Sub Lead

അമേരിക്കയും സഖ്യകക്ഷികളുമാണ് താലിബാനെ സഹായിച്ചതെന്ന് യുവോണ്‍ റിഡ്‌ലി

യുഎസ് സേനയുടെ പെട്ടെന്നുള്ള പിന്‍മാറ്റമല്ല താലിബാനെ വേഗത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ പ്രാപ്തരാക്കിയത്, അഫ്ഗാനിസ്ഥാനിലെ അവരുടെ സാന്നിധ്യം തന്നെയാണ് അതിന്റെ ആദ്യകാരണം.

അമേരിക്കയും സഖ്യകക്ഷികളുമാണ് താലിബാനെ സഹായിച്ചതെന്ന് യുവോണ്‍ റിഡ്‌ലി
X

യുവോണ്‍ റിഡ്‌ലി

ലണ്ടന്‍: സൈനിക തന്ത്രജ്ഞരെ ആശ്ചര്യപ്പെടുത്തി താലിബാന്‍ അഫ്ഗാനില്‍ തിരിച്ചെത്തിയതിനെ കുറിച്ചാണ് മിക്ക പാശ്ചാത്യമാധ്യമങ്ങളുടെയും തലക്കെട്ടുകളും അതിശയോക്തി കഥകളും.

താലിബാന്‍ കാബൂളില്‍ പ്രവേശിക്കുമ്പോള്‍ 'താന്‍ അഫ്ഗാനില്‍തന്നെ ഉണ്ടാവുമെന്ന്' വീമ്പിളക്കിയ പ്രസിഡന്റ് അഷ്‌റഫ് ഗനി 24 മണിക്കൂറിനകം കാബൂളില്‍ നിന്ന് ഹെലികോപ്റ്ററില്‍ താജിക്‌സ്താനിലേക്ക് കടന്നിരുന്നു. പിന്നാലെ, താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുല്‍ ഗനി ബറാദറിന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക സര്‍ക്കാര്‍ അധികാരമേറ്റെടുക്കുകയും ചെയ്തു.

അഫ്ഗാനില്‍ തുടരാനും പോരാടാനും ഗാനി ആഗ്രഹിച്ചിരുന്നില്ല. സന്തോഷകരമെന്നു പറയട്ടെ അഫ്ഗാന്‍ ദേശീയ സൈന്യം അതിന് സമ്മതിക്കുകയും ചെയ്തു. കാരണം സംരക്ഷിക്കപ്പെടാന്‍ അദ്ദേഹത്തിനും അഴിമതി നിറഞ്ഞ അദ്ദേഹത്തിന്റെ ഭരണകൂടത്തിനും അര്‍ഹത ഉണ്ടായിരുന്നില്ല.

ബറാദര്‍ എത്തിയപ്പോള്‍ അഫ്ഗാന്‍ സൈന്യം ഒരു വിധ ചെറുത്തുനില്‍പ്പിനും മുതിരുകയും ചെയ്തില്ല. ഒരാഴ്ചക്കകം, തങ്ങളുടെ ആത്മീയ കേന്ദ്രമായ കാന്തഹാര്‍ അടക്കം പത്ത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ പിടിച്ചെടുത്തത്. ശനിയാഴ്ച രാവിലെ താലിബാന്‍ പോരാളികള്‍ തലസ്ഥാനം വളയുകയും ചെയ്തു.

ഇരുണ്ട യുഗത്തിലേക്കുള്ള മടക്കം?

കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലം പാശ്ചാത്യ ഭരണകൂടങ്ങളും മാധ്യമങ്ങളും താലിബാനെ പൈശാചികവത്കരിക്കുന്നതിന് മാറ്റിവെച്ചിരുന്നതിനാല്‍, കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമ തലക്കെട്ടുകള്‍ എളുപ്പം പ്രവചിക്കാന്‍ കഴിയുന്നതായിരുന്നു. 'ഇരുണ്ട യുഗത്തിലേക്കുള്ള മടക്കം' എന്നാണ് ഭയചകിതയായി നോക്കുന്ന ഒരു അഫ്ഗാന്‍ പെണ്‍കുട്ടിയുടെ മുഖചിത്രത്തോടൊപ്പം വന്ന ഒരു തലക്കെട്ട് അലറിവിളിച്ചത്. ഭയപ്പെടുത്തുന്ന കഥകളിലും വിവരണങ്ങളിലും യഥാര്‍ഥ വസ്തുതകളുടെ അഭാവമുണ്ടെങ്കിലും, ആ പെണ്‍കുട്ടിയുടെ കാര്യമോര്‍ത്ത് തനിക്ക് ഭയം തോന്നി. പാശ്ചാത്യ മാധ്യമ കച്ചവടസ്ഥാപനങ്ങള്‍ പൊതുജനത്തിന് വളരെ കുറച്ചാണ് വില്‍ക്കുന്നതെങ്കിലും, ബലാത്സംഗം, നിര്‍ബന്ധിത വിവാഹം, അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍, പിന്നെ എന്നെത്തേയും പോലെയുള്ള പട്ടം പറത്തല്‍ നിരോധനം തുടങ്ങിയ ജനങ്ങളെ ഭയപ്പെടുത്തുന്ന കഥകള്‍ കൊണ്ട് അവ നിറച്ചിട്ടുണ്ട്.

ഹെറാത്ത്, കാന്തഹാര്‍, പുല്‍ഏആലം, ലോഖര്‍ പ്രവിശ്യയുടെ തലസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന നഗരങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പിടിച്ചെടുത്ത്, അഫ്ഗാനിസ്ഥാനിലൂടെ പടര്‍ന്നുകയറാന്‍ താലിബാന് എങ്ങനെ കഴിഞ്ഞു എന്നതുമായി ബന്ധപ്പെട്ട ലളിതമായ വസ്തുതകള്‍ അല്ലെങ്കില്‍ അര്‍ഥവത്തായ വിശകലനങ്ങള്‍, ഉള്‍ക്കാഴ്ചകള്‍ എന്നിവ ഈ അപലപനപ്രതിഷേധ ഉന്മാദത്തിനിടയില്‍ കാണാനില്ല.

തീര്‍ച്ചയായും, അരുംകൊലകളും അതിക്രമങ്ങള്‍ അരങ്ങേറുന്നുണ്ട്, പക്ഷേ അവ എല്ലാ ഭാഗങ്ങളിലും നടക്കുന്നുണ്ട്. യുദ്ധം അങ്ങനെയാണ്. 2001ല്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ കാബൂളിലെ അഫ്ഗാന്‍ പൗരന്‍മാര്‍ക്കു നേരെ അമേരിക്കയും ബ്രിട്ടനും ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചപ്പോള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളും, കഴിഞ്ഞ ആഴ്ച നടന്ന ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട നിരപരാധികളുടെ മൃതദേഹങ്ങളും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ല. അന്ന് കൊല്ലപ്പെട്ടതും പരിക്കേറ്റതും അമേരിക്കന്‍ സൈനികരോ, ബ്രിട്ടീഷ് സൈനികരോ, നാറ്റോ സൈനികരോ അല്ലെങ്കില്‍ ആരും മൃതദേഹങ്ങളുടെ കണക്കെടുക്കാന്‍ പോലും ശ്രമിച്ചിരുന്നില്ലെന്നതാണ് ഒരേയൊരു മാറ്റം.

അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ എങ്ങനെ പിടിച്ചെടുത്തു?

തുടക്കത്തില്‍ ഒരു കാര്യം മനസ്സിലാക്കുന്നത് വളരെ നല്ലതാണ്. അമേരിക്ക തങ്ങളുടെ സൈന്യത്തെ അഫ്ഗാനില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പെട്ടെന്നൊരു ദിവസം ഉയര്‍ന്നുവന്ന വിപ്ലവകാരികളുടെ ഒരു ചെറുസംഘമല്ല താലിബാന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനകീയ പിന്തുണയോടെ അഫ്ഗാനികളാല്‍ സ്ഥാപിതമായതാണ് താലിബാന്‍; അവര്‍ അവിടംവിട്ട് ഒരിക്കലും എങ്ങോട്ടും പോയിട്ടില്ല. വിദേശികളല്ല, മറിച്ച് സ്വന്തം രാജ്യത്തിനു വേണ്ടി രാജ്യത്തിനകത്തു നിന്ന് പോരാടുന്ന ആളുകളാണ് അവര്‍.

