Football

യൂറോ കപ്പ്; ഇഞ്ചുറി ടൈം ഗോളില്‍ പോര്‍ച്ചുഗല്‍ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി

യൂറോ കപ്പ്; ഇഞ്ചുറി ടൈം ഗോളില്‍ പോര്‍ച്ചുഗല്‍ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി
X

ലൈപ്‌സീഗ്: യൂറോ കപ്പില്‍ പോര്‍ച്ചുഗലിന് വിജയതുടക്കം. ചെക്ക് റിപ്പബ്ലിക്കിനെതിരേ 2-1ന്റെ ജയമാണ് പറങ്കിപട നേടിയത്. 90ാം മിനിറ്റില്‍ പകരക്കാരായി ഇറങ്ങിയ രണ്ടു പേര്‍ ചേര്‍ന്നൊരുക്കിയ ഇന്‍ജുറി ടൈം ഗോളിലാണ് പോര്‍ച്ചുഗലിന്റെ ജയം. ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സാവോയാണ് പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്. ഒപ്പം ഇറങ്ങിയ പെഡ്രോ നെറ്റോ ഗോളിനു വഴിയൊരുക്കി. 62ാം മിനിറ്റില്‍ ലൂക്കാസ് പ്രൊവോദിന്റെ ഗോളില്‍ ചെക്ക് റിപ്പബ്ലിക്കാണ് കളിയില്‍ ആദ്യം മുന്നിലെത്തിയത്. 63ാം മിനിറ്റില്‍ ചെക്ക് താരം റോബിന്‍ റാനകിന്റെ സെല്‍ഫ് ഗോളില്‍ പോര്‍ച്ചുഗല്‍ ഒപ്പമെത്തി. കളി സമനിലയിലേക്കെന്നു കരുതിയിരിക്കവെയാണ് പോര്‍ച്ചുഗലിന്റെ ആവേശത്തിനും അധ്വാനത്തിനും പ്രതിഫലമായി വിജയഗോള്‍ വന്നത്. നെറ്റോയുടെ ക്രോസ് ചെക്ക് ഡിഫന്‍ഡര്‍ക്കു ക്ലിയര്‍ ചെയ്യാനാവാതെ പോയത് കോണ്‍സെയ്‌സാവോ ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു.

ആദ്യ പകുതിയില്‍ ഭൂരിഭാഗം സമയവും പന്ത് ചെക്ക് പെനല്‍റ്റി ഏരിയയ്ക്കു സമീപമായിരുന്നെങ്കിലും ഫിനിഷിങ് പോരായ്മയും മുന്നേറ്റനിരയിലെ ഒത്തിണക്കമില്ലായ്മയും പോര്‍ച്ചുഗലിനു തിരിച്ചടിയായി. ചെക്ക് ഡിഫന്‍ഡര്‍മാര്‍ക്കിടയില്‍ ഒറ്റപ്പെട്ടതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം നിരുപദ്രവകരമായ ടച്ചുകളില്‍ ഒതുങ്ങി. റാഫേല്‍ ലിയാവോ ഇടതുവിങ്ങിലൂടെ ഓടിക്കളിച്ചെങ്കിലും ബോക്‌സിനുള്ളില്‍ പലവട്ടം പന്ത് നഷ്ടപ്പെടുത്തി. ഹാഫ്‌ടൈമിനു തൊട്ടു മുന്‍പു കിട്ടിയ അവസരത്തില്‍ ഒന്നു വെട്ടിത്തിരിഞ്ഞ് ക്രിസ്റ്റ്യാനോ പന്ത് പോസ്റ്റിലേക്കു ലക്ഷ്യം വച്ചെങ്കിലും ചെക്ക് ഗോള്‍കീപ്പര്‍ സ്റ്റാനെക് സേവ് ചെയ്തു.

രണ്ടാം പകുതിയില്‍ ചെക്ക് റിപ്പബ്ലിക്കും ഉണര്‍ന്നു കളിച്ചതോടെ കളി ആവേശകരമായി. 62ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരെ ചെക്കിന്റെ ഗോള്‍. പെനല്‍റ്റി ഏരിയയില്‍ കൂഫല്‍ നീക്കി നല്‍കിയ പന്ത് കാത്തു നിന്ന പ്രൊവോദ് തകര്‍പ്പന്‍ ഷോട്ടിലൂടെ ഗോളിലേക്കു ചാര്‍ത്തി. അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങിയതോടെ പോര്‍ച്ചുഗലിനു വീര്യമേറി. മൂന്നു മിനിറ്റിനകം അതിനു പ്രതിഫലവും കിട്ടി. നുനോ മെന്‍ഡസിന്റെ ഒരു ഹെഡര്‍ ശ്രമം സ്റ്റാനെക് തടഞ്ഞെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല. തട്ടിത്തെറിച്ച പന്ത് ഡിഫന്‍ഡര്‍ റാനകിന്റെ കാലില്‍ തട്ടി സ്വന്തം വലയിലേക്ക്. യൂറോ കപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തിനിറങ്ങുന്ന ഏറ്റവും പ്രായം കൂടിയ താരമായി പോര്‍ച്ചുഗലിന്റെ പെപ്പെ. ഇന്നലെ ചെക്ക് റിപ്പബ്ലിക്കിനെതിരെ കളത്തിലിറങ്ങിയപ്പോള്‍ 41 വയസ്സും 113 ദിവസവുമായിരുന്നു പെപ്പെയുടെ പ്രായം.


മറ്റൊരു മല്‍സരത്തില്‍ തുര്‍ക്കി ജോര്‍ജ്ജിയയെ 3-1ന് പരാജയപ്പെടുത്തി. ആദ്യമായി യൂറോയ്‌ക്കെത്തിയ ജോര്‍ജിയയ്ക്കു തുര്‍ക്കിയുടെ ആത്മവീര്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഗ്രൂപ്പ് എഫിലെ വാശിയേറിയ പോരാട്ടത്തില്‍ 2 ലോകോത്തര ഗോളുകള്‍ നേടിയ തുര്‍ക്കി ടീമിന് ഈ യൂറോയിലെ 'യുവ തുര്‍ക്കി' പട്ടം സ്വന്തം! സ്‌കോര്‍: തുര്‍ക്കി 3, ജോര്‍ജിയ1.തുര്‍ക്കിക്കായി മെര്‍ട്ട് മുല്‍ദുര്‍ (25ാം മിനിറ്റ്), യുവതാരം ആര്‍ദ ഗുലര്‍ (65), മുഹമ്മദ് കരീം അതുര്‍കൊഗ്ലു (90+7) എന്നിവര്‍ ഗോള്‍ നേടി. ജോര്‍ജസ് മികാഡ്‌സെന്റെ (32) വകയാണു ജോര്‍ജിയയുടെ ഗോള്‍.






Next Story

RELATED STORIES

Share it