Sub Lead

ആവിക്കല്‍ മാലിന്യ പ്ലാന്റ്; ജനസഭയെച്ചൊല്ലി ഇന്നും സംഘര്‍ഷം, നാട്ടുകാര്‍ തീരദേശപാത ഉപരോധിച്ചു

തീരദേശപാത ഉപരോധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. തടികളും കല്ലും മണ്ണും കൊണ്ട് വന്ന് റോഡ് തടസ്സപ്പെടുത്തിയാണ് ഉപരോധം സംഘടിപ്പിച്ചത്.

ആവിക്കല്‍ മാലിന്യ പ്ലാന്റ്;  ജനസഭയെച്ചൊല്ലി ഇന്നും സംഘര്‍ഷം, നാട്ടുകാര്‍ തീരദേശപാത ഉപരോധിച്ചു
X

കോഴിക്കോട്: കോഴിക്കോട് ആവിക്കലില്‍ സിപിഎം സംഘടിപ്പിച്ച ജനസഭയെച്ചൊല്ലി ഇന്നും സംഘര്‍ഷം. വെള്ളയിലെ ജനസഭയിലും ആവിക്കല്‍ മാലിന്യ പ്ലാന്റിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.

തീരദേശപാത ഉപരോധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. തടികളും കല്ലും മണ്ണും കൊണ്ട് വന്ന് റോഡ് തടസ്സപ്പെടുത്തിയാണ് ഉപരോധം സംഘടിപ്പിച്ചത്. സ്ഥലത്ത് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. തീരദേശപാത ഉപരോധിച്ച മത്സ്യതൊഴിലാളികളും പോലിസുമായി സംഘര്‍ഷമുണ്ടായി. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സ്ഥലത്ത് വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്.

നിര്‍ദ്ദിഷ്ട മലിനജല സംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധം ശമിപ്പിക്കാനായി സിപിഎം ജനപ്രതിനിധികളും സാംസ്‌കാരിക സംഘടനകളും ചേര്‍ന്നാണ് ആവിക്കലില്‍ ജനസഭകള്‍ സംഘടിപ്പിക്കുന്നത്. ടോക്കണ്‍ നല്‍കി തിരഞ്ഞെടുത്ത ആളുകളെ മാത്രമാണ് ജനസഭയില്‍ പങ്കെടുപ്പിക്കുന്നത്. എന്നാല്‍ യോഗത്തില്‍, തങ്ങള്‍ക്കും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും ഇന്നുമെത്തി. ജനസഭ നടന്ന വെള്ളയില്‍ ഫിഷറീസ് സ്‌കൂളിന് മുന്നിലെത്തിയ പ്രതിഷേധക്കാര്‍ പോലിസുമായി വാക്കേറ്റത്തിലായി. പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്.

മത്സ്യതൊഴിലാളികളും സമരസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് തീരദേശപാത പൂര്‍ണ്ണമായി സ്തംഭിപ്പിച്ചു. യാത്രക്കാര്‍ വലഞ്ഞു. ഇതിനിടെ, റോഡിലെ തടസങ്ങള്‍ നീക്കാന്‍ ശ്രമിച്ച പോലിസുകാര്‍ക്ക് നേരെ നാട്ടുകാര്‍ തിരിഞ്ഞു. സംഘര്‍ഷത്തില്‍ പോലിസുകാര്‍ക്കും സമരസമിതി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സമരസമിതിക്ക് കോണ്‍ഗ്രസ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് തന്നെ ആവിക്കലില്‍ നേരിട്ട് എത്തി സമരം ഏറ്റെടുക്കും.

Next Story

RELATED STORIES

Share it