യഥാര്‍ഥ താലിബാനികളില്‍ ചിലര്‍ ഇപ്പോഴും അവരുടെ നേതൃനിരയില്‍ ഉണ്ടെങ്കിലും, 2001ല്‍ കാബൂളില്‍ നിന്നും പലായനം ചെയ്ത താലിബാനില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ താലിബാന്‍. പ്രധാന നയതന്ത്രജ്ഞരും നയരൂപകര്‍ത്താക്കളൊന്നും തന്നെ അവരുടെ ഇസ്ലാമിക വിശ്വാസങ്ങള്‍ ഉപേക്ഷിക്കുകയോ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാല്‍, ആഗോള രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രായോഗിക വീക്ഷണം ഉള്‍ക്കൊള്ളുകയും അതിന്റേതായ പക്വതയും പുരോഗതിയും കൈവരിക്കുകയും ചെയ്തവരാണ് അവര്‍ ഇന്ന്.

അന്നത്തെ പ്രസിഡന്റ് ഹാമിദ് കര്‍സായി 2001ന്റെ ഭൂരിഭാഗവും അഫ്ഗാനിസ്ഥാന് അകത്തും പുറത്തും രഹസ്യമായി പ്രാദേശിക ശക്തികളുമായും ഗോത്ര നേതാക്കളുമായും നയതന്ത്ര സഖ്യമുണ്ടാക്കിയിരുന്നു, അതുന്നെയാണ് 9/11ന് ശേഷം താലിബാന്‍ നേതാക്കലും ചെയ്ത്. എന്നാല്‍, രാജ്യത്തിനകത്തു നിന്നുള്ള പിന്തുണയെ മാത്രം ആശ്രയിക്കുന്നതിനു പകരം, അയല്‍രാജ്യങ്ങളുമായും പ്രാദേശിക ശക്തികളുമായും സഖ്യമുണ്ടാക്കേണ്ടത് ഒരുപോലെ പ്രധാനമാണെന്ന് താലിബാന്റെ ചര്‍ച്ചാസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് വാണിജ്യ ബന്ധം, തൊഴിലവസരങ്ങള്‍, സമ്പത്ത് എന്നിവയുടെ കാര്യത്തില്‍.

എന്റെ സ്രോതസ്സുകള്‍ അനുസരിച്ച് അവര്‍ എന്നെ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല ചൈന, റഷ്യ, തുര്‍ക്കി, പാകിസ്ഥാന്‍, ഇറാന്‍, മറ്റു അയല്‍രാജ്യങ്ങള്‍ എന്നിവയുമായി ഉന്നതതല യോഗങ്ങള്‍ ഇതിനകം നടന്നുകഴിഞ്ഞിട്ടുണ്ട്. മീറ്റിംഗുകള്‍ എല്ലാം തന്നെ ക്രിയാത്മകവും ശുഭകരവുമായിരുന്നത്രെ.

താലിബാന്‍, ഇറാന്‍

ഇതിന് വളരെ പ്രായോഗികമായ കാരണങ്ങളുണ്ടാകാം. ഉദാഹരണത്തിന്, ഇറാന്, അഫ്ഗാനിസ്ഥാനുമായി പങ്കിടുന്ന 950 കിലോമീറ്റിര്‍ ദുര്‍ഘടമായ അതിര്‍ത്തി കൂടാതെ തന്നെ കൈകാര്യം ചെയ്യാന്‍ ആവശ്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. മേഖലയിലെ കഠിനമായ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, അത് സുരക്ഷിതമാക്കല്‍ അസാധ്യവുമാണ്. മറുവശത്ത്, ഇസ്രായേലിന്റെ ആക്രമണ ഭീഷണി തുടരുന്നുണ്ട്, കൂടാതെ ഇറാന്‍ സര്‍ക്കാറിനെതിരെ നടപടി സ്വീകരിക്കാന്‍ അമേരിക്കയുടെ മേല്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. ഇസ്രായേല്‍ ഇതിനോടകം തന്നെ ഗള്‍ഫ് മേഖലയിലെ ഇറാനുമായുള്ള നിഴല്‍ യുദ്ധത്തില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. അതായത് ഇറാനെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേറെയുണ്ട് എന്നതാണ് വാസ്തവം.

