെടുതി; സംസ്ഥാനത്ത് ആറ് മരണം; 17കാരന്‍ ഷോക്കേറ്റ് മരിച്ചു
X

കോട്ടയം: സംസ്ഥാനമെമ്പാടും കനത്ത മഴതുടരുന്നതിനിടെ മഴക്കെടുതികളില്‍ വ്യാഴാഴ്ച മാത്രം ആറു മരണം. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് വിവിധ അപകടങ്ങളിലായി ആളുകള്‍ മരിച്ചത്. കോഴിക്കോട് വടകര മണിയൂരില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് പതിനേഴുകാരന്‍ മരിച്ചു. വടകര മണിയൂര്‍ മുതുവന കടയക്കൂടി ഹമീദിന്റെ മകന്‍ മുഹമ്മദ് നിഹാല്‍ (17) ആണ് മരിച്ചത്. വൈകിട്ട് സൈക്കിളില്‍ പോകുമ്പോള്‍ തെങ്ങ് വീണു പൊട്ടിയ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

വെള്ളക്കെട്ടില്‍ വീണ് കോട്ടയം അയ്മനത്തു വയോധികന്‍ മരിച്ചു. അയ്മനം പുലിക്കുട്ടിശേരി മുട്ടേല്‍ സ്രാമ്പിത്തറ വീട്ടില്‍ ഭാനുകറുമ്പനാണു (73) മരിച്ചത്. വീട്ടിലെ കന്നുകാലിക്കു പുല്ല് നല്‍കാനായി വീട്ടുമുറ്റത്തെ വെള്ളക്കെട്ടിലൂടെ പോയപ്പോഴാണ് അപകടം. വെള്ളക്കെട്ടില്‍ കാല്‍വഴുതി വീണാണ് അപകടം. ഏറെ നേരം കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്.കോട്ടയം തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ആദിത്യ ബിജു (18) ആണ് മരിച്ചത്.

വീടിനു മുകളില്‍ വീണ മരം വെട്ടിമാറ്റുന്നതിനിടെ തിരുവനന്തപുരം പാറശാലയില്‍ ഗൃഹനാഥന്‍ മരിച്ചു. ചെറുവാരക്കോണത്ത് ചന്ദ്രനാണ് മരിച്ചത്. ആര്യനാട് 15 വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. അക്ഷയ് ആണ് മരിച്ചത്. ആലപ്പുഴ ചെങ്ങന്നൂര്‍ മുളക്കുഴ പിരളശ്ശേരി സിഎസ്‌ഐ പള്ളിക്ക് സമീപം മരം മുറിക്കുന്നതിനിടെ കാല്‍ വഴുതി വീണ തൊഴിലാളി മരിച്ചു. മാവേലിക്കര തഴക്കര പൂമാത്തറയില്‍ ശശി ചന്ദ്രന്‍ (63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുളക്കുഴ പലയ്ക്കാമല തെങ്ങുംപറമ്പില്‍ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം വെള്ളിയാഴ്ച 2ന് തഴക്കര വീട്ടുവളപ്പില്‍ ഭാര്യ: ശാന്തമ്മ. മക്കള്‍: ശില്‍പ്പ, ശിശിര.


Next Story

RELATED STORIES

Share it