Cricket

പൊള്ളാഡാണ് താരം; ചെന്നൈയുടെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് മുംബൈ

എട്ട് സിക്‌സും ആറ് ഫോറുമാണ് കീറോണ്‍ പൊള്ളാഡിന്റെ ബാറ്റില്‍ നിന്നും വീണത്.

പൊള്ളാഡാണ് താരം; ചെന്നൈയുടെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് മുംബൈ
X


ഡല്‍ഹി: ഐപിഎല്ലില്‍ പൊള്ളാഡിന്റെ ഒറ്റയാന്‍ പോരാട്ടത്തില്‍ ചെന്നൈയുടെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് മുംബൈ ഇന്ത്യന്‍സ്. 219 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് മുംബൈ കുതിച്ചത്. 34 പന്തില്‍ 87* റണ്‍സാണ് വെസ്റ്റ്ഇന്‍ഡീസ് താരം അടിച്ചെടുത്തത്. എട്ട് സിക്‌സും ആറ് ഫോറുമാണ് കീറോണ്‍ പൊള്ളാഡിന്റെ ബാറ്റില്‍ നിന്നും വീണത്. ചാംപ്യന്‍മാര്‍ തനത് പ്രകടനം പുറത്തെടുത്തതോടെ അവസാനിച്ചത് ചെന്നൈയുടെ അപരാജിത കുതിപ്പായിരുന്നു.


ക്വിന്റണ്‍ ഡീകോക്കും (28 പന്തില്‍ 38), രോഹിത്ത് ശര്‍മ്മയും (24 പന്തില്‍ 35) മികച്ച തുടക്കമാണ് ചാംപ്യന്‍മാര്‍ക്ക് നല്‍കിയത്. രോഹിത്തിന് പുറത്തായതിന് ശേഷമെത്തിയ സൂര്യകുമാര്‍ യാദവ് (3) പെട്ടെന്ന് പുറത്തായി. തുടര്‍ന്ന് വന്ന ക്രുനാല്‍ പാണ്ഡെ 23 പന്തില്‍ 32 റണ്‍സുമായി മികച്ചുനിന്നു. തുടര്‍ന്ന് ഡീകോക്കിന് ശേഷമെത്തിയ പൊള്ളാര്‍ഡ് കൊടുങ്കാറ്റ് പോലെ വീശിയടിക്കുകയായിരുന്നു. ക്രുനാലിന് ശേഷം വന്ന സഹോദരന്‍ ഹാര്‍ദ്ദിക്കിനും (16) നിലയുറപ്പിക്കാനായില്ല. ചെന്നൈയ്ക്കായി സാം കറന്‍ മൂന്ന് വിക്കറ്റ് നേടി. ജയിച്ചെങ്കിലും മുംബൈ ലീഗില്‍ നാലാം സ്ഥാനത്തു തന്നെയാണ്. അഞ്ച് ജയമുള്ള ചെന്നൈ തന്നെയാണ് ലീഗില്‍ ഒന്നാമത്.


നേരത്തെ അമ്പാട്ടി റായിഡു(72), ഫഫ് ഡു പ്ലിസ്സിസ് (50), മോയിന്‍ അലി (58) എന്നിവര്‍ ചേര്‍ന്നാണ് മുംബൈക്കെതിരേ ബാറ്റിങ് വിസ്മയം തീര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്. 27 പന്തില്‍ ഏഴ് സിക്‌സറുകളുടെ അകമ്പടിയോടെയാണ് റായിഡു 72* റണ്‍സ് നേടിയത്. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങിനയക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ സ്റ്റാര്‍ ഋതുരാജ് നാല് റണ്‍സെടുത്ത് തുടക്കത്തില്‍ തന്നെ പുറത്തായിരുന്നു. എന്നാല്‍ ഫഫ് ഡു പ്ലിസ്സിസും (28 പന്തില്‍ 50) മോയിന്‍ അലിയും (36 പന്തില്‍ 58) ചേര്‍ന്ന് മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിചതച്ചു. തുടര്‍ന്നായിരുന്നു റായിഡുവിന്റെ പ്രകടനം. 22 റണ്‍സ് നേടി ജഡേജയും പുറത്താവാതെ നിന്നു.മുംബൈയ്ക്കായി പൊള്ളാര്‍ഡ് രണ്ട് വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it