Kerala

സില്‍വര്‍ ലൈന്‍: നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

ജനപ്രതിനിധികളുമായോ രാഷ്ട്രീയ കക്ഷി നേതാക്കളുമായോ സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത മുഖ്യമന്ത്രി പൗരപ്രമുഖന്‍മാര്‍ക്ക് മുന്നില്‍ വിശദീകരിച്ചാല്‍ അതിനെ അംഗീകരിക്കില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലാണ് മുഖ്യമന്ത്രി പദ്ധതിയെ കുറിച്ച് വിശദീകരിക്കേണ്ടത്

സില്‍വര്‍ ലൈന്‍: നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്
X

ആലപ്പുഴ: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകാതിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പൗരപ്രമുഖന്‍മാരെ കാണാന്‍ നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.പണ്ടുകാലങ്ങളില്‍ വോട്ടവകാശമുണ്ടായിരുന്നത് പൗരപ്രമുഖര്‍ക്കും ഭൂവുടമകള്‍ക്കും സമ്പന്നര്‍ക്കും മാത്രമായിരുന്നു. ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത മുഖ്യമന്ത്രി വരേണ്യ വര്‍ഗക്കാരുമായി മാത്രം സംസാരിക്കാന്‍ ഇറങ്ങിയിരിക്കുന്നത് പദ്ധതിയെ കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

ഡിപിആര്‍ പോലും പുറത്തിറക്കാതെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോയാല്‍ പ്രതിപക്ഷം അതിനെ എതിര്‍ക്കും. ജനപ്രതിനിധികളുമായോ രാഷ്ട്രീയ കക്ഷി നേതാക്കളുമായോ സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത മുഖ്യമന്ത്രി പൗരപ്രമുഖന്‍മാര്‍ക്ക് മുന്നില്‍ വിശദീകരിച്ചാല്‍ അതിനെ അംഗീകരിക്കില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലാണ് മുഖ്യമന്ത്രി പദ്ധതിയെ കുറിച്ച് വിശദീകരിക്കേണ്ടത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ആറു ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. രണ്ടു ലക്ഷം കോടിയോളം രൂപ ചെലവുള്ള പദ്ധതി രഹസ്യമായും ദുരൂഹമായും നടപ്പാക്കാന്‍ അനുവദിക്കില്ല.

പൗരപ്രമുഖര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഒപ്പമല്ല രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വിളിക്കേണ്ടത്. മുഖ്യമന്ത്രി പറയുന്നതിന് യെസ് പറയുന്നവരെയാണ് വിളിച്ചുകൂട്ടിയിരിക്കുന്നത്. പദ്ധതിയെ കുറിച്ച് നിയമസഭയിലാണ് ചര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ പൗരപ്രമുഖര്‍ക്ക് പിന്നാലെ നടക്കുകയല്ല വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കേരളത്തില്‍ പോലിസും വര്‍ഗീയവാദികളും ഗുണ്ടകളും അഴിഞ്ഞാടുകയാണ്. പോലിസിനെ പാര്‍ട്ടി നേതാക്കള്‍ നിയന്ത്രിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പോലിസ് പരാജയപ്പെട്ടു.

എന്തു സംഭവം ഉണ്ടായാലും ഒറ്റപ്പെട്ടതാണെന്നു പറഞ്ഞ് മുഖ്യമന്ത്രി പോലിസിനെ ന്യായീകിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ഗവര്‍ണര്‍ നിയമവിരുദ്ധതയ്ക്ക് കൂട്ടുനിന്നെന്നുമാണ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസിലും യുഡിഎഫിലും ഒറ്റ അഭിപ്രായമേയുള്ളൂ. ഭിന്നതയുണ്ടെന്നു വരുത്തി അത് ആഘോഷിക്കാന്‍ ആരും വരേണ്ടതില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it