Kerala

സ്വപ്ന ഇ.ഡിക്ക് നല്‍കിയ മൊഴി പുറത്ത്: മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം; ജോലി തരപ്പെടുത്താൻ കെ ടി ജലീൽ വിളിച്ചിരുന്നു

തൻ്റെ പിതാവ് മരിച്ചപ്പോൾ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി അനുശോചനം അറിയിച്ചിരുന്നു. അന്ന് ശിവശങ്കറിന്‍റെ ഫോണിൽ നിന്നാണ് വിളിച്ചതെന്നും സ്വപ്‌ന സുരേഷ് മൊഴി നൽകി.

സ്വപ്ന ഇ.ഡിക്ക് നല്‍കിയ മൊഴി പുറത്ത്: മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം; ജോലി തരപ്പെടുത്താൻ കെ ടി ജലീൽ വിളിച്ചിരുന്നു
X

തിരുവനന്തപുരം: സ്വപ്ന സുരേഷ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി പുറത്ത്. യുഎഇ കോണ്‍സുലേറ്റില്‍ പരിചയക്കാരന് ജോലി തരപ്പെടുത്താനായി മന്ത്രി കെ ടി ജലീല്‍ ശുപാര്‍ശയുമായി തന്നെ വിളിച്ചിരുന്നതായി സ്വപ്ന സുരേഷിന്റ മൊഴി. ആയിരം ഭക്ഷ്യ കിറ്റ് മന്ത്രി ജലീല്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരായ ജലീലും കടകംപള്ളി സുരേന്ദ്രനും കോണ്‍സുലേറ്റില്‍ എത്തിയിരുന്നുവെന്നും സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗികമായ ബന്ധമാണ് ഉള്ളതെന്നും വ്യക്തിപരമായി തനിക്ക് അടുപ്പം ഉണ്ടായിരുന്നില്ലെന്ന് സ്വപ്നയുടെ മൊഴി. അദ്ദേഹത്തിന്റെ കുടുംബവുമായും അടുപ്പമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാണ്. ഒരിക്കൽ ഷാർജാ ഭരണാധികാരി കേരളത്തിൽ എത്തിയപ്പോൾ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നത് എങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും സ്വപ്ന മൊഴി നൽകി. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് സംസാരിച്ചത്. തന്റെ പിതാവ് മരിച്ചപ്പോള്‍ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി അനുശോചനം അറിയിച്ചിരുന്നു. അന്ന് ശിവശങ്കറിന്റെ ഫോണില്‍ നിന്നാണ് വിളിച്ചതെന്നും സ്വപ്ന സുരേഷ് മൊഴി നല്‍കി.

കോൺസൽ ജനറലിന്റെ ഒപ്പമല്ലാതെ, താൻ ഒരു തവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടത്. ഷാർജ ഭരണാധികാരിയുടെ സ്വീകരണവുമായി ബന്ധപ്പെട്ടാണ് അത്. ഔദ്യോഗികമായ കൂടിക്കാഴ്ചകൾ മാത്രമെ ഉണ്ടായിട്ടുള്ളു. കോൺസൽ ജനറൽ മുഖ്യമന്ത്രിയെ കാണാൻ പോയ സമയത്ത് താനും ഉണ്ടായിരുന്നു. അതിന് ശേഷം ഷാർജ സുൽത്താന്റെ വരവുമായി ബന്ധപ്പെട്ട് 2018-ലാണ് മുഖ്യമന്ത്രിയെ കണ്ടത്. ആ സമയത്ത് ഷാർജ സുൽത്താനെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ തന്നോട് കോൺസുലേറ്റിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ട് കാര്യങ്ങൾ വിശദീകരിച്ചതെന്നും സ്വപ്ന.

കെ ടി ജലീലിന്റെ ഫോണ്‍ നമ്പര്‍ കാണിച്ച് ആരുടേതാണെന്ന് അറിയുമോയെന്ന് ഇഡി ചോദിച്ചപ്പോള്‍ ഇത് ജലീലിന്റേതാണെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ട്. പല തവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നും റമദാന്‍ കിറ്റിനായി ഇങ്ങോട്ട് വിളിച്ച് ആവശ്യപ്പെടുകയായിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കി. അലാവുദ്ദീന്‍ എന്നയാളുടെ ജോലിക്കാര്യവുമായി ബന്ധപ്പെട്ടാണ് പിന്നെ വിളിച്ചത്. യുഎഇയില്‍ കേസില്‍ പെട്ട ഒരാളെ ഇങ്ങോട്ട് ഡീപോര്‍ട്ട് ചെയ്യാനായി വ്യക്തിപരമായി അപേക്ഷ നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

രണ്ടു തവണയിലധികം കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരും മകനും കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്ന് സ്വപ്ന പറയുന്നു. എന്നാല്‍ എന്താണ് സംസാരിച്ചതെന്നറിയില്ല. കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്ച. സാമ്പത്തിക സഹായം നല്‍കിയതായി അറിയില്ലെന്നും ഇഡി മുമ്പാകെ സ്വപ്ന വ്യക്തമാക്കി.

Next Story

RELATED STORIES

Share it