സമാനമാണ് പാകിസ്ഥാന്റെ അവസ്ഥയും. പാകിസ്ഥാനെ സംബന്ധിച്ച് അഫ്ഗാനിസ്ഥാനുമായി പങ്കിടുന്ന 2,640 കിലോമീറ്റര്‍ അതിര്‍ത്തി സംരക്ഷിക്കുക എന്ന വലിയ ദൗത്യത്തിനൊപ്പം അണവായുധശേഖരമുള്ള ഇന്ത്യയെയും സൂക്ഷിക്കേണ്ടതുണ്ട്. വളര്‍ന്നു വരുന്ന ഒരു വന്‍ശക്തിയെന്ന നിലയില്‍ ചൈനയ്ക്ക് നേരിടാന്‍ വലിയ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടു തന്നെ കേവലം 75 കിലോമീറ്റര്‍ മാത്രമുള്ള അഫ്ഗാനിസ്ഥാന്റെ ഏറ്റവും ചെറിയ അതിര്‍ത്തിയില്‍ ചെന്ന് അവസാനിക്കുന്ന, 350 കി.മീ നീളവും 15 കി.മീ വീതിയുമുള്ള വഖാന്‍ ഇടനാഴിയിലെ പ്രശ്‌നങ്ങളില്‍ തലയിടാന്‍ ചൈനയും ആഗ്രഹിക്കുന്നില്ല.

റഷ്യക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ട്, അഫ്ഗാനിസ്ഥാന്റെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അവരും ആഗ്രഹിക്കുന്നില്ല. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതു പോലെ റഷ്യക്ക് ആ വഴിയിലൂടെ ഒരിക്കല്‍ പോയതിന്റെ മുന്നനുഭവമുണ്ട്. 1979 മുതല്‍ 1989 വരെ പഴയ യുഎസ്എസ്ആര്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തി, പത്ത് വര്‍ഷത്തോളം നീണ്ടു നിന്ന് യുദ്ധത്തിനും അല്‍ഖാഇദയുടെ ആവിര്‍ഭാവത്തിനും അത് കാരണമായി. 'സാമ്രാജ്യങ്ങളുടെ ശവപ്പറമ്പിലെ' അമേരിക്കന്‍, ബ്രിട്ടീഷ് സൈനിക ദുരന്തം പോലെ തന്നെ വിനാശകരമായിരുന്നു സോവിയറ്റ് ഇടപെടലും.

സുന്നി താലിബാന്‍ ഷിയ ഇറാനുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നത് വിഷലിപ്തമായ വിഭാഗീയ പ്രശ്‌നങ്ങള്‍ ഒടുവില്‍ പരിഹരിക്കപ്പെടുമെന്നതിന്റെ സൂചനയാണ്. ഇത് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ഒരു കാര്യമല്ല, പ്രത്യേകിച്ച് സൗദി അറേബ്യ അടക്കം, ഗള്‍ഫിലെ ഇസ്രായേലിന്റെ പുതിയ കൂട്ടുകാര്‍ക്കും നയതന്ത്ര പങ്കാളികള്‍ക്കും. ഷിയാ ആധിപത്യമുള്ള ഇറാനോട് ഇരുകൂട്ടര്‍ക്കും വെറുപ്പാണ്, സൗദി സാമ്രാജ്യത്തിന്റെ മതാടിത്തറയായ വഹാബിസത്തിനും അങ്ങനെ തന്നെയാണ്.

