Sub Lead

ദേശീയ തലത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങളുമായി ശരത് പവാര്‍; നാളെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു

രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ശരത് പവാര്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ജൂണ്‍ 11ന് ശരത് പവാറിന്റെ മുംബൈയിലെ വസതിയിലാണ് ഇരുവരും ആദ്യം ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒഴിവാക്കി ദേശീയ തലത്തില്‍ പുതിയ കൂട്ടായ്മ രൂപീകരിക്കാനാണ് നീക്കം.

ദേശീയ തലത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങളുമായി ശരത് പവാര്‍; നാളെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു
X

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നിര്‍ണായക രാഷ്ട്രീയനീക്കങ്ങള്‍. തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചേര്‍ന്നാണ് പവാറിന്റെ നീക്കങ്ങളെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ശരത് പവാര്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ജൂണ്‍ 11ന് ശരത് പവാറിന്റെ മുംബൈയിലെ വസതിയിലാണ് ഇരുവരും ആദ്യം ചര്‍ച്ച നടത്തിയത്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പവാര്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് റിപോര്‍ട്ടുകള്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കുമെതിരേ സംയുക്തപോരാട്ടത്തിനുള്ള 'മിഷന്‍ 2024' പദ്ധതിയെക്കുറിച്ചുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരുവരും രണ്ടാം തവണ കൂടിക്കാഴ്ച നടത്തിയത്. അവരുടെ രണ്ടാമത്തെ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നതായി വൃത്തങ്ങള്‍ പറയുന്നു.

കോണ്‍ഗ്രസിനെയും ബിജെപിയെയും ഒഴിവാക്കി ദേശീയ തലത്തില്‍ പുതിയ കൂട്ടായ്മ രൂപീകരിക്കാനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ബിജെപിക്കെതിരേയുമുള്ള പോരാട്ടത്തിന് ശക്തിപകരുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ശരദ് പവാര്‍ നാളെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. വോട്ടെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ശരദ് പവാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ പാര്‍ട്ടിയായ രാഷ്ട്രമഞ്ച്, ആര്‍ജെഡി നേതാവ് മനോജ് വര്‍മ, എഎപി നേതാവ് സഞ്ജയ് സിങ്, കോണ്‍ഗ്രസ് നേതാവ് വിവേക് തങ്ക എന്നിവരെയാണ് യോഗത്തിലേയ്ക്ക് ക്ഷണിച്ചത്. 2024ലെ തിരഞ്ഞെടുപ്പില്‍ മോദിയെ വെല്ലുവിളിക്കുന്നതിന് സംയുക്തമുന്നണിയും പ്രതിപക്ഷ സ്ഥാനാര്‍ഥിയുമുണ്ടാവണമെന്നാണ് ലക്ഷ്യം. നിരവധി പാര്‍ട്ടികള്‍ പുതിയ സഖ്യത്തില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ശേഷമാണ് പ്രശാന്ത് കിഷോര്‍ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തുടങ്ങിയവര്‍ മൂന്നാം മുന്നണി വേണമെന്ന നിലപാടിനെ പിന്തുണയ്ക്കുന്നവരാണ്.

Next Story

RELATED STORIES

Share it