Others

നിരവധി ആരോപണങ്ങള്‍; പി ടി ഉഷയ്‌ക്കെതിരേ ഒളിംപിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയം

നിരവധി ആരോപണങ്ങള്‍; പി ടി ഉഷയ്‌ക്കെതിരേ ഒളിംപിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയം
X

ന്യൂഡല്‍ഹി: നിരവധി ആരോപണങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍(ഐഒഎ) അധ്യക്ഷ പിടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനം. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കും. ചുമതലയേറ്റെടുത്തതുമുതല്‍ പി ടി ഉഷ ഇന്ത്യന്‍ കായിക മേഖലയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം. സമിതിയിലെ ഒരു വിഭാഗവുമായി നേരത്തെ തന്നെ ഉഷ ഉടക്കിലായിരുന്നു.എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തുവിട്ട 25ന് നടക്കുന്ന മീറ്റിങ്ങിലെ അജണ്ടയിലാണ് അധ്യക്ഷയായ പി ടി ഉഷക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതിനെക്കുറിച്ചും 25ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും.ഐഒഎയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും ഉഷയുമായി ഏറെനാളായി തര്‍ക്കത്തിലാണ്. യോഗ്യത മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഉഷ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.15 അംഗ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റില്‍ 12 പേരും ഉഷയ്ക്ക് എതിരാണെന്നാണ് റിപ്പോര്‍ട്ട്. 2022 ഡിസംബര്‍ പത്തിനാണ് ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്തേയ്ക്ക് പി ടി ഉഷ എത്തുന്നത്. അധികാരത്തിലെത്തി രണ്ട് വര്‍ഷമാകുന്നതിന് മുന്‍പാണ് പി ടി ഉഷയ്ക്കെതിരെ ഐ ഒ എയില്‍ പടയൊരുക്കം നടത്തുന്നത്.

ഒളിംപിക്‌സ് മുന്നൊരുക്കങ്ങള്‍ക്കായി അധികപണം ചെലവഴിച്ചു, ഒളിംപിക്‌സ് സ്‌പോണ്‍സര്‍ഷിപ്പിലെ ക്രമക്കേട്, ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റെന്ന നിലയിലുള്ള ആഡംബര ജീവിതം, പ്രതിനിധി സംഘത്തില്‍ അനധികൃതമായി പലരെയും തിരുകി കയറ്റി തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉഷക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പാരീസ് ഒളിംപിക്‌സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയന്‍സുമായുള്ള കരാറില്‍ സി എ ജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. റിലയന്‍സിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സി എ ജിയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ ഉഷ നിഷേധിച്ചിരുന്നു.




Next Story

RELATED STORIES

Share it