തുര്‍ക്കിക്ക് നല്ലൊരു സഖ്യക്ഷിയാവാന്‍ സാധിക്കും, കാരണം സിറിയ, ലിബിയ, ഖത്തര്‍ തുടങ്ങി മുസ്ലിം ലോകത്ത് അത് നിലവില്‍ തന്നെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. താലിബാന്‍ ചര്‍ച്ചാസംഘം തമ്പടിച്ചിരിക്കുന്നത് ഖത്തറിലാണ്. ഖത്തരികള്‍ ഇതിനകം തന്നെ മറ്റു മേഖലകളില്‍ സമാധാനത്തിന്റെ പ്രചാരകരാണ്; ഇതും റിയാദിലെ എതിരാളികളെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമല്ല.

ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍, അഫ്ഗാനിസ്ഥാന്‍ ജിഹാദികളുടെ കളിസ്ഥലമോ തീവ്രവാദികളുടെ ആകര്‍ഷണകാന്തമോ ആകാന്‍ ഒരു സാധ്യതയുമില്ല. ഒറ്റപ്പെടുന്നതിനേക്കാള്‍, ഒരിക്കല്‍ കൂടി വളരെ പ്രാധാന്യമുള്ള ഒരു വ്യാപാര മാര്‍ഗമായി അഫ്ഗാനിസ്ഥാന്‍ മാറിയേക്കാം. രണ്ടാഴ്ച മുമ്പ് ഞാന്‍ എഴുതിയിരുന്നത് പോലെ, പ്രധാനപ്പെട്ട കാര്യമെന്താണെന്നാല്‍, 'ഇരുപതു വര്‍ഷം നടത്തിയ കൊടിയ നശീകരണത്തിനു പകരം ആ രാജ്യത്തിന്റെ പുനഃസൃഷ്ടിക്കാവശ്യമായ പിന്തുണയും ഉപാധികളില്ലാത്ത മാനുഷിക സഹായങ്ങളും നല്‍കുന്നതിനപ്പുറമുള്ള സകല ഇടപെടലുകളുമവസാനിപ്പിച്ച് പൂര്‍ണമായി അവിടെ നിന്ന് പിന്‍വലിയാന്‍ പാശ്ചാത്യ ലോകത്തിന് സമയമായിരിക്കുന്നു. അമേരിക്ക തങ്ങളില്‍ അടിച്ചേല്‍പ്പിച്ച പാവസര്‍ക്കാറിനെ അഫ്ഗാന്‍ ജനത തുരത്തണമെന്നാണാഗ്രഹിക്കുന്നതെങ്കില്‍ അതവരുടെ പണിയാണ്, നമ്മുടെതല്ല.' ഞാനീ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു.

2001ല്‍ അഫ്ഗാനിസ്ഥാനില്‍ വെച്ച് താലിബാനികള്‍ എന്നെ ബന്ദിയാക്കിയപ്പോള്‍, എന്നെ ചോദ്യം ചെയ്യുന്നവരോട്, അല്‍ഖാഇദയുമായി താലിബാന്റെ ബന്ധം എങ്ങനെയാണെന്ന് ഞാന്‍ ചോദിച്ചിരുന്നു. 'അവര്‍ ഞങ്ങളുടെ അതിഥികളായി വന്നു, ഇപ്പോള്‍ ഞങ്ങളുടെ യജമാനന്‍മാരായി പ്രവര്‍ത്തിക്കുന്നു' എന്നാണ് അവര്‍ നിഷ്‌കളങ്കമായി മറുപടി പറഞ്ഞത്. അന്നത്തെ പൊതുവികാരത്തെ സൂചിപ്പിക്കുന്നതായിരുന്നു ആ വാക്കുകളെങ്കില്‍, ഭാവിയില്‍ ആരെയൊക്കെ അതിഥികളായി ക്ഷണിക്കണം എന്ന കാര്യത്തില്‍ അവര്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുമെന്ന് കരുതാം.

