Gulf

കുവൈത്തില്‍ ഈ വര്‍ഷം പൊതുമാപ്പുണ്ടായിരിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം

പൊതുമാപ്പ് പ്രതീക്ഷിച്ച് താമസ നിയമലംഘനം നടത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു ഇത്തരമൊരു തീരുമാനം.

കുവൈത്തില്‍ ഈ വര്‍ഷം പൊതുമാപ്പുണ്ടായിരിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമലംഘകര്‍ക്ക് ഈവര്‍ഷം പൊതുമാപ്പുണ്ടായിരിക്കുന്നതല്ലെന്ന് ആഭ്യന്തര മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപോര്‍ട്ട് ചെയ്തു. പൊതുമാപ്പ് പ്രതീക്ഷിച്ച് താമസ നിയമലംഘനം നടത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു ഇത്തരമൊരു തീരുമാനം. നിയമലംഘകരെ പിടികൂടുന്നതിനു രാജ്യവ്യാപകമായ തിരച്ചില്‍ ശക്തമാക്കുമെന്നും പിടിയിലാവുന്നവരെ രാജ്യത്തേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും അഞ്ചുവര്‍ഷത്തെ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

നിയമലംഘകര്‍ തങ്ങളുടെ സ്‌പോണ്‍സര്‍മാരില്‍നിന്നും ഒളിച്ചോടി പുറംജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇവര്‍ പുറംജോലികള്‍ ചെയ്ത് ധാരാളം പണം സമ്പാദിക്കുകയും പൊതുമാപ്പുകാലം പ്രയോജനപ്പെടുത്തി പിഴ കൂടാതെ രാജ്യംവിടുകയും വീണ്ടും തിരികെവരികയും ചെയ്യുന്നു. ചില പ്രത്യേക അവസരങ്ങളില്‍ നിയമലംഘകര്‍ക്ക് പിഴയടച്ച് താമസരേഖ നിയമവിധേയമാക്കുന്നതിനു മന്ത്രാലയം അവസരം നല്‍കാറുണ്ട്. എന്നാല്‍, പലരും ഈ അവസരം പ്രയോജനപ്പെടുത്താതെ പിഴ കൂടാതെ രാജ്യം വിടുന്നതിനു പൊതുമാപ്പിനുവേണ്ടി കാത്തിരിക്കുന്ന പ്രവണതയാണു കണ്ടുവരുന്നത്.

നിരവധി വീട്ടുജോലിക്കാര്‍ അവരുടെ സ്‌പോണ്‍സര്‍മാരില്‍നിന്നും ഒളിച്ചോടുകയും ഉയര്‍ന്ന വേതനത്തിനു മണിക്കൂര്‍ അടിസ്ഥാനത്തില്‍ പുറംജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായും മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലം സ്വദേശികളായ വീട്ടുടമകളും അവരുടെ കുടുംബവുമാണു ദുരിതംപേറുന്നത്. ഈ സാഹചര്യത്തില്‍ ഈവര്‍ഷം ഇനി ആരുംതന്നെ പൊതുമാപ്പ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

2018 ലെ പൊതുമാപ്പ് കാലയളവില്‍ രാജ്യത്തെ തൊഴില്‍ നിലവാരം മെച്ചപ്പെടുത്താനും നിയമപരമാക്കാനും സാധിച്ചു. ഇനി മുതല്‍ നിയമ ലംഘകര്‍ പിഴയടച്ച് താമസരേഖ നിയമപരമാക്കേണ്ടതാണ്. അല്ലാത്തപക്ഷം പിടിക്കപ്പെട്ടാല്‍ രാജ്യത്തേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും അഞ്ചുവര്‍ഷത്തെ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തുമെന്നും മന്ത്രാലയ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് തുടര്‍ച്ചയായി നടത്തിവരുന്ന സുരക്ഷാ പരിശോധനകള്‍വഴി നിയമലംഘകരുടെ എണ്ണം 1.20 ലക്ഷമായി കുറയ്ക്കാന്‍ സാധിച്ചെന്നും അധികൃതര്‍ അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it