Football

റൊണാള്‍ഡോ തന്നെ തുരുപ്പ്ചീട്ട്; യൂറോയില്‍ പോര്‍ച്ചുഗല്‍ ഇന്ന് ചെക്കിനെതിരേ

റൊണാള്‍ഡോ തന്നെ തുരുപ്പ്ചീട്ട്; യൂറോയില്‍ പോര്‍ച്ചുഗല്‍ ഇന്ന് ചെക്കിനെതിരേ
X

മ്യൂണിക്: യൂറോ കപ്പില്‍ ജയിച്ച് തുടങ്ങാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഇന്നിറങ്ങും.ചെക്ക് റിപ്പബ്ലിക്കാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം തുടങ്ങുക. സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും സോണി ലൈവിലും മത്സരം തത്സമയം കാണാനാകും. യോഗ്യത റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് പറങ്കിപ്പടയുടെ വരവ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൂപ്പര്‍ ഫോമിലുമാണ്. യൂറോ കപ്പിലെ രണ്ടാം കിരീടം സ്വപ്നം കാണാന്‍ പോര്‍ച്ചുഗല്ലിന് അങ്ങനെ കാരണങ്ങള്‍ പലതുണ്ട്.

റൂബന്‍ ഡയസ്, ബെര്‍ണാഡോ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ്, എന്നിങ്ങനെ കരുത്തരുടെ നിര. ഒപ്പം തന്ത്രശാലിയായ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസും. ക്രിസ്റ്റ്യാനൊയുടെ അവസാന യൂറോ അവിസ്മരണീയമാക്കുക എന്നതും പോര്‍ച്ചുഗലിന് മുന്നിലെ ലക്ഷ്യമാണ്. യൂറോപ്പ് വിട്ട് സൗദി അറേബ്യന്‍ ലീഗിലേക്ക് മാറിയശേഷം റൊണാള്‍ഡോ ഇറങ്ങുന്ന ആദ്യ പ്രധാന ടൂര്‍ണമെന്റുമാണിത്. 2016ല്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ കിരീടം നേടിയെങ്കിലും പരിക്കു മൂലും ഫൈനലില്‍ റൊണാള്‍ഡോക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനുശേഷം നടന്ന രണ്ട് ലോകകപ്പുകളിലും യൂറോ കപ്പിലും ക്രിസ്റ്റ്യാനൊയുടെ നേതൃത്വത്തിലിറങ്ങിയ പറങ്കിപ്പടക്ക് പ്രീ ക്വാര്‍ട്ടറിനപ്പുറം പോകാനും കഴിഞ്ഞില്ല. യോഗ്യതാ റൗണ്ടിലെ പത്ത് കളികളും ജയിച്ച പോര്‍ച്ചുഗല്‍ എതിരാളികളുടെ വലയില്‍ 36 തവണ പന്തെത്തിച്ചപ്പോള്‍ രണ്ട് ഗോള്‍ മാത്രമാണ് വഴങ്ങിയത്.

എന്നാല്‍ എഴുതി തള്ളാന്‍ കഴിയുന്നവരല്ല ചെക്ക് റിപ്പബ്ലിക്ക്. തുടര്‍ച്ചയായ അഞ്ച് ജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ചെക് ഇന്നിറങ്ങുന്നത്. 1996ലെ റണ്ണേഴ്‌സ് അപ്പായ ചെക്ക് റിപ്പബ്ലിക് അവസാന മൂന്ന് യൂറോ കപ്പില്‍ രണ്ടിലും ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. പാട്രിക് ഷിക്കിന്റെ സ്‌കോറിംഗ് മികവിലാണ് പ്രതീക്ഷ. കഴിഞ്ഞ യൂറോയില്‍ പാട്രിക്ക് ഷിക്കും റൊണാള്‍ഡോയുമായിരുന്നു അഞ്ച് ഗോള്‍ വീതമടിച്ച് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍മാരായത്. സ്‌കോട്ലന്‍ഡിനെതിരെ മധ്യവരയില്‍ നിന്ന് ഷിക്ക് നേടിയ ഗോളായിരുന്നു കഴിഞ്ഞ യൂറോയിലെ ഏറ്റവും മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടത്. പരസ്പരം കളിച്ച അഞ്ച് മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ നാലും ചെക്ക് റിപ്പബ്ലിക് ഒറു മത്സരത്തിലുമാണ് ജയിച്ചത്.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ആദ്യമായി യൂറോ കപ്പിനെത്തുന്ന ജോര്‍ജിയ, തുര്‍ക്കിയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. ചരിത്രത്തിലെ ആദ്യ മേജര്‍ ടൂര്‍ണമെന്റിനിറങ്ങുന്ന ജോര്‍ജിയയ്ക്ക് 2008ലെ സെമി ഫൈനലിസ്റ്റുകളായ തുര്‍ക്കിക്കെതിരായ മത്സരം കടുപ്പമായിരിക്കും എന്നുറപ്പ്. അവസാന രണ്ട് യുറോ കപ്പിലും ഗ്രൂപ്പ് ഘടത്തില്‍ പുറത്തായ തുര്‍ക്കിക്ക് അഭിമാന പോരാട്ടമാണിത്. 30 കളിയില്‍ 15 ഗോള്‍ നേടിയ ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ ക്വിച്ച ക്വാരസ്‌കേലിയയെ പിടിച്ചുകെട്ടുവകയാവും തുര്‍ക്കിയുടെ പ്രധാനവെല്ലുവിളി.തുര്‍ക്കി നിരയില്‍ റയല്‍ മാഡ്രിഡിന്റെ യുവതാരം ആര്‍ദ ഗുലെര്‍, കെനാന്‍ യില്‍ഡിസ്, ബാരിസ് യില്‍മാസ് എന്നിവരുടെ പ്രകടനം നിര്‍ണായകമാവും.




Next Story

RELATED STORIES

Share it