Soft News

2020ന്റെ നിറം നിയോമിന്റ്

ഓരോ വര്‍ഷത്തിനും ഓരോ നിറമുണ്ടത്രെ! ട്രെന്‍ഡ് ഫോര്‍കാസ്‌റ്റേഴ്‌സ് എന്നു പറയുന്ന കൂട്ടരാണത്രെ ഇത്തരം കണക്കെടുപ്പൊക്കെ നടത്തുന്നത്. ഭാവിയുടെ വര്‍ഷം എന്നറിയപ്പെടുന്ന 2020ല്‍ അതായത് ഒളിംപിക്‌സിനൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന വര്‍ഷത്തെ നിറം നിയോമിന്റ് ആയിരിക്കുമത്രെ.

2020ന്റെ നിറം നിയോമിന്റ്
X

സരിത മാഹിന്‍

ഓരോ ദിവസത്തിനും ഒരു നിറമുണ്ട്. ഓരോ നഗരത്തിനും ഓരോ ദിവസവും വ്യത്യസ്ത നിറങ്ങളുമുണ്ടാവും. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ മനസ്സിലാവും മിക്കവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നത്. ഒരുകാലത്ത് അതനിക്ക് ഹോബിയായിരുന്നു. ടൗണില്‍ പോവുമ്പോഴെല്ലാം ഞാന്‍ നോക്കും ഇന്നത്തെ നിറമെന്തെന്ന്. ഒരു ദിവസം നീലയാണെങ്കില്‍ അടുത്ത ദിവസം അത് പച്ചയോ ചുവപ്പോ ആയിരിക്കാം.

എന്നാല്‍, ഓരോ വര്‍ഷത്തിനും ഓരോ നിറമുണ്ടത്രെ! ട്രെന്‍ഡ് ഫോര്‍കാസ്‌റ്റേഴ്‌സ് എന്നു പറയുന്ന കൂട്ടരാണത്രെ ഇത്തരം കണക്കെടുപ്പൊക്കെ നടത്തുന്നത്. ഭാവിയുടെ വര്‍ഷം എന്നറിയപ്പെടുന്ന 2020ല്‍ അതായത് ഒളിംപിക്‌സിനൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന വര്‍ഷത്തെ നിറം നിയോമിന്റ് ആയിരിക്കുമത്രെ. ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള ട്രെന്‍ഡ് ഫോര്‍കാസ്റ്റിങ് കമ്പനിയായ ഡബ്ല്യുജിഎസ്എന്‍ ആണ് നിയോമിന്റിനെ തിരഞ്ഞെടുത്തത്.

സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡും ഡാറ്റാ അനാലിസിസും ഇവന്റ് മാപ്പിങും ഒക്കെ നോക്കിയാണ് നിറത്തെ തിരഞ്ഞെടുത്തത്. പച്ചയുടെ ഒരു നിറഭേദമാണ് നിയോമിന്റ്. 2020നോട് ചേര്‍ന്നുപോവുന്ന നിറമാണത്രെ ഇത്. കാരണം, ടെക്‌നോളജി അതിന്റെ പരകോടിയില്‍ എത്തുന്ന വര്‍ഷമാണല്ലോ 2020. യൂബര്‍ പറക്കുന്ന കാബുകള്‍ പുറത്തിറക്കുന്നത് ആ വര്‍ഷമാണ്. ലോകത്തെ പുതിയ ഉയരം കൂടിയ കെട്ടിടം പണി പൂര്‍ത്തിയാവുന്നതും അപ്പോള്‍ തന്നെ. ഇപ്പോള്‍ തന്നെ ചിലയിടങ്ങളിലെല്ലാം ഈ നിറം ഉപയോഗിച്ചു തുടങ്ങി.

കളര്‍ ട്രെന്‍ഡ് അത്ര പെട്ടെന്ന് പടരുന്ന ഒന്നല്ലാന്ന് ഡബ്ല്യുജിഎസ്എന്‍ പറയുന്നത്. ഒരു ഫാഷന്‍ ഷോയില്‍ ശ്രദ്ധിക്കപ്പെട്ട നിറമായതുകൊണ്ടോ ഒരു പ്രമുഖ വ്യക്തി ധരിച്ചതുകൊണ്ടോ ആ നിറം പെട്ടെന്ന് ആരും ഉപയോഗിക്കാന്‍ വഴിയില്ല. അതിന് സമയമെടുക്കും. 2020ഓടെ മാത്രമേ നിയോമിന്റ് ട്രെന്‍ഡാവുകയുള്ളൂ. ഹാരി രാജകുമാരന്റെയും മേഗന്‍ മെര്‍ക്കലിന്റെയും വിവാഹത്തിന് വധുവിന്റെ മാതാവ് സോറിയ റാഗ്‌ലന്റ് ധരിച്ച വസ്ത്രം നിയോമിന്റ് നിറത്തിലുള്ളതായിരുന്നു.

ഏതെങ്കിലും കമ്പനി നിറം ശരിക്കും പ്രവചിച്ചിട്ടുണ്ടാവുമോ എന്തോ. ഫ്രോസണ്‍ യെല്ലോയാണ് 2018ലെ നിറം ഏതെങ്കിലും ഒരു മഞ്ഞക്കുപ്പായം എന്റെ വാര്‍ഡ്രോബിലില്ല എന്നതാണ് വാസ്തവം. കളര്‍ ഏതായാലും അത് ഉപയോഗിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് നിങ്ങളാണ്.




Next Story

RELATED STORIES

Share it