Gulf

കുറഞ്ഞ വേതനക്കാര്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ യുഎഇ-കെഎംസിസി

പ്രഖ്യാപനം നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ നടത്തി

കുറഞ്ഞ വേതനക്കാര്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ യുഎഇ-കെഎംസിസി
X

ഫുജൈറ: കൊവിഡ് കാലത്തെ സേവന വീഥിയിലെ നാഴികക്കല്ലാവുന്ന ഉദ്യമവുമായി യുഎഇ-കെഎംസിസി നാഷനല്‍ കമ്മിറ്റി. പുതിയ ദൗത്യത്തിന്റെ പ്രഖ്യാപനം നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ നടത്തി. യുഎയില്‍ നിന്നു നാടണയാന്‍ കാത്തിരിക്കുന്നവരില്‍ ഏറ്റവും അര്‍ഹരായവര്‍ക്കു തീര്‍ത്തും സൗജന്യയാത്രയ്ക്കുള്ള അവസരമൊരുക്കുന്നതാണ് പുതിയ പദ്ധതി. ഇതിനായി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 30ന് റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടും.

യുഎഇയില്‍ കൊവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ഏറ്റവും കുറഞ്ഞ വേതനക്കാര്‍ക്കായാണു പ്രത്യേക വിമാനത്തില്‍ സൗജന്യയാത്രക്കു സൗകര്യം നല്‍കുന്നത്. ആയിരം ദിര്‍ഹമിലും താഴെയുള്ള വേതനത്തില്‍ ജോലി ചെയ്തിരുന്നവരോ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരോ ആയവര്‍ക്ക് ഈ വിമാനത്തില്‍ സീറ്റുകള്‍ക്ക് അപേക്ഷിക്കാം. ജോലി തേടിവന്ന 30 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും ഗാര്‍ഹികവിസയില്‍ വന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കുമായിരിക്കും ബാക്കി സീറ്റുകള്‍. ഇരുനൂറോളം സീറ്റുകളുള്ള വിമാനമാണ് യാത്രക്ക് തയ്യാറെടുക്കുന്നത്.

യുഎഇ-കെഎംസിസി ഒരുക്കുന്ന ഈ വിമാനത്തില്‍ സൗജന്യ യാത്ര താല്‍പര്യപ്പെടുന്നവരും അര്‍ഹരായവരെ അറിയുന്നവരും അവരവരുടെ എമിറേറ്റുകളിലെ കെഎംസിസി നേതൃത്വവുമായി ബന്ധപ്പെടണം. യുഎഇ-കെഎംസിസിയുടെ കീഴിലെ ഏഴു എമിറേറ്റുകളിലെ കമ്മിറ്റികളെയും അല്‍-ഐന്‍ കമ്മിറ്റിയെയുമാണ് സൗജന്യ യാത്ര അര്‍ഹിക്കുന്നവരുടെ രേഖകള്‍ പരിശോധിച്ച് അക്കാര്യം ഉറപ്പുവരുത്താനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കീഴ്കമ്മിറ്റികള്‍ നല്‍കുന്ന ക്രമത്തില്‍ സീറ്റുകള്‍ അര്‍ഹരായവര്‍ക്ക് അനുവദിക്കും. പ്രവാസികളിലെ ഏറ്റവും അര്‍ഹരായവര്‍ക്കു വേണ്ടി ഒരുക്കുന്ന ഈ സേവനം യഥാര്‍ഥ അവകാശികള്‍ക്കു തന്നെ ലഭ്യമാക്കാനാണു യുഎഇ-കെഎംസിസി നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ വച്ചതെന്നും പുത്തൂര്‍ റഹ്മാന്‍ വ്യക്തമാക്കി. സൗജന്യ വിമാന യാത്ര ആഗ്രഹിക്കുന്നവരും അര്‍ഹിക്കുന്നവരും അവരുമായി ബന്ധപ്പെട്ടവരും എത്രയും വേഗം വിവിധ എമിറേറ്റുകളിലെ കെഎംസിസി നേതൃത്വവുമായി ബന്ധപ്പെട്ട് രേഖകള്‍ കൈമാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.




Next Story

RELATED STORIES

Share it