Sub Lead

2008 മുതല്‍ ഇന്ത്യയിലെ ഹിന്ദുത്വ സ്‌ഫോടനങ്ങള്‍ക്കു പിറകിലെ സൂത്രധാരന്‍ എം ഡി മുര്‍ളി ആരാണ് ?

നരേന്ദ്ര ദബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ വധത്തിനു പിന്നിലെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്ന് എടിഎസ് ആവര്‍ത്തിച്ച് പറയുമ്പോള്‍ ഒളിവില്‍ കഴിയുന്ന ഇയാളെ പിടികൂടാന്‍ ഒരു സുരക്ഷാ ഏജന്‍സിക്കും കഴിഞ്ഞിട്ടില്ല.

2008 മുതല്‍ ഇന്ത്യയിലെ ഹിന്ദുത്വ സ്‌ഫോടനങ്ങള്‍ക്കു പിറകിലെ സൂത്രധാരന്‍ എം ഡി മുര്‍ളി ആരാണ് ?
X

മഹാരാഷ്ട്ര: 2008 മുതല്‍ രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങള്‍ക്കും പിന്നിലും എം ഡി മുര്‍ളിയെന്ന ഹിന്ദുത്വ തീവ്രവാദിയാണെന്ന എടിഎസിന്റെ വെളിപ്പെടുത്തലോടെ ആരാണ് മുര്‍ളി എന്ന ചോദ്യം ഉയരുകയാണ്. നരേന്ദ്ര ദബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ വധത്തിനു പിന്നിലെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്ന് എടിഎസ് (മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്) ആവര്‍ത്തിച്ച് പറയുമ്പോള്‍ ഒളിവില്‍ കഴിയുന്ന ഇയാളെ പിടികൂടാന്‍ ഒരു സുരക്ഷാ ഏജന്‍സിക്കും കഴിഞ്ഞിട്ടില്ല. ആരാണ് മുര്‍ളിയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനും ഈ ഏജന്‍സികള്‍ക്കായിട്ടില്ല.

2018ല്‍ ആഗസ്തില്‍ സനാതന്‍ സന്‍സ്ത അനുകൂലിയായ വൈഭവ് റൗത്തിന്റെ വസതിയില്‍ എടിഎസ് റെയ്ഡ് നടത്തിയപ്പോഴാണ് മുര്‍ളിയുടെ പേര് ആദ്യമായി ഉയര്‍ന്നുകേട്ടത്. റെയ്ഡില്‍ വലിയ തോതില്‍ സ്‌ഫോടനവസ്തുക്കളും ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. പിന്നീട് സനാതന്‍ സന്‍സ്ത അനുകൂലികളായ ശരത് കലാസ്‌കര്‍, സുധന്‍വ ഗോന്ധാലേക്കര്‍, ശ്രീകാന്ത് പാങ്കാര്‍കര്‍, അവിനാഷ് പവാര്‍ എന്നിവരുടെ പങ്ക് വെളിവാകുകയും ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇവരില്‍ ചിലര്‍ക്ക് ദബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്ന് എടിഎസ് ആരോപിക്കുകയും ചെയ്തിരുന്നു.

ചോദ്യം ചെയ്യലിനിടെ ഈ അഞ്ചുപേര്‍ മുര്‍ളിയുടെ പേര് പറഞ്ഞപ്പോള്‍ അവര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നാണ് എടിഎസ് ആദ്യം വിശ്വസിച്ചത്. മുര്‍ളിയെ തങ്ങള്‍ നേരിട്ട് കണ്ടിട്ടില്ലെന്നും അമോല്‍ കാലെയെന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ തങ്ങളെ അറിയിക്കാറുള്ളതെന്നുമാണ് പ്രതികള്‍ പറഞ്ഞത്. പിന്നീട് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അമോല്‍ കാലെയെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് എടിഎസ് പ്രതികളായ അഞ്ചുപേരെ 20 ദിവസത്തിലേറെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മുര്‍ളിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലായത്. എങ്കിലും അയാള്‍ക്കെതിരേ ഒരു ചെറുവിരലനക്കാന്‍ പോലും എടിഎസിന് കഴിഞ്ഞില്ല.

'മുര്‍ളിയാണ് ഇവരെ ഒരുമിച്ചു നിര്‍ത്തിയത്. സ്ഥിരമായി യോഗവും വിളിച്ചു ചേര്‍ക്കാറുണ്ടായിരുന്നു' 2008നുശേഷം നടന്ന നിരവധി സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ടു ചെയ്യുന്നു.

അഞ്ചുപേരില്‍ നിന്നും ലഭിച്ച വിവരങ്ങളെ തുടര്‍ന്ന് എടിഎസ് മുര്‍ളിയുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചു. എന്നാല്‍ മുര്‍ളിയുടെ പേരില്‍ എടുത്ത ഫോണ്‍ നമ്പറുകള്‍ മറ്റ് ആളുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നു. ഇവ ലൊക്കേറ്റ് ചെയ്‌തെങ്കിലും മുര്‍ളിയിലേക്കെത്താന്‍ എടിഎസിനായില്ല.

2018ല്‍ മുര്‍ളിയെ കണ്ടെത്താനായി ഗോവയിലും ഔറംഗാബാദിലും എടിഎസ് സംഘം ചെന്നിരുന്നു. പക്ഷേ അയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. മുര്‍ളിയുടെ ചിത്രം തങ്ങളുടെ പക്കലുണ്ടെന്ന് പറയുന്ന എടിഎസിന് പക്ഷേ രാജ്യത്തെ പ്രധാന സ്‌ഫോടനങ്ങളുടെ സൂത്രധാരനായ മുര്‍ളിക്കരികിലെത്താനായിട്ടില്ല. മുര്‍ളിയെക്കുറിച്ചുള്ള നിര്‍ണായകമായ ചില വിവരങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Next Story

RELATED STORIES

Share it