താലിബാന്‍ ഒരിക്കലും ഭീകരത കയറ്റുമതി ചെയ്യുകയോ സ്വന്തം രാജ്യത്തിനപ്പുറം സായുധ ആക്രമണങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല എന്ന വസ്തുത പരിഗണിക്കുമ്പോള്‍, പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യാന്‍ പദ്ധതിയിടുന്നവരോട് അവര്‍ സഹിഷ്ണുത കാണിക്കില്ല എന്ന് കരുതാം. 9/11ല്‍ തട്ടിക്കൊണ്ടു പോയ ഒരു വിമാനത്തിലും താലിബാന്‍ പോരാളികള്‍ ഉണ്ടായിരുന്നില്ല എന്നത് ആവര്‍ത്തിക്കേണ്ടതുണ്ട്, ഇത് പലരും മറക്കുന്ന കാര്യമാണ്; ഭീകരരെല്ലാം സൗദി പൗരന്മാരായിരുന്നു.

താലിബാനെ 'തീവ്രവാദികള്‍' എന്നല്ലാതെ മറ്റെന്തെങ്കിലും ആയി കാണാന്‍ കഴിവില്ലാത്ത ചില മാധ്യമപ്രവര്‍ത്തകരെ ഇത് അത്ഭുതപ്പെടുത്തും. അവര്‍ താടിയും, തലപ്പാവും വേറിട്ടു നില്‍ക്കുന്ന വസ്ത്രധാരണരീതിയും അലസമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ഫലങ്ങളും മാത്രം കാണുന്നു; ഇസ്ലാമോഫോബിയയും വംശീയതയും അനുവര്‍ത്തിക്കുന്നു.

തങ്ങളുടെ പ്രദേശത്ത് നിന്ന് ഐ.എസിന്റെ എല്ലാവിധ സാന്നിധ്യവും നീക്കംചെയ്യുന്നത് താലിബാന്റെ മുന്‍ഗണനകളില്‍ ഉള്‍പ്പെടുമെന്ന് കരുതാം. ഈ രണ്ടു സംഘങ്ങള്‍ തമ്മിലുള്ള വ്യത്യാസം വേര്‍തിരിച്ചറിയാന്‍ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ കഴിയുന്നില്ലെങ്കില്‍, അവര്‍ ശരിയായ ജോലിയിലാണോ നില്‍ക്കുന്നത് എന്ന് ഒന്ന് പുനഃവിചിന്തനം നടത്തുക. അവര്‍ ഇതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍, ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാറുകളില്‍ ഒന്നിന് പിന്തുണ നല്‍കാനുള്ള പാശ്ചാത്യ ശ്രമങ്ങള്‍ താലിബാനെ ഗണ്യമായി സഹായിച്ചു എന്ന വസ്തുതയും അവര്‍ പരിഗണിക്കട്ടെ.

അഫ്ഗാനിസ്ഥാനിലെ പരാജയപ്പെട്ട സൈനിക സംരഭത്തിന് അമേരിക്ക മൂന്ന് ട്രില്യണ്‍ (3,000,000,000,000) ഡോളറാണ് അമേരിക്ക ചെലവഴിച്ചത്; അതിനു പുറമെ ബില്ല്യണ്‍ കണക്കിന് ഡോളര്‍ സഹായധനമായും നല്‍കിയിട്ടുണ്ട്, അതില്‍ ഭൂരിഭാഗവും അഷ്‌റഫ് ഗനിയുടെ ഭരണകാലത്തെ അഴിമതിവീരന്‍മാരിലേക്കാണ് ഗതിമാറിപ്പോയത്. അഫ്ഗാന്‍ ദേശീയ സൈന്യത്തിനും മറ്റു സൈന്യങ്ങള്‍ക്കും വിതരണം ചെയ്ത അമേരിക്കന്‍ നിര്‍മിത ആയുധങ്ങളും ഉപകരണങ്ങളും ഇപ്പോള്‍ താലിബാന്റെ കൈകളിലായി കഴിഞ്ഞു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും അഫ്ഗാനിസ്ഥാനില്‍ വലിയ തുക ചെലവഴിച്ചിട്ടുണ്ട്.

താലിബാന്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ അഫ്ഗാനിസ്ഥാനെ അന്താരാഷ്ട്ര വേദിയില്‍ ഒറ്റപ്പെടുത്തുമെന്ന് യൂറോപ്പ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്തിന്? കഴിഞ്ഞ തവണ അത് ഒരു ദുരന്തമായിരുന്നു, താലിബാനെ ഒറ്റപ്പെടുത്തിയതിലൂടെ അല്‍ഖാഇദക്കും മറ്റു സംഘങ്ങള്‍ക്കും കൂടുതല്‍ വളരാനുള്ള സാഹചര്യങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ സൃഷ്ടിച്ചത്. ഒരേ കാര്യം ആവര്‍ത്തിച്ച് ചെയ്യുകയും എന്നിട്ട് വ്യത്യസ്ത ഫലങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുക എന്നതാണ് ഭ്രാന്തിന്റെ നിര്‍വചനം എന്ന് പറയപ്പെടുന്നു. യൂറോപ്യന്‍ വംശീയതയാണ് അതിന്റെ തീരുമാനങ്ങളെ മൂടി നില്‍ക്കുന്നത്.

ഒരുപക്ഷെ യു.എസ് പ്രസിഡന്റ് ജോ ബൈഡനില്‍ നിന്നായിരിക്കാം ഏറ്റവും ഞെട്ടിപ്പിച്ച പ്രതികരണം വന്നത്. ഇതാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്, 'അഫ്ഗാന്‍ ജനത അവര്‍ക്കും അവരുടെ രാജ്യത്തിനും വേണ്ടി പോരാടേണ്ടതുണ്ട്'.

അമേരിക്കക്ക് ലോക പോലിസ് പദവി കല്‍പ്പിച്ചു കൊടുത്തവര്‍ക്ക് ഇതൊരു പാഠമാവട്ടെ. അമേരിക്കന്‍ സന്ദേശം വളരെ വ്യക്തമാണ്. തങ്ങള്‍ നിങ്ങളുടെ രാജ്യത്ത് ബോംബാക്രമണവും കടന്നുകയറ്റവും അധിനിവേശവും നടത്തിയ ശേഷം തിരിച്ചുപോയി. തങ്ങള്‍ ഉണ്ടാക്കിയ കുഴപ്പം പരിഹരിക്കാന്‍ മറ്റൊരാളെ വിട്ടിട്ടുണ്ട്. താലിബാനെ സംബന്ധിച്ച് ഇതിലും മികച്ച പ്രചാരണായുധം ഇല്ല. കാബൂളിലേക്കുള്ള വഴിയില്‍ താലിബാന് കാര്യമായ ചെറുത്തുനില്‍പ്പൊന്നും നേരിടേണ്ടി വരാഞ്ഞത് എന്തുകൊണ്ടാണെന്നില്‍ അതിശയിക്കാനുണ്ടോ?

അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനുള്ള പരിഹാരമല്ല, മറിച്ച് പ്രശ്‌നമാണെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഞാന്‍ പറഞ്ഞിരുന്നു. താലിബാന്‍ എന്നെ വിട്ടയച്ചതിനു ശേഷം പലതവണ ഞാന്‍ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്, ശരീരം മുഴുവന്‍ മൂടുന്ന നീല ബുര്‍ഖയില്‍ ആ രാജ്യം മുഴുവന്‍ സഞ്ചരിച്ചതിലൂടെ അമേരിക്കയുടെ ധാര്‍ഷ്ട്യം നിറഞ്ഞ സാമ്രാജ്യത്വത്തെ അടുത്തുനിന്ന് നിരീക്ഷിക്കാന്‍ കഴിഞ്ഞു എന്ന് തനിക്ക് പറയാന്‍ കഴിയും. വളരെ അരോചകമായിരുന്നു അത്.

ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. യുഎസ് സേനയുടെ പെട്ടെന്നുള്ള പിന്‍മാറ്റമല്ല താലിബാനെ വേഗത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ പ്രാപ്തരാക്കിയത്, അഫ്ഗാനിസ്ഥാനിലെ അവരുടെ സാന്നിധ്യം തന്നെയാണ് അതിന്റെ ആദ്യകാരണം.

Next Story

RELATED STORIES